ഹേബര്‍മാസ്: സംവാദത്തിന്റെ ശക്തി പഠിപ്പിച്ച തത്വചിന്തകന്‍
DISCOURSE
ഹേബര്‍മാസ്: സംവാദത്തിന്റെ ശക്തി പഠിപ്പിച്ച തത്വചിന്തകന്‍
അസീസ് തരുവണ
Monday, 16th March 2026, 6:40 pm
ഹേബര്‍മാസിന്റെ അഭിപ്രായത്തില്‍ ആധുനിക സമൂഹം ''പോസ്റ്റ്-സെക്യുലര്‍'' അവസ്ഥയിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. മതവും സെക്കുലര്‍ ചിന്തയും തമ്മിലുള്ള സംവാദം അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. മതപരമായ ആശയങ്ങള്‍ പൊതുചര്‍ച്ചകളില്‍ പങ്കാളികളാകാം; എന്നാല്‍ അവയെ പൊതുജനങ്ങള്‍ക്ക് ഗ്രഹിക്കാവുന്ന ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു | അസീസ് തരുവണ എഴുതുന്നു

ലോക പ്രസിദ്ധ ജര്‍മന്‍ തത്വചിന്തകനും സാമൂഹ്യശാസ്ത്രജ്ഞനും രാഷ്ട്രീയചിന്തകനുമായ ഹേബര്‍മാസ് വിടവാങ്ങി. ആധുനിക അക്കാദമിക ചിന്തകളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഫ്രാങ്ക്ഫര്‍ട് സ്‌കൂളിന്റെ രണ്ടാം തലമുറയിലെ പ്രമുഖ വക്താവായിരുന്നു അദ്ദേഹം.

ഉത്തരാധുനികതയുടെ മുഖ്യ പ്രയോക്താകളില്‍ ഒരാളായി രുന്ന ഹേബര്‍മാസിന്റെ സിദ്ധാന്തങ്ങള്‍ക്ക് കേരളത്തിലടക്കം ലോകമെമ്പാടും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രധാനമായും പൊതുമണ്ഡലത്തിന്റെ വികാസം, ജനാധിപത്യം, മാധ്യമം, ആധുനികതയുടെ പരിണാമം സംവാദാത്മകത തുടങ്ങിയവയെ ആഴത്തില്‍ സമീ പിച്ച ഹേബര്‍മാസിന്റെ ചിന്തകള്‍ ലോകത്താകെ സംസ്‌കാര പഠനത്തെയും ചിന്തകളെയും മാറ്റിമറിച്ചവയാണ്.

യർഗന്‍ ഹേബര്‍മാസ്. Photo: Wikipedia

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സാമൂഹിക-രാഷ്ട്രീയ ചിന്തയെ നിര്‍ണായകമായി സ്വാധീനിച്ച വ്യക്തിയാണ് ഹേബര്‍മാസ്. ആശയവിനിമയത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക യുക്തിബോധം, ജനാധിപത്യത്തിന്റെ നൈതിക അടിസ്ഥാനങ്ങള്‍, പൊതുസമൂഹത്തിലെ ചര്‍ച്ചാ സംസ്‌കാരം എന്നിവയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ആധുനിക രാഷ്ട്രീയ തത്വചിന്തയില്‍ നിര്‍ണായക സ്ഥാനമര്‍ഹിക്കുന്നവയാണ്.

അദ്ദേഹ ത്തിന്റെ ആശയങ്ങള്‍ തത്വചിന്ത, സമൂഹശാസ്ത്രം, രാഷ്ട്രമീമാംസ, മാധ്യമപഠനം, നിയമതത്വചിന്ത തുടങ്ങിയ നിരവധി മേഖലകളില്‍ വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

1929 ജൂണ്‍ 18-ന് ജര്‍മ്മനിയിലെ ഡ്യൂസല്‍ഡോര്‍ഫിലായിരുന്നു ഹേബര്‍മാസിന്റെ ജനനം. രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള ജര്‍മനിയിലെ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയെ വളരെയധികം സ്വാധീനിക്കുകയുണ്ടായി.

