ജഗതിയെ നടുറോഡിൽ ഇറക്കിവിട്ട് ക്യാമറ ഒളിപ്പിച്ചുവെച്ച് ഷൂട്ട് ചെയ്തു: മൂക്കില്ലാരാജ്യത്തിന്റെ ഓർമകൾ പങ്കുവെച്ച് ബി. ജയചന്ദ്രൻ
മലയാളികളെ ചിരിപ്പിച്ച എക്കാലത്തെയും മികച്ച കോമഡി ക്ലാസിക്കുകളിൽ ഒന്നാണ് അശോകൻ-താഹ കൂട്ടുകെട്ടിൽ 1991-ൽ പുറത്തിറങ്ങിയ ‘മൂക്കില്ലാരാജ്യത്ത്’. മാനസികാശുപത്രിയിൽ നിന്ന് ചാടിപ്പോകുന്ന നാല് പേരുടെ കഥ പറഞ്ഞ ചിത്രത്തിൽ കേശു, ബെന്നി, കൃഷ്ണൻകുട്ടി, വേണു എന്നീ കഥാപാത്രങ്ങളായി തിലകൻ, മുകേഷ്, ജഗതി ശ്രീകുമാർ, സിദ്ദിഖ് എന്നിവർ തകർത്തഭിനയിച്ചിരുന്നു. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ആ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്തായ ബി. ജയചന്ദ്രൻ. നാരേറ്റീവ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂക്കില്ലാരാജ്യത്ത്.photo.PINKLUNGI
‘തൊണ്ണൂറുകൾ എന്ന് പറയുന്നത് കോമഡി സിനിമകൾ തിയേറ്ററുകളിൽ തകർപ്പനായി ഓടിയിരുന്ന ഒരു കാലഘട്ടമായിരുന്നു. അഭ്യസ്തവിദ്യരായ, തൊഴിൽരഹിതരായ ചെറുപ്പക്കാരും അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുമൊക്കെയായിരുന്നു അന്നത്തെ മിക്ക സിനിമകളുടെയും സ്ഥിരം ഫോർമുല. അങ്ങനെയുള്ള സ്ഥിരം ചിന്തകളിൽ നിന്നും മാറി തികച്ചും വ്യത്യസ്തമായ ഒന്നാലോചിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. ഒരു പുതുമ കണ്ടെത്തുക എന്ന രീതിയിൽ ചിന്തിച്ചപ്പോഴാണ്, മനസ്സിന്റെ താളംതെറ്റിയ ചില ചെറുപ്പക്കാരുടെ ജീവിത പരിസരം പശ്ചാത്തലമാക്കിയാലോ എന്ന് ആലോചിക്കുന്നത്. അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് ഒരു ഭ്രാന്താശുപത്രിയുടെ ബാക്ക്ഗ്രൗണ്ട് വരുന്നത്. എന്നാൽ കഥാപാത്രങ്ങളെ അവിടെത്തന്നെ തളച്ചിടാതെ, നമ്മുടെ സാധാരണ സാമൂഹിക ജീവിതത്തിലേക്ക് അവരെ ഇറക്കിവിട്ടപ്പോൾ ഹ്യൂമറിനുള്ള ഒരുപാട് സാധ്യതകൾ അതിൽ തുറന്നു കിട്ടി.
ചാർലി ചാപ്ലിൻ ആയിരുന്നു ഈ സിനിമയ്ക്ക് വേണ്ടി എടുത്ത പ്രധാന റഫറൻസ്. അദ്ദേഹത്തിന്റെ ‘മോഡേൺ ടൈംസ്’ , ‘ദി ഗ്രേറ്റ് ഡിക്ടേറ്റർ’ തുടങ്ങിയ ഒരുപാട് സിനിമകൾ ഇതിനായി സ്വാധീനിച്ചിട്ടുണ്ട്. ‘മൂക്കില്ലാരാജ്യത്ത്’ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അതിൽ ഒട്ടനവധി ചാർലി ചാപ്ലിൻ റെഫറൻസുകൾ കാണാൻ സാധിക്കും.പുതിയ തലമുറയിലുള്ളവർ ഈ സിനിമയെക്കുറിച്ച് ട്രോളുകൾ ഉണ്ടാക്കുന്നതും, അതിലെ രംഗങ്ങൾ ഇന്നും ഉപയോഗിക്കുന്നതുമൊക്കെ കാണുമ്പോൾ വലിയ സന്തോഷമുണ്ട്. റിലീസ് ചെയ്ത് മുപ്പത്തിയഞ്ചോളം വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമ ഇന്നും പ്രേക്ഷകർക്കിടയിൽ ‘ലൈവ്’ ആയി നിൽക്കുന്നു എന്ന് പറയുന്നത് ചെറിയ കാര്യമല്ല.
