ഒ.ഡി.ഐയില്‍ ബാബര്‍ ഒന്നാം സ്ഥാനത്ത്; ഗില്‍ രണ്ടാമന്‍
Sports News
ഒ.ഡി.ഐയില്‍ ബാബര്‍ ഒന്നാം സ്ഥാനത്ത്; ഗില്‍ രണ്ടാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th December 2023, 4:16 pm

ഐ.സി.സിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ബാബര്‍ അസം ശുഭ്മന്‍ ഗില്ലിനെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്ത് വീണ്ടും തന്റെ ബാറ്റിങ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ബാറ്റിങ് റേറ്റിങ്ങില്‍ 824 പോയിന്റാണ് പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ സ്വന്തമായിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ സ്റ്റാര്‍ യങ് ബാറ്റര്‍ ഗില്ലിന് 810 പോയിന്റാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

117 ഏകദിന മത്സരങ്ങളില്‍ നിന്നും 5729 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്. കൂടാതെ അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് നേടുന്ന താരവും ബാബറാണ്. 97 മത്സരങ്ങളില്‍ നിന്നുമാണ് ബാബര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 2023 ഏകദിന ലോകകപ്പിന് ശേഷം ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് താരം ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ഉണ്ടായിരുന്നു.

എന്നാല്‍ ഗില്‍ ഏകദിനത്തില്‍ 44 മത്സരങ്ങളില്‍ നിന്ന് 2271 റണ്‍സാണ് സ്വന്തമാത്തിയത്. കൂടാതെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന താരം എന്ന ബഹുമതിയും ഗില്ലിനുണ്ട്. 38 മത്സരത്തില്‍നിന്നാണ് താരം റെക്കോഡ് നേട്ടത്തിലെത്തിയത്.

റാങ്കിങ്ങില്‍ ഇന്ത്യന്‍ പടയോട്ടം ഗില്ലില്‍ അവസാനിച്ചിട്ടില്ല. രണ്ടാം സ്ഥാനത്ത് 775 പോയിന്റോടെ വിരാട് കോഹ്‌ലിയും 754 പോയിന്റോടെ മൂന്നാം സ്ഥാനത്ത് രോഹിത്ത് ശര്‍മയും ഉണ്ട്.

നിലവില്‍ ബൗളിങ്ങില്‍ സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജ് 715 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്ത് ഓസീസിന്റെ ജോഷ് ഹേസല്‍ വുഡ് 703 പോയിന്റും സ്ഥാനമുറപ്പിച്ചു. ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് സിറാജ് 685 പോയിന്റ് നേടി മൂന്നാമതാണ്.

 

Content Highlight: Babar Azam is on the first position in the ODI batting rankings