| Sunday, 4th May 2025, 4:12 pm

ഇന്ന് അത്തരമൊരു സിനിമ ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ, ആ ധൈര്യം എം.ടി.ക്ക് ഉണ്ടായിരുന്നു: ബി.കെ ഹരിനാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1983 ലെ ഓലഞ്ഞാലികുരുവി, തീവണ്ടിയിലെ ജീവാംശമായി, ജോസഫ് എന്ന ചിത്രത്തിലെ കണ്ണെത്താ ദൂരം എന്നിങ്ങനെ ചുരുങ്ങിയ ഗാനങ്ങള്‍ക്കൊണ്ട് മലയാളികളേറ്റെടുത്ത ഗാനരചയിതാവാണ് ബി.കെ ഹരിനാരായണന്‍. ഇപ്പോള്‍ എം.ടി. വാസുദേവന്‍നായരുടെ നിര്‍മ്മാല്യം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

എം.ടിയുടെ നിര്‍മ്മാല്യം ഇന്നും ഏറെ പ്രസക്തമായ സിനിമയാണെന്നും ഇന്നത്തെ കാലത്ത് അത്തരത്തിലൊരു സിനിമ ഉണ്ടാകുമോ എന്നത് സംശയമാണെന്നും ബി.കെ ഹരിനാരായണന്‍ പറയുന്നു. ഇന്നത്തെ കാലത്ത് അത്തരത്തില്‍ ഒരു സിനിമ ചെയ്യാന്‍ ആരും ധൈര്യപ്പെടില്ലെയന്നും പക്ഷേ അന്ന് ഈ സിനിമ ചെയ്യാനുള്ള ധൈര്യം അദ്ദേഹം കാണിച്ചുവെന്നും ഹരിനാരായണന്‍ പറയുന്നു.

ബി.കെ. ഹരിനാരായണന്‍

ഒരു എഴുത്തുകാരന് ഒരുപാട് സംസാരിക്കുകയും പറയുകയും അല്ല വേണ്ടത്, ആത്യന്തികമായി വേണ്ടത് ധൈര്യമാണന്നെും ഹരിനാരയണന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വി യില്‍ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മ്മാല്യം പോലെയൊരു സിനിമ അത് ഇന്നും പ്രസക്തമാണ്. പക്ഷേ ഇന്ന് അങ്ങനെയൊരു സിനിമയോ, കഥയുടെ ഒരു കണ്‍സ്ട്രക്ഷനോ ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. ഇന്ന് അങ്ങനെ ഒരു സിനിമ വന്നാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും എന്ന് നമ്മള്‍ക്ക് ആലോചിക്കാവുന്നതേ ഉള്ളൂ. ഇന്നത്തെ ഒരു സ്ഥിതിയില്‍ നിര്‍മ്മാല്യം പോലെയൊരു സിനിമ ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ. ആ കാലത്ത് എം.ടി. അത്തരമൊരു സിനിമ ചെയ്യാന്‍ ഉള്ള ധൈര്യം കാണിക്കുകയാണ്.

എഴുത്തുക്കാരന്റെ ഒരു ധൈര്യമാണ് ഇതിനൊക്കെ വേണ്ടത്. അവിടെ നമ്മള്‍ ഒരുപാട് സംസാരിക്കുക എപ്പോ എന്നുള്ളതല്ല, പറയുന്ന സമയത്ത് അത് കൂര്‍പ്പിച്ച് ഒന്നോ രണ്ടോ വാചകത്തില്‍ പറയാനുള്ള ധൈര്യം കാണിക്കുക എന്നുള്ളതാണ് പ്രധാനം. അവിടെയാണ് ഒരു എഴുത്തുക്കാരന്റെ ബോള്‍ഡ്‌നെസ്,’ ബി.കെ. ഹരിനാരായണന്‍ പറയുന്നു.

എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1973 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നിര്‍മ്മാല്യം. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിന് നിരവധി ദേശീയ, സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിരുന്നു.

Content Highlight:  B.K. Harinarayanan Talking about M.T. Vasudevan Nair’s film Nirmalayam

We use cookies to give you the best possible experience. Learn more