പുഷ്പകവിമാനത്തിലേറി വരുന്ന ഇന്ത്യന്‍ ഫാസിസം
DISCOURSE
പുഷ്പകവിമാനത്തിലേറി വരുന്ന ഇന്ത്യന്‍ ഫാസിസം
അസീസ് തരുവണ
Monday, 31st July 2023, 6:17 pm

‘മിത്തും ചരിത്രവും ഒന്നല്ല; മിത്തിനെ ചരിത്രവത്കരിക്കുമ്പോള്‍ ചരിത്രകാരന്‍ ചരിത്രത്തോട് വിട പറയുന്നു.’ കെ.എന്‍. പണിക്കര്‍.

മിത്തുകളെ ചരിത്രവത്കരിക്കുന്നതിനെതിരെ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ ഒരു പ്രഭാഷണത്തോടെ ഇന്ത്യന്‍ ഇതിഹാസങ്ങളും അവയിലെ അസംഖ്യം കഥാപാത്രങ്ങളും ചരിത്രമാണോ മിത്താണോ എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്.

സ്പീക്കര്‍ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയാണ്:

‘പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണിപ്പോള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്! വിമാനം കണ്ടുപിടിച്ചതിന്റെ ഉത്തരം എന്റെ കാലത്ത് റൈറ്റ് ബ്രദേഴ്‌സാണ്. പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ് എന്നും ഇപ്പോള്‍ പറയുന്നു.

ശാസ്ത്ര സാങ്കേതികരംഗം വികാസിച്ച ഈക്കാലത്തും സയന്‍സിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാര്‍ എന്നെഴുതിയാല്‍ തെറ്റാകുന്നതും, പുഷ്പക വിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാകാത്തവര്‍ ഐ.വി.എഫ് ട്രീറ്റ്‌മെന്റിന് പോകാറുണ്ട്. ട്രീറ്റ്‌മെന്റില്‍ ചിലര്‍ക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും. ഐ.വി.എഫ് ട്രീറ്റ്‌മെന്റ് പണ്ടെയുണ്ടെന്നും അങ്ങനെയാണ് കൗരവര്‍ ഉണ്ടായതെന്നും പറയുന്നു. പ്ലാസ്റ്റിക് സര്‍ജറി മെഡിക്കല്‍ സയന്‍സിലെ പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്റ്റിക് സര്‍ജറിയും പുരാണകാലത്തേയുള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാന്‍ ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു’

ഷംസീര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പുഷ്പകവിമാനം എന്ന വിഷയം മാത്രമെടുത്ത് പരിശോധിക്കാം.

ഇന്നത്തെ രൂപത്തിലുള്ള വിമാനം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഇന്ത്യയിലുണ്ടായിരുന്നു എന്നാണിപ്പോള്‍ സംഘികള്‍ കൊട്ടിഘോഷിക്കുന്നത്. അതിന്റെ ഭാഗമായി
വിമാനം കണ്ടുപിടിച്ചത് പൗരാണിക ഭാരതീയരാണെന്ന വാദം ഔദ്യോഗിക സയന്‍സ് കോണ്‍ഫറന്‍സുകളില്‍ പോലും പ്രബന്ധങ്ങളായി അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സിലബസുകളിലൂടെ ഈ വ്യാജം തലമുറകളെ പഠിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ അയുക്തികതക്കെതിരെയാണ് സ്പീക്കര്‍ തന്റെ പ്രസംഗത്തിലൂടെ വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചത്.

വാസ്തവത്തില്‍, എന്തായിരുന്നു പുഷ്പകവിമാനം? അതിന്റെ നിര്‍മാണം എവ്വിധമായിരുന്നു? വിഷ്ണുപുരാണത്തില്‍ അതേപ്പറ്റി വിസ്തരിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്:

വിശ്വകര്‍മ്മാവിന് സംജ്ഞ എന്നൊരു പുത്രിയുണ്ടായി. അവളെ സൂര്യന്‍ വിവാഹം കഴിച്ചു. പക്ഷെ, സൂര്യന്റെ അസഹനീയമായ ചൂടുനിമിത്തം അവള്‍ക്ക് ഒരു നിമിഷം പോലും ഭര്‍ത്താവിനോടൊന്നിച്ച് കഴിയുവാന്‍ സാധിച്ചില്ല. സംജ്ഞ തിരികെവന്ന് അച്ഛനോട് വിവരം പറഞ്ഞു.

ഉടനെ വിശ്വകര്‍മാവ് സൂര്യനെ ആളയച്ചുവരുത്തുകയും ചാണക്കല്ലില്‍ വച്ചുരച്ചു തേജസ് കുറയ്ക്കുകയും ചെയ്തു. വിശ്വകര്‍മാവ് വളരെ പരിശ്രമിച്ചിട്ടും സൂര്യന്റെ എട്ടിലൊന്ന് തേജസ് മാത്രമേ കുറഞ്ഞുകിട്ടിയുള്ളു. ചാണക്കല്ലില്‍ ഉരച്ചപ്പോള്‍ കുറഞ്ഞുപോയ സൂര്യതേജസുകള്‍ രേണുക്കളായി ജ്വലിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ പറന്നു. ആ പൊടികളെല്ലാം വിശ്വകര്‍മാവ് വാരിയെടുത്തു അത്യുജ്വലമായ നാലു വസ്തുക്കള്‍ നിര്‍മിച്ചു. അവയിലൊന്നാണ് മഹാവിഷ്ണുവിന്റെ ചക്രായുധം. രണ്ടാമത്തേത് ശിവന്റെ ത്രിശൂലമാണ്. മൂന്നാമത്തെ സൃഷ്ടിയാണ് പുഷ്പക വിമാനം. ശേഷമുള്ള പൊടികള്‍കൊണ്ടു സുബ്രണ്യന്‍ ശക്തി എന്ന ആയുധവും നിര്‍മിച്ചു. അവയെല്ലാം വിശ്വകര്‍മാവ് ബ്രഹ്മാവിനു കാഴ്ചവെച്ചു.(വിഷ്ണു പുരാണം എട്ടാം അംശം രണ്ടാം അധ്യായം 2)