ജര്‍മന്‍ സാമൂഹ്യശാസ്ത്രവും വിമര്‍ശനാത്മക തത്വചിന്തയും വളര്‍ത്തിപ്പോറ്റിയ ഫ്രാങ്ക്ഫര്‍ട് സ്‌കൂള്‍ എന്ന ബൗദ്ധികപാരമ്പര്യവുമായി അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ആഴത്തില്‍ ബന്ധമുണ്ട്. ഈ പാരമ്പര്യത്തിലെ പ്രമുഖ ചിന്തകരായ മാക്‌സ് ഹോക്ക്ഹെയ്മര്‍, തിയോഡോര്‍ അഡോണോ, വാള്‍ട്ടര്‍ ബെഞ്ചമിന്‍ ഹെര്‍ബെര്‍ട്ട്, മാര്‍ക്യുസ് എന്നിവരുടെ സ്വാധീനം ഹേബര്‍മാസിന്റെ ആദ്യകാല ചിന്തയില്‍ പ്രകടമായി കാണാം.

മാക്‌സ് ഹോക്ക്ഹെയ്മര്‍, തിയോഡോര്‍ അഡോണോ എന്നിവർക്കൊപ്പം. Photo: Wikipedia

എന്നിരുന്നാലും, അവരില്‍ നിന്ന് വ്യത്യസ്തമായി, സമൂഹത്തിലെ ആശയവിനിമയത്തിന്റെയും പൊതുചര്‍ച്ചകളുടെയും ജനാധിപത്യ സാധ്യതകളെ അദ്ദേഹം കൂടുതല്‍ പ്രാധാന്യത്തോടെ പഠനവിധേയമാക്കി.

ഹേബര്‍മാസിന്റെ ആദ്യകാലത്തെ പ്രധാന കൃതികളിലൊന്നായ ‘The Structural Transformation of the Public Sphere‘ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ‘‘പബ്ലിക് സ്ഫിയര്‍” അഥവാ പൊതുമണ്ഡലം എന്ന ആശയം വിശദമായി അവതരിപ്പിച്ചു. ഈ ഗ്രന്ഥത്തില്‍ യൂറോപ്പിലെ ബുര്‍ഷ്വാസി സമൂഹം വളര്‍ന്ന കാലഘട്ടത്തില്‍ പൊതുസമൂഹം എങ്ങനെ രൂപപ്പെട്ടു എന്നും പിന്നീട് അത് എങ്ങനെ മാറ്റം നേരിട്ടു എന്നും അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.

ഹേബര്‍മാസ് പൊതു മണ്ഡലത്തെ ”സിവില്‍ സമൂഹത്തിന്റെ വിമര്‍ശനാത്മക ഇടം” എന്നു വിവര്‍ത്തനം ചെയ്തു. അവിടെയാണ് പൗരന്മാര്‍ അവരുടെ അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നത്. അദ്ദേഹം വ്യക്തമാക്കിയതുപോലെ: ‘In a well-functioning public sphere, private individuals come together to form a public body capable of critically reflecting on matters of common concern(Habermas, 1989, The Structural Transformation of the Public Sphere).

പൊതുമണ്ഡലം ഒരു നിര്‍ഭയമായ, സ്വതന്ത്രവും നിരന്തരവുമായ ചര്‍ച്ചാ പ്രക്രിയ എന്ന നിലയില്‍ സാമൂഹ്യ പരിസ്ഥിതിയില്‍ ഇടം നേടണം. എന്നാല്‍ ഹേബര്‍മാസ് നിര്‍ബന്ധിച്ചു പറഞ്ഞത്, സിവില്‍ സമൂഹം രാഷ്ട്രീയ-മാധ്യമങ്ങള്‍ ഉപയോഗിച്ച് ജനബോധത്തെ വളര്‍ത്താന്‍ മാത്രം ശ്രമിച്ചാല്‍ പോരാ; അത് വിമര്‍ശനാത്മകമായും, സമവായപരവുമായും പ്രവര്‍ത്തിക്കണം എന്നുകൂടിയാണ്.

ഇന്ത്യന്‍ പശ്ചാതലത്തില്‍, സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ ഹേബര്‍മാസിന്റെ പൊതുമണ്ഡല സിദ്ധാന്തം വളരെ പ്രസക്തമാണ്. ഇന്ത്യയില്‍, ജനാധിപത്യം ആരംഭമാക്കിയത് 1947-ല്‍ സ്വാതന്ത്ര്യത്തിനുശേഷം മാത്രമാണ്. എന്നാല്‍ ആധുനിക മാധ്യമവിപ്ലവവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഇന്ത്യയിലെ പൊതു ചര്‍ച്ചയെ അടിസ്ഥാനപരമായി മാറ്റിയിട്ടുണ്ട്.

