വാഴ എന്ന ചിത്രത്തില്‍ എല്ലാവരും ഏറ്റെടുത്ത ഒരു കോമ്പോയായിരുന്നു അസീസ് നെടുമങ്ങാടിന്റേയും സിജു സണ്ണിയുടേതും. അച്ഛനും മകനുമായി ഇരുവരും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു വാഴ.
ചിത്രത്തില ക്ലൈമാക്‌സ് സീനുകളിലൊന്നില്‍ സിജുവിന്റെ കഥാപാത്രത്തെ ചേര്‍ത്ത് നിര്‍ത്തി അസീസിന്റ കഥാപാത്രം ഫോട്ടോയെടുക്കുന്ന രംഗം ഏറെ കയ്യടി നേടിയിരുന്നു.
അച്ഛന്‍-മകന്‍ ബന്ധത്തെ റിലേറ്റ് ചെയ്യുന്ന റീലുകളിലും സ്റ്റോറികളിലും ഈ രംഗം പലരും ടാഗ് ചെയ്യാറുമുണ്ട്.
ആ സീനിനെ കുറിച്ചും സിജു സണ്ണിയുടെ അമ്മ തന്നെ വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞതിനെ കുറിച്ചുമൊക്കെ പറയുകയാണ് അസീസ് നെടുമങ്ങാട്. ആ സീനില്‍ താന്‍ ഗ്ലിസറില്‍ ഇടാതെയാണ് കരഞ്ഞതെന്നും അച്ഛന്‍ മരിച്ചുപോയതുകൊണ്ട് തന്നെ ആ രംഗം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും സിജുവും പറഞ്ഞു.
‘ അതിന് മുന്‍പുള്ള സീനുകളില്‍, വീട്ടില്‍ ഇരുന്ന് കരയുന്ന സീനിലൊക്കെ ഞാന്‍ ഗ്ലിസറിന്‍ ഇട്ടിരുന്നു. എന്നാല്‍ ആ സീനില്‍ എനിക്ക് ഗ്ലിസറിന്‍ വേണ്ടി വന്നില്ല.
എന്റെ പപ്പ മരിച്ചുപോയതാണ്. ആ സീന്‍ വന്നപ്പോള്‍ എനിക്ക് പപ്പയെ വല്ലാതെ മിസ് ചെയ്തു. ഞാന്‍ അല്ലാതെ തന്നെ കരഞ്ഞു. അസീസിക്ക എന്നോട് ചോദിച്ചു നീ എങ്ങനെയാടാ ഗ്ലിസറിന്‍ ഇടാതെ കരഞ്ഞത് എന്ന്.
പിന്നെ വ്യസന സമേതത്തിന്റെ ഷൂട്ടില്‍ അനശ്വരയേയും അസീസിക്കയേയും കാണാന്‍ മമ്മി വന്നിരുന്നു. ഈ സീന്‍ മമ്മി എപ്പോള്‍ കണ്