പുഷ്പകവിമാനത്തിന് പൈലറ്റ് ആവശ്യമില്ല. വിമാനത്താവളം വേണ്ട. ഇന്ധനം നിറയ്‌ക്കേണ്ടതില്ല. സ്വര്‍ണ നിര്‍മിതമാണ്. സുഗന്ധപൂരിതമാണ്. അടിച്ചു തവിടുപൊടിയാക്കിയാലും പഴയ രൂപമാര്‍ജിക്കും. ചിരംഞ്ജീവിയാണ്.

ലങ്കാദഹനം കഴിഞ്ഞ ശേഷം ഈ വിമാനത്തിലാണ് രാമനും സീതയുമെല്ലാം അയോധ്യയിലേക്ക് തിരികെ പോയത്. കൂടെ ഒരു ലക്ഷത്തിലേറെ വാനരന്മാരും വിമാനത്തിലുണ്ടായിരുന്നെന്ന് വാല്‍മീകി രാമായണത്തില്‍ കാണാം.

പൈലറ്റില്ലാത്ത പുഷ്പകവിമാനത്തെ ധ്യാനിച്ചാണ് മുമ്പിലെത്തിക്കുന്നത്. അത്തരമൊരു സന്ദര്‍ഭം ഉത്തര രാമായണത്തില്‍ കാണാം. സംഭവം ഇങ്ങനെ.

രാമരാജ്യത്തൊരിക്കല്‍ ജംബുകന്‍ എന്ന ഒരു ശൂദ്രന്‍ തപസ്സുചെയ്തുകൊണ്ടിരുന്നു. അതിന്റെ ഫലമായി നാടെങ്ങും ശിശുമരണങ്ങള്‍ ഉണ്ടായി. വിവരമറിഞ്ഞ ശ്രീരാമന്‍ പുഷ്പകവിമാനത്തെ ധ്യാനിക്കുകയും അതു കുബേര സന്നിധിയില്‍ നിന്ന് പറന്നെത്തുകയും ചെയ്തു. ശ്രീരാമന്‍ വിമാനത്തില്‍ കയറി ശൈവലപര്‍വ്വതത്തില്‍ ചെന്ന് ശൂദ്രന്റെ തലയറത്ത് രാജ്യത്തെ രക്ഷിച്ചെന്നും അനന്തരം വിമാനം കുബേര സന്നിധിയിലേക്കു തന്നെ പറന്നു പോയെന്നും ഉത്തരരാമായണത്തില്‍ കാണാം.

ചിരംഞ്ജീവിയാണെങ്കിലും(എന്നെന്നും നിലനില്‍ക്കുന്നത്) വാല്‍മീകി രാമായണത്തിന് ശേഷം രചിക്കപ്പെട്ട മഹാഭാരതത്തില്‍ പുഷ്പകവിമാനവുമില്ല; മഹാഭാരത യുദ്ധത്തില്‍ പുഷ്പകവിമാനമുപയോഗിച്ചുള്ള വ്യോമാക്രമണവുമില്ല എന്ന കാര്യം മറക്കരുത്.

റൈറ്റ് സഹോദരന്മാര്‍

ചുരുക്കത്തില്‍, റൈറ്റ് സഹോദരന്മാര്‍ കണ്ടു പിടിച്ച വിമാനവുമായി പുഷ്പകവിമാനത്തിന് ഒരു ബന്ധവുമില്ല. പുഷ്പകവിമാനം വാസ്തവത്തില്‍, വാല്‍മീകിയുടെ മനോഹരമായ ഭാവനാസൃഷ്ടിയാണ്. എല്ലാ അര്‍ത്ഥത്തിലും മനോഹരമായ മിത്താണ്.

തീര്‍ച്ചയായും ഒരു വിശ്വാസിക്ക് പുഷ്പകവിമാനം ഇന്നത്തെ രൂപത്തിലുള്ള വിമാനമാണെന്നൊക്കെ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. ഇത്തരം മിത്തുകള്‍ എല്ലാ മതങ്ങളിലുമുണ്ട്. അവര്‍ക്കും അങ്ങനെയൊക്കെ വിശ്വസിക്കാം. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ ഇവയെല്ലാം ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണെന്ന് ഔദ്യോഗിക സ്ഥാപനങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്.

പാഠപുസ്തകങ്ങളിലൂടെ ഇത്തരം മിത്തുകളെ പഠിപ്പിക്കുവാനുള്ള അണിയറ ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നു എന്നും അതിനെ ചെറുക്കേണ്ടതുണ്ട് എന്ന മതനിരപേക്ഷ കാഴ്ചപ്പാടാണ് ബഹുമാന്യനായ സ്പീക്കര്‍ സൂചിപ്പിച്ചത്. ഇപ്പറഞ്ഞതില്‍ മതനിന്ദയോ വിശ്വാസത്തെ വൃണപ്പെട്ടുത്തുന്നതോ ആയി ഒന്നുമില്ല. എല്ലാ ജനാധിപത്യവാദികളും പറയുന്നതേ ഷംസീറും പറഞ്ഞിട്ടുള്ളു എന്ന് ചുരുക്കം.

Content Highlight: Azeez Tharuvana Write up about Myth

അസീസ് തരുവണ
എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്