പ്രിന്റഡ് മീഡിയ, ഇലക്ട്രോണിക് മീഡിയ, സോഷ്യല്‍ മീഡിയ എന്നിവ പൊതുമണ്ഡലത്തിനുള്ള പുതിയ വേദികളായി മാറിയിട്ടുണ്ട്. എന്നാല്‍, ആധുനിക ഇന്ത്യയിലെ പൊതുമണ്ഡലം പലപ്പോഴും വ്യക്തിപരമായ ഗൂഢലക്ഷ്യങ്ങള്‍, രാഷ്ട്രീയ പ്രചാരണങ്ങള്‍, സാമ്പത്തിക ആധിപത്യങ്ങള്‍ എന്നിവയുടെ പിടിയിലാണ്.

Continuous Reel Watching May Cause High Blood Pressure: Study

ഹേബര്‍മാസിന്റെ മുന്നറിയിപ്പ് അനുസ്മരിക്കുമ്പോള്‍, സ്വതന്ത്രമായ ചര്‍ച്ചാ വേദികള്‍ സൃഷ്ടിക്കുക അത്യാവശ്യമാണ്: ‘The public sphere is threatened when private interests and political power co-opt the channels of communication‘ (Habermas, 1989).

ഇന്ത്യയിലെ വാര്‍ത്താവിതരണ സ്ഥാപനങ്ങള്‍, ടി.വി ചാനലുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ പലപ്പോഴും വിവാദങ്ങള്‍, ഫേക്ക് ന്യൂസ്, ധ്രുവീകരണം എന്നിവയുടെ വിളനിലമാണ്.

എന്നാല്‍, പൊതുമണ്ഡലത്തിന്റെ സവിശേഷതകള്‍ നിലനിര്‍ത്താന്‍ പൗരന്മാര്‍ക്ക് ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യം, അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള അവസരം എന്നിവയ്ക്ക് വസ്തുനിഷ്ടമായ വിവരങ്ങള്‍ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യയില്‍ ഡിജിറ്റല്‍ മാധ്യങ്ങളുടെ വ്യാപനം, സ്മാര്‍ട്ട് ഫോണുകള്‍, സോഷ്യല്‍ മീഡിയയുടെ ഉപയോഗം എന്നിവ പൊതുമണ്ഡലത്തെ പുതിയ രൂപത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ട്വിറ്റര്‍-പ്രകാരമുള്ള പ്ലാറ്റ്‌ഫോമുകള്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഇവ പൗരന്മാര്‍ക്ക് സ്വതന്ത്രമായി സംവദിക്കാനും, രാഷ്ട്രീയ-സാമൂഹിക അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അവസരം നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഹേബര്‍മാസിന്റെ വിമര്‍ശനാത്മക ചിന്തയുടെ മാര്‍ഗരേഖ അനുസരിച്ചാല്‍, ഇത് ഒരു ”വാസ്തവ സജീവ പൊതുവേദി” ആകണമെങ്കില്‍:
1. വ്യക്തിപരമായ സ്വാധീനങ്ങള്‍ കുറയണം
2. സോഷ്യല്‍ മീഡിയയിലെ ഫേക്ക് ന്യൂസുകള്‍ നിയന്ത്രിക്കണം
3.വിശ്വാസമികവുള്ള വാര്‍ത്താവിതരണ മാര്‍ഗങ്ങള്‍ പൊതു ചര്‍ച്ചയുടെ അടിസ്ഥാനമാക്കണം.

ഹേബര്‍മാസിന്റെ പൊതുമണ്ഡലം സിദ്ധാന്തം ഇന്ത്യന്‍ ജനാധിപത്യത്തിന് തീര്‍ച്ചയായും കരുത്തുനല്‍കുന്നതാണ്. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളില്‍ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവയ്ക്ക് പ്രധാന സ്ഥാനം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പൊതുവിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുമ്പോഴാണ്, പൗരത്വം സജീവമായി ജീവിക്കുന്നത്.

ഹേബര്‍മാസിന്റെ അഭിപ്രായത്തില്‍, പൊതുസമൂഹം എന്നത് സര്‍ക്കാര്‍ അധികാരത്തിനും സ്വകാര്യജീവിതത്തിനും ഇടയില്‍ നിലകൊള്ളുന്ന ഒരു സംവാദമേഖലയാണ്. പൗരന്മാര്‍ പൊതുപ്രശ്‌നങ്ങളെക്കുറിച്ച് യുക്തിപൂര്‍വമായ ചര്‍ച്ചകള്‍ നടത്തുന്ന ഒരു സാമൂഹിക വേദിയാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ കഫേ ഹൗസുകള്‍, സാഹിത്യ ക്ലബ്ബുകള്‍, പത്രങ്ങള്‍ തുടങ്ങിയവ പൊതുസമൂഹത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു.