സിനിമയിൽ ഇവർ ഭ്രാന്താശുപത്രിയിൽ നിന്നും ചാടി സിറ്റിയിൽ എത്തുമ്പോൾ കൂട്ടത്തിലൊരാളെ കാണാതാവുന്നതും, തുടർന്ന് അയാളെ തിരഞ്ഞു നടക്കുന്നതുമായ ഭാഗങ്ങളുണ്ട്. അതിൽ ജഗതി ശ്രീകുമാർ അന്വേഷിച്ചു പോകുന്ന ചില രംഗങ്ങൾ ക്യാമറ ഒളിപ്പിച്ചു വെച്ചാണ് ഷൂട്ട് ചെയ്തത്. പുള്ളിയെ ഒരു ഓട്ടോയിൽ കയറ്റി കൊണ്ടുപോയി നടുറോഡിൽ ഇറക്കിവിട്ടിട്ട് വെറുതെ നടന്നു വരാൻ പറയുകയായിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന യഥാർത്ഥ ട്രാഫിക് പോലീസ് റോഡിലൂടെ വിചിത്രമായി നടന്നുപോകുന്ന ജഗതിച്ചേട്ടനെ പിടിച്ചിട്ടൊക്കെ ഉണ്ടായിരുന്നു.
അതുപോലെ തിലകൻ ചേട്ടൻ ‘വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കണം’ എന്നൊക്കെ പറഞ്ഞു നടത്തുന്ന ആ പ്രസംഗ രംഗം, ഞാൻ എഴുതിക്കൊടുത്ത സ്ക്രിപ്റ്റിൽ നിന്നും ഒരക്ഷരം പോലും മാറ്റാതെയാണ് അദ്ദേഹം അത്രയും മനോഹരമായി അവതരിപ്പിച്ചത്. ‘പെരുന്തച്ചൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് തിലകൻ ചേട്ടൻ ഈ സിനിമയുടെ ഷൂട്ടിംഗിനായി വരുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ ഈ കഥാപാത്രത്തിന് ഒരു വിഗ് വെക്കാമെന്നായിരുന്നു കരുതിയത്. എന്നാൽ മാനസികനില തെറ്റിയ ഒരാൾ മുടിയൊന്നും വെട്ടിയൊതുക്കി നടക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ‘എന്റെ മുടിയുടെ പകുതി ഭാഗം പെരുന്തച്ചൻ കൊണ്ടുപോയി, ബാക്കി മുടി ഈ സിനിമയ്ക്ക് വേണ്ടി തരാം’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഈ ചിത്രത്തിനായി തല മൊട്ടയടിക്കുകയാണുണ്ടായത്. സാധാരണ ഗതിയിൽ അതീവ ഗൗരവമുള്ള സീരിയസ് റോളുകൾ മാത്രം ചെയ്തിരുന്ന തിലകൻ ചേട്ടന്റെ കരിയറിലെ ഏറ്റവും മികച്ചൊരു ഹാസ്യ കഥാപാത്രത്തെയാണ് പ്രേക്ഷകർ ഈ സിനിമയിലൂടെ കണ്ടത്.
കൂടാതെ ഈ സിനിമയിൽ തന്നെ അന്നത്തെ കാലത്തെ മറ്റ് രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ റെഫറൻസുകൾ ഉൾപ്പെടുത്തിയിരുന്നു. ‘ഇന്നലെ’ എന്ന സിനിമയുടെ റെഫറൻസും, അതുപോലെ മുകേഷ് മരത്തിന് മുകളിൽ കയറി ഇരിക്കുന്ന ഒരു സീൻ അന്നത്തെ ഹിറ്റ് ചിത്രമായിരുന്ന ‘അയ്യർ ദി ഗ്രേറ്റ്’ എന്ന സിനിമയിലെ രംഗത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
അന്ന് ഈ സിനിമ തീയേറ്ററുകളിൽ വലിയ ഹിറ്റാവുകയും പ്രൊഡ്യൂസർക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സങ്കടകരമായ ഒരു കാര്യമുണ്ട്; ആ സിനിമയിൽ അഭിനയിച്ച പ്രഗത്ഭരായ ഒൻപതോളം താരങ്ങൾ ഇന്ന് നമ്മോടൊപ്പമില്ല. കൂടാതെ ജഗതിച്ചേട്ടന് സംഭവിച്ച അപകടവും വലിയൊരു നഷ്ടമാണ്. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് നമ്മൾ പലപ്പോഴും ആലോചിച്ചിരുന്നതാണ്. പക്ഷെ ആലോചിച്ചു നോക്കുമ്പോൾ അന്ന് കൂടെയുണ്ടായിരുന്ന പ്രഗത്ഭരായ ഒരുപാട് അഭിനേതാക്കൾ ഇന്നില്ല, അവർക്ക് പകരം വെക്കാൻ വേറെ ആരുമില്ല താനും. അതുകൊണ്ട് തന്നെ അങ്ങനെയൊരു സാഹചര്യത്തിൽ ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം എടുത്തിട്ട് യാതൊരു കാര്യവുമില്ല,’ ബി. ജയചന്ദ്രൻ പറഞ്ഞു.

മൂക്കില്ലാരാജ്യത്ത്.photo.screen Grab/youtube
Content Highlight:B. Jayachandran recalls the making of Mookkilla Rajyathu and the real incidents behind its memorable scenes