ഹോങ്‌കോങ്ങിനെ അടിച്ച് പറത്തി ഇവന്‍ നേടിയത് കരിയറിലെ ആദ്യ മൈല്‍ സ്റ്റോണ്‍!
Sports News
ഹോങ്‌കോങ്ങിനെ അടിച്ച് പറത്തി ഇവന്‍ നേടിയത് കരിയറിലെ ആദ്യ മൈല്‍ സ്റ്റോണ്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th September 2025, 10:44 pm

ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ് കോങ്ങും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഷൈഖ് സയിദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ ബാറ്റിങ് അവസാനിച്ച അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. അത്ര ചെറുതല്ലാത്തൊരു വിജയലക്ഷ്യമാണ് ഹോങ്‌കോങ്ങിന് മുന്നില്‍ അഫ്ഗാന്‍ നീട്ടിയത്.

മത്സരത്തില്‍ അഫ്ഗാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സെദ്ദിഖുള്ള അടലും അസ്മത്തുള്ള ഒമര്‍സായിയുമാണ്. ഇരുവരുടേയും വെടിക്കെട്ടിലാണ് ഹോങ് കോങ്ങിന്റെ വെല്ലുവിളി അഫ്ഗാനിസ്ഥാന്‍ മറികടന്നത്. ഇരുവര്‍ക്കും ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ താരത്തിന് സാധിച്ചു. അടല്‍ 52 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 73 റണ്‍സാണ് സ്വന്തമാക്കിയത്.140.38 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഒമര്‍സായി 21 പന്തില്‍ നിന്ന് അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 53 റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്. നേരിട്ട 20ാം പന്തിലായിരുന്നു താരം ഫിഫ്റ്റി നേടിയത്. ഇതോടെ ടി-20 ക്രിക്കറ്റില്‍ ഒരു മിന്നും നാഴികക്കല്ല് നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഫോര്‍മാറ്റില്‍ ആദ്യമായാണ് താരം അര്‍ധ സെഞ്ച്വറി നേടുന്നത്. മാത്രമല്ല അഫ്ഗാനിസ്ഥാനാ വേണ്ടി ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണ് താരം നേടിയതും. ടി-20യില്‍ 53 മത്സരങ്ങളില്‍ നിന്ന് 565 റണ്‍സാണ് താരം ഇതുവരെ നേടിയത്. 117.46 സ്‌ട്രൈക്ക് റേറ്റും 15327 ആവറേജുമാണ് താരത്തിനുള്ളത്.

സീസണിലെ കന്നിമത്സരത്തില്‍ ബൗളിങ്ങിനെത്തിയ ഹോങ് കോങ്ങിന് പ്രതീക്ഷ പോലെ മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാനെതിരെ ഹോങ് കോങ് വെല്ലുവിളി ഉയര്‍ത്തിയത്.

ടീം സ്‌കോര്‍ 25ല്‍ നില്‍ക്കവെയാണ് അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ എട്ട് റണ്‍സിന് പുറത്താക്കിയാണ് ഹോങ് കോങ്ങിന്റെ ആയുഷ് ശുക്ല തുടങ്ങിയത്. പിന്നീട് ഇറങ്ങിയ സൂപ്പര്‍ താരം ഇബ്രാഹിം സദ്രാനെ അതീഖ് ഇഖ്ബാലിന്റെ കൈകൊണ്ടും വീഴ്ത്തി. ഒരു റണ്‍സിനാണ് താരം മടങ്ങിയത്. ടോപ്പ് ഓര്‍ഡര്‍ താങ്ങി നിര്‍ത്താന്‍ മുഹമ്മദ് നബി 26 പന്തില്‍ 33 റണ്‍സ് നേടിയാണ് മടങ്ങിയത്. തുടര്‍ന്ന് ഗുല്‍ബാദിന്‍ നായിബിന് അഞ്ച് റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.

ഹോങ് കോങ്ങിനായി കിഞ്ചിത് ഷായും ആയുഷ് ശുക്ലയുമാണ് മികച്ച ബൗളിങ് കാഴ്ചവെച്ചത്. ഇരുവരും രണ്ട് വിക്കറ്റുകളാണ് നേടിയത്. ശേഷിച്ച വിക്കറ്റുകള്‍ നേടിയത് ആത്തിഖ് ഇഖ്ബാലും ഇഹ്‌സാന്‍ ഖാനുമാണ്.

ഹോങ് കോങ് പ്ലെയിങ് ഇലവന്‍

സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), ബാബര്‍ ഹയാത്ത്, അന്‍ഷുമാന്‍ റാത്ത്, കല്‍ഹാന്‍ ചല്ലു, നിസാക്കത്ത് ഖാന്‍, ഐസാസ് ഖാന്‍, കിഞ്ചിത് ഷാ, യാസിം മുര്‍താസ (ക്യാപ്റ്റന്‍), ആയുഷ് ശുക്ല, അതീഖ് ഇഖ്ബാല്‍, ഇഹ്‌സാന്‍ ഖാന്‍

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, എ.എം. ഗസന്‍ഫര്‍, ഫസല്‍ഹഖ് ഫറൂഖി

Content Highlight: Azmatullah Omarzai In Great Achievement In Asia Cup