യർഗന്‍ ഹേബര്‍മാസ്. Photo: Wikimedia Commons

എന്നാല്‍ പിന്നീട് വിപണിയുടെയും മാധ്യമങ്ങളുടെയും ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് പൊതുസമൂഹത്തിന്റെ വിമര്‍ശനാത്മക സ്വഭാവം ക്ഷയിച്ചുവെന്ന് ഹേബര്‍മാസ് ചൂണ്ടിക്കാണിക്കുന്നു. ഈ പഠനം മാധ്യമപഠനത്തിലും രാഷ്ട്രീയശാസ്ത്രത്തിലും വലിയ സ്വാധീനം ചെലുത്തി.

ഹേബര്‍മാസിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്നാണ് ”ആശയവിനിമയ പ്രവര്‍ത്തനത്തിന്റെ സിദ്ധാന്തം(Theory of Communicative Action). The Theory of Communicative Action എന്ന മഹത്തായ ഗ്രന്ഥത്തിലൂടെയാണ് ഈ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചത്.

ഈ സിദ്ധാന്ത പ്രകാരം മനുഷ്യരുടെ സാമൂഹികജീവിതം വെറും താത്പര്യങ്ങളുടെയും അധികാരത്തിന്റെയും പോരാട്ടമല്ല. മറിച്ച് ആളുകള്‍ പരസ്പരം ആശയവിനിമയം നടത്തുകയും യുക്തിപൂര്‍വമായ ചര്‍ച്ചകളിലൂടെ ധാരണയിലേക്ക് എത്തുകയും ചെയ്യുന്നതാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം.

ഹേബര്‍മാസ് രണ്ട് തരത്തിലുള്ള യുക്തിബോധത്തെ വേര്‍തിരിക്കുന്നു:

1.ഉപകരണ യുക്തിബോധം (Instrumental rationality) അഥവാ ലക്ഷ്യസാധനത്തിനായി ഉപയോഗിക്കുന്ന യുക്തി.
2. ആശയവിനിമയ യുക്തിബോധം (Communicative rationality) അഥവാ പരസ്പര ധാരണയിലേക്കെത്താന്‍ ഉപയോഗിക്കുന്ന യുക്തി.

ആധുനിക സമൂഹത്തില്‍ ഉപകരണ യുക്തിബോധം വളരെയധികം പ്രബലമായതുകൊണ്ട് മനുഷ്യബന്ധങ്ങള്‍ യാന്ത്രികമാകുന്നുവെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതില്‍ ആശയവിനിമയ യുക്തിബോധത്തിന് നിര്‍ണായക സ്ഥാനമുണ്ടെന്ന് അദ്ദേഹം വാദിച്ചു.

The Theory of Communicative Action എന്ന കൃതിയില്‍ ഹേബര്‍മാസ് ”ലൈഫ് വേള്‍ഡ്” (Life World) എന്ന ആശയവും ”സിസ്റ്റം” (System) എന്ന ആശയവും അവതരിപ്പിച്ചു.

(ലൈഫ് വേള്‍ഡ് മനുഷ്യരുടെ ദൈനംദിന ജീവിതം, സംസ്‌കാരം, മൂല്യങ്ങള്‍, പരമ്പരാഗതങ്ങള്‍ എന്നിവ അടങ്ങിയ സാമൂഹിക പശ്ചാത്തലം.
സിസ്റ്റം സാമ്പത്തികവും ഭരണകൂടപരവുമായ ഘടനകള്‍)

ആധുനിക സമൂഹത്തില്‍ സാമ്പത്തികവും ഭരണകൂടപരവുമായ സംവിധാനങ്ങള്‍ ജീവിതലോകത്തെ ”കോളനൈസ്” ചെയ്യുകയാണെന്ന് ഹേബര്‍മാസ് മുന്നറിയിപ്പ് നല്‍കി. ഈ വിമര്‍ശനം ആധുനിക സാമൂഹികവിമര്‍ശനത്തില്‍ വലിയ സ്വാധീനം ചെലുത്തി.

