ടി-20 ലോകകപ്പിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ വിജയം.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146ല്‍ പോരാട്ടം അവസാനിപ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ മത്സരത്തില്‍ 1-0ന് ലീഡ് സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചു.
യുവതാരം സയീം അയ്യൂബിന്റെയും ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെയും ഇന്നിങ്‌സുകളാണ് പാകിസ്ഥാന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. സയീം അയ്യൂബ് 22 പന്തില്‍ 40 റണ്‍സും ആഘാ സല്‍മാന്‍ 27 പന്തില്‍ 39 റണ്‍സും നേടി.
20 പന്തില്‍ 24 റണ്‍സ് നേടിയ ബാബര്‍ അസമാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍. ടി-20 ഫോര്‍മാറ്റില്‍ സമീപകാലങ്ങളില്‍ ഫോം കണ്ടെത്താന്‍ സാധിക്കാതെ പോകുന്ന ബാബറിന്റെ കഷ്ടകാലം അടിവരയിടുന്നതുകൂടിയായിരുന്നു ഈ പ്രകടനം.
ബാബർ അസം ബിഗ് ബാഷ് ലീഗില്‍. Photo: BBL
അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ സ്‌ട്രൈക് റേറ്റ് ഉയര്‍ത്താനോ സാധിക്കാത്ത ബാബര്‍ അസമാണ് ടി-20യിലെ പ്രധാന കാഴ്ച. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 120.00 ആയിരുന്നു ബാബറിന്റെ പ്രഹരശേഷി.
ഇതോടെ ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ 120.00ഓ അതില്‍ താഴെയോ സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്ന ബാറ്റര്‍മാരുടെ അനാവശ്യ റെക്കോഡില്‍ ഒന്നാം സ്ഥാനത്തെ സ്വന്തം റെക്കോഡ് തിരുത്തിയാണ് ബാബര്‍ തലകുനിച്ചുനില്‍ക്കുന്നത്.
ബാബർ അസം
ഇത് 30ാം തവണയാണ് ബാബര്‍ അന്താരാഷ്ട്ര ടി-20യില്‍ 120.0ല്‍ താഴെ സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്നത്.
120.00ഓ അതില്‍ താഴെയോ സ്‌ട്രൈക് റേറ്റില്‍ ഏറ്റവുമധികം ടി-20ഐ ഇന്നിങ്‌സുകള്‍
(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
ബാബര്‍ അസം – പാകിസ്ഥാന്‍ – 30*
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 26
മഹ്‌മദുള്ള – ബംഗ്ലാദേശ് – 24
മുഹമമ്ദ് ഹഫീസ് – പാകിസ്ഥാന്‍ – 21
മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 20
അസ്ഗര്‍ അഫ്ഗാന്‍ – അഫ്ഗാനിസ്ഥാന്‍ – 19
(ചുരുങ്ങിയത് 20 പന്തുകള്‍)
2026 ടി-20 ലോകകപ്പ് സ്‌ക്വാഡിലും ബാബര്‍ അസം അംഗമാണ്. ഇതേ പ്രകടനമാണ് ലോകകപ്പിലും ബാബര്‍ പുറത്തെടുക്കുന്നതെങ്കില്‍ അത് പാകിസ്ഥാനും തിരിച്ചടിയാകും.
ഇന്നാണ് പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം തന്നെയാണ് വേദി.
Content highlight: Babar Azam’s poor performance in T20 format continues