തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാലും ശോഭനയും പ്രധാനകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് തുടരും. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ച ചിത്രം തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതൊട്ടും തെറ്റിക്കാതെ സിനിമ തിയേറ്ററില്‍ ഇറങ്ങിയപ്പോള്‍ സൂപ്പര്‍ഹിറ്റായി മാറി. ചിത്രത്തിലെ പാട്ടുകളും അതുപോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടുകള്‍ക്ക് വേണ്ടി വരികളെഴുതിയത് ബി. കെ. ഹരിനാരായണന്‍ ആണ്. ഇപ്പോള്‍ ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘തുടരും എന്ന സിനിമക്ക് വേണ്ടി രണ്ടു പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറിന് വേണ്ടി കുറച്ചു വരികളും എഴുതിയിട്ടുണ്ട്. എം. ജി.ശ്രീകുമാര്‍ സാര്‍ പാടിയ ‘കണ്‍മണി പൂവേ’ എന്ന പാട്ടും ഹരിഹരനും ഗോകുല്‍ ഗോപകുമാറും ചേര്‍ന്നു പാടിയ ‘മിഴിയോരം നനയുകയോ’ എന്നീ പാട്ടും.
തരുണ്‍ വിളിച്ച് കഥാസംഗ്രഹവും പാട്ടും എഴുതേണ്ട സന്ദര്‍ഭവും വിവരിച്ചശേഷം രഞ്ജിത്തേട്ടനും വിളിച്ചു. നാല് വ്യത്യസ്ത പല്ലവികളാണ് ഞാനെഴുതിയത്. അത് ജെയ്ക്‌സിനും അയച്ചുകൊടുത്തു. അത് കേട്ടശേഷം നമുക്കൊന്നു നേരിട്ടിരിക്കാമെന്ന് ജെയ്ക് പറഞ്ഞു.
ബി.കെ. ഹരിനാരായണന്‍
സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ പാട്ടിനുവേണ്ടി ഷൂട്ട് ചെയ്ത സീനുകള്‍ ജെയ്ക് കാണിച്ചുതന്നു. അതു കണ്ടശേഷം നാല് പല്ലവികളില്‍നിന്ന് ഒരെണ്ണം തെരഞ്ഞെടുത്ത് ചില തിരുത്തലുകളും വരുത്തിക്കൊടുത്തു. ജെയ്കിനത് ഇഷ്ടമായി, ഷൂട്ടിങ് നടക്കുന്നതിനിടയില്‍ തരുണും തിരക്കഥാകൃത്ത് കെ.ആര്‍.സുനിലും വിഡിയോ കോളില്‍ വന്നു. അവര്‍ക്കും വരികള്‍ ഇഷ്ടമായി.
എങ്കിലും തുടക്കം മാറ്റണോയെന്ന സംശയമുണ്ടായി. ആദ്യ വരികളായി ഉപയോഗിക്കാന്‍ പറ്റുന്ന കുറച്ചു വരികളും എഴുതിക്കൊടുത്തു. അതില്‍നിന്നാണ് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ‘കണ്‍മണിപ്പൂവേ’എന്ന പല്ലവി ഉണ്ടായത്. അതിനുശേഷം അനുപല്ലവിയും എഴുതി.
അനുപല്ലവിയുടെ അവസാന വരിയായിരുന്നു ‘എന്തൊരു ചേലാണ് നെഞ്ചില് നേരാണ്’ എന്നത്. ഇത് പല്ലവിയുടെ തുടക്കത്തില്‍ ഉപയോഗിക്കാമോയെന്ന് രഞ്ജിത്തേട്ടന്‍ ചോദിച്ചു. രഞ്ജിത്തേട്ടന്റെ ആ നിര്‍ദേശം വളരെ മികച്ചതാണെന്ന് എനിക്കും തോന്നി. പിന്നീട് രഞ്ജിത്തേട്ടന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിയിക്കപ്പെടുകയും ചെയ്തു,’ ബി. കെ. ഹരിനാരായണന്‍ പറയുന്നു
Content Highlight: B.K Harinarayan Talking about Thudarum Movie Songs