ഹേബര്‍മാസിന്റെ മറ്റൊരു പ്രധാന സംഭാവനയാണ് ”ഡിസ്‌കോഴ്‌സ് എത്തിക്സ്” അഥവാ സംവാദ നൈതികത. ഇതിന്റെ അടിസ്ഥാന ആശയം എന്തെന്നാല്‍, ഒരു നൈതിക നിയമം ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് അത് ബാധിക്കുന്ന എല്ലാവരും യുക്തിപൂര്‍വമായ സംവാദത്തിലൂടെ അംഗീകരിക്കുന്നുവോ എന്നതിന്റെ അടിസ്ഥാനത്തിലാണ്.

ഈ ആശയം വികസിപ്പിക്കാന്‍ അദ്ദേഹത്തെ സ്വാധീനിച്ച തത്വചിന്തകരില്‍ പ്രധാനി ഇമ്മാനുവല്‍ കാന്റായിരുന്നു. കാന്റിന്റെ നൈതിക തത്വചിന്തയെ ആധുനിക സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ത്ത് പുതുക്കി അവതരിപ്പിക്കാന്‍ ഹേബര്‍മാസ് ശ്രമിച്ചു.

ഇമ്മാനുവല്‍ കാന്റ്‌

സംവാദ നൈതികത ജനാധിപത്യ രാഷ്ട്രീയത്തിന് ഒരു നൈതിക അടിത്തറ നല്‍കുന്നു. ജനാധിപത്യത്തില്‍ നിയമങ്ങളും നയങ്ങളും യുക്തി പൂര്‍വമായ പൊതുചര്‍ച്ചകളിലൂടെ രൂപപ്പെടേണ്ടതാണെന്ന് അദ്ദേഹം വാദിച്ചു.

ഹേബര്‍മാസിന്റെ ചിന്തയില്‍ നിന്നാണ് ‘‘ഡെലിബറേറ്റീവ് ഡെമോക്രസി” എന്ന ആശയം വികസിച്ചത്. ചര്‍ച്ചാധിഷ്ഠിത ജനാധിപത്യം എന്നത് വെറും തിരഞ്ഞെടുപ്പുകളിലൂടെയുള്ള ഭരണരീതിയല്ല. മറിച്ച് പൗരന്മാര്‍ സ്വതന്ത്രമായും സമത്വപരമായും പൊതുപ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു സംവിധാനമാണ്.

ഈ ആശയം ആധുനിക രാഷ്ട്രീയ തത്വചിന്തയില്‍ വലിയ സ്വാധീനം ചെലുത്തി. പല രാജ്യങ്ങളിലുമുള്ള ജനാധിപത്യപരിഷ്‌കാരങ്ങള്‍ക്കും പൗരപങ്കാളിത്ത പദ്ധതികള്‍ക്കും ഹേബര്‍മാസിന്റെ ചിന്ത പ്രചോദനമായി.

ആധുനിക സെക്കുലര്‍ സമൂഹത്തില്‍ മതത്തിന്റെ സ്ഥാനം എന്താകണം എന്ന ചോദ്യത്തിനു ഹേബര്‍മാസ് തന്റേതായ ഉത്തരങ്ങള്‍ അവതരിപ്പിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആധുനിക സമൂഹം ”പോസ്റ്റ്-സെക്യുലര്‍” അവസ്ഥയിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. മതവും സെക്കുലര്‍ ചിന്തയും തമ്മിലുള്ള സംവാദം അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. മതപരമായ ആശയങ്ങള്‍ പൊതുചര്‍ച്ചകളില്‍ പങ്കാളികളാകാം; എന്നാല്‍ അവയെ പൊതുജനങ്ങള്‍ക്ക് ഗ്രഹിക്കാവുന്ന ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹേബര്‍മാസ് യൂറോപ്യന്‍ യൂണിയനെക്കുറിച്ചും ആഗോള ജനാധിപത്യത്തെക്കുറിച്ചും വ്യാപകമായി എഴുതിയിട്ടുണ്ട്. ദേശീയ രാഷ്ട്രങ്ങളുടെ പരിമിതികളെ മറികടന്ന് അന്തര്‍ദേശീയ തലത്തില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂറോപ്പില്‍ ജനാധിപത്യ ഏകീകരണം കൂടുതല്‍ ആഴത്തില്‍ നടത്തണമെന്ന് അദ്ദേഹം വാദിച്ചു. ഈ ചര്‍ച്ചകള്‍ യൂറോപ്യന്‍ രാഷ്ട്രീയ ചിന്തയില്‍ വലിയ സ്വാധീനം ചെലുത്തി.

ഹേബര്‍മാസിന്റെ ചിന്തയെ നിരവധി തത്വചിന്തകര്‍ വിമര്‍ശിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് മൈക്കല്‍ ഫൂക്കോ അധികാരത്തിന്റെ ഘടനകളെ കൂടുതല്‍ ഗൗരവത്തോടെ വിശകലനം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു.

