| Monday, 16th June 2025, 12:19 pm

ആ സിനിമയില്‍ എന്റേത് തല്ലിപൊളി ക്യാമറ വര്‍ക്കാണെന്ന് അയാള്‍ വിളിച്ച് പറഞ്ഞു: ഛായാഗ്രാഹകന്‍ അഴഗപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1997ല്‍ സമ്മാനം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച്, മലയാളത്തിലെ നിരവധി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അഴഗപ്പന്‍ എന്‍. പിന്നീട് 1999ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സൂത്രധാരന്‍, നന്ദനം, തിളക്കം, മിഴി രണ്ടിലും, ഗൗരീശങ്കരം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ, എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമായി. അതുവരെ കണ്ട് ശീലിച്ച സിനിമകളില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം ക്യാമറ ചലിപ്പിച്ച ചിത്രമായിരുന്നു ഛോട്ടാ മുംബൈ.

അളഗപ്പന്‍

ഇപ്പോള്‍ ഛോട്ടാ മുബൈയുടെ റിലീസിന് ശേഷം ഒരു അഭിമുഖത്തിനിടെയുണ്ടായ അനുഭവം പങ്കുവെക്കുകയാണ് അഴഗപ്പന്‍. അന്ന് പ്രൊമോഷന്‍ പരിപാടികളിലൊന്നും അഭിനേതാക്കള്‍ പങ്കെടുക്കാറില്ലായിരുന്നുവെന്നും അന്‍വര്‍ റഷീദ് ഇന്റര്‍വ്യൂസിനൊക്കെ തന്നെ പറഞ്ഞുവിടുകയായിരുന്നുവെന്നും അഴഗപ്പന്‍ പറയുന്നു. ഇന്ന് കാണുന്നത് പോലെ പ്രൊമോഷന്‍ പരിപാടികള്‍ അന്നില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റില്‍ ഒരു അഭിമുഖത്തിന് താന്‍ പോയിരുന്നുവെന്നും പ്രോഗ്രാം ലൈവായിരുന്നുവെന്നും അഴഗപ്പന്‍ പറഞ്ഞു. പല  ഫോണ്‍ കോളുകള്‍ വരികയും ഒരുപാട് പ്രശംസകള്‍ തനിക്ക് കിട്ടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ നിന്ന് ഒരാള്‍ തന്നെ വിളിച്ച് അദ്ദേഹം തന്റെ ആരാധകനാണെന്നും എന്നാല്‍ ഛോട്ടാമുബൈ പോലൊരു സിനിമയുടെ ഭാഗമായത് ഒട്ടും ശരിയായില്ലെന്ന് പറഞ്ഞുവെന്നും അഴഗപ്പന്‍ പറയുന്നു. സിനിമയില്‍ തന്റെ ക്യാമറ വര്‍ക്ക് വളരെ മോശമാണെന്ന് പറഞ്ഞുവെന്നും അപ്പോള്‍ താന്‍ ആകെ ഷോക്കായി പോയെന്നും അഴഗപ്പന്‍ കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വി.യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്‍വര്‍ റഷീദ് അഭിമുഖങ്ങളിലോ, പ്രൊമോഷന്‍ പരിപാടികളിലോ ഒന്നും വരാറില്ല. അന്ന് അഭിനേതാക്കളും ഇതിനൊന്നും വരാറില്ല. വരികയാണെങ്കില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍, ഡയറക്ടര്‍ ഇവര് മാത്രമേ സാധാരണ ഇന്റര്‍വ്യൂസിലൊക്കെ വരാറുള്ളു. മോഹന്‍ലാല്‍ വരില്ല, മമ്മൂക്ക വരില്ല ആരുമേ വരികയില്ല. ഇന്ന് എല്ലാവരും പ്രൊമോഷന്‍ ചെയ്യുന്നതുപോലെ അങ്ങനെ ഒരു ശീലമേ ഇല്ല. അപ്പോള്‍ എല്ലാ പ്രൊമോഷനും എന്നെ വിട്ടു.അങ്ങനെ ഏഷ്യാനെറ്റില്‍ ലൈവായിട്ട് ഒരു ഇന്റര്‍വ്യൂ പോയികൊണ്ടിരിക്കുകയാണ്. മോര്‍ണിങ് ഷോ, അളകനന്ദ ആയിരുന്നുവെന്ന് തോന്നുന്നു അവതാരിക.

അപ്പോള്‍ ഇന്റര്‍വ്യൂ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഏഴ് മണിയുടെ ലൈവാണ്. ആ സമയം ഒരോ കോള്‍ വരുന്നു. ചിലര്‍ പ്രശംസിക്കുന്നു, മറ്റ് ചിലര്‍ ചില സംശയങ്ങള്‍ ചോദിക്കുന്നു. ഞാന്‍ എനിക്ക് അറിയാവുന്നതൊക്കെ പറഞ്ഞു. ഇങ്ങനെ ഇരിക്കുമ്പോള്‍ ദുബായില്‍ നിന്ന് മുസാഫിര്‍ എന്നൊരാള്‍ വിളിച്ചു. അദ്ദേഹം എന്റെയടുത്ത് ഞാന്‍ നിങ്ങളുടെ ഡെഡ്‌ലി ഫാനാണ്, ആ സിനിമ കണ്ടു, ഈ സിനിമ കണ്ടു എന്നൊക്കെ പറഞ്ഞ് നല്ലോണം പ്രശംസിച്ചു.

അതുകഴിഞ്ഞ് എന്നോട് ‘ചേട്ടാ ഛോട്ടാമുംബൈ കണ്ടു, ഇങ്ങനെയൊരു തല്ലിപൊളി പടം ചേട്ടന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചില്ല. ഇത്ര വൃത്തിക്കെട്ട ക്യാമറവര്‍ക്ക് ചെയ്ത പടം ഞാന്‍ കണ്ടിട്ടില്ല, ഇനി അങ്ങനെയൊന്നും ചെയ്യരുത്’ എന്ന് പറഞ്ഞു. ഞാന്‍ ആകെ ഷോക്കായി പോയി, കാരണം ലൈവായിരുന്നു. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അയാള്‍ തുടര്‍ന്ന് പറഞ്ഞുകൊണ്ടേ  ഇരുന്നു. സോറി, ഇനി ഞാന്‍ അങ്ങനെയുള്ള സിനിമ ചെയ്യാതിരിക്കാന്‍ ശ്രമിക്കാം എന്നൊക്കെ പറഞ്ഞ് എസ്‌കേപ്പ് ചെയ്തു. പക്ഷേ എനിക്ക് അത് കഴിഞ്ഞിട്ട് ലൈവില്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അത്രക്ക് ഷോക്കായിപോയി,’ അഴഗപ്പന്‍ പറഞ്ഞു.

Content highlight: Azhagappan shares  his experience during an interview after the release of Chhota Mumbai.

We use cookies to give you the best possible experience. Learn more