മൈക്കല്‍ ഫൂക്കോ. Photo: Wikipedia

അതു പോലെ ദെറിദ ഭാഷയും അര്‍ത്ഥവും സ്ഥിരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹേബര്‍മാസിന്റെ യുക്തിബോധ ആശയത്തെ ചോദ്യം ചെയ്തു. എങ്കിലും ഈ വിമര്‍ശനങ്ങള്‍ ഹേബര്‍മാസിന്റെ ചിന്തയെ കൂടുതല്‍ സമ്പന്നമാക്കി.

ഴാക്ക് ദെറിദ

ദി സ്ട്രെക്ച്ചറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ദി പബ്ലിക് സ്ഫിയര്‍, നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഇന്ററെസ്റ്റ്സ്, ദി തിയറി ഓഫ് കമ്മ്യൂണിക്കേറ്റീവ് ആക്ഷന്‍, ബിറ്റിബീന്‍ ഫാക്ട്‌സ് ആന്‍ഡ് നോംസ് എന്നിവയാണ് ഹേബര്‍മാസിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രധാന കൃതികള്‍.

ഈ ഗ്രന്ഥങ്ങള്‍ ആധുനിക തത്വചിന്തയിലെ ക്ലാസിക് കൃതികളായി കണക്കാക്കപ്പെടുന്നവയാണ്. ഹേബര്‍മാസ് ആധുനികകാലത്തെ ഏറ്റവും സ്വാധീനമുള്ള തത്വചിന്തകരില്‍ ഒരാളായി പരിഗണിക്കപ്പെടുന്നു.

വിമര്‍ശനാത്മക തത്വചിന്തയുടെ പാരമ്പര്യത്തെ പുതുക്കി വികസിപ്പിക്കുകയും ആധുനിക ജനാധിപത്യ ചിന്തയ്ക്ക് ശക്തമായ സൈദ്ധാന്തിക അടിത്തറ നല്‍കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

തത്വചിന്തയെ അക്കാദമിക് ലോകത്തിനുള്ളില്‍ മാത്രം ഒതുക്കാതെ പൊതുസമൂഹത്തിലെ ചര്‍ച്ചകളുമായി ബന്ധിപ്പിക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണ്. പൊതുചര്‍ച്ചകളിലൂടെ സമൂഹത്തെ കൂടുതല്‍ യുക്തിപൂര്‍വവും ജനാധിപത്യപരവുമായ ദിശയില്‍ നയിക്കാമെന്ന വിശ്വാസമാണ് അദ്ദേഹത്തിന്റെ ചിന്തയുടെ കേന്ദ്രീയ ആശയം.

ചുരുക്കത്തില്‍, ആധുനിക സമൂഹത്തിലെ ആശയവിനിമയത്തിന്റെയും ജനാധിപത്യത്തിന്റെയും നൈതിക അടിസ്ഥാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ ആഴത്തില്‍ സ്വാധീനിച്ച ചിന്തകനാണ് ഹേബര്‍മാസ്. പൊതുസമൂഹത്തിന്റെ ആശയം, ആശയവിനിമയ പ്രവര്‍ത്തനത്തിന്റെ സിദ്ധാന്തം, സംവാദ നൈതികത, ചര്‍ച്ചാധിഷ്ഠിത ജനാധിപത്യം എന്നിവയിലൂടെ അദ്ദേഹം ആധുനിക രാഷ്ട്രീയ തത്വചിന്തയെ പുതിയ ദിശയിലേക്ക് നയിച്ചു.

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ ശക്തിപ്രയോഗത്തിലൂടെയോ സാമ്പത്തിക താല്‍പര്യങ്ങളിലൂടെയോ മാത്രം പരിഹരിക്കാനാവില്ല; യുക്തിപൂര്‍വ്വമായ സംവാദവും പരസ്പര ബഹുമാനവും അത്യാവശ്യമാണ് എന്ന സന്ദേശമാണ് ഹേബര്‍മാസിന്റെ ചിന്തയുടെ കാതല്‍. തീര്‍ച്ചയായും ആഗോള, ദേശീയ രാഷ്ട്രീയ രംഗങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന അവസ്ഥയില്‍ ഹേബര്‍മാസിന്റെ ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

 

Content Highlight: Azeez Tharuvana writes about Jürgen Habermas

 

അസീസ് തരുവണ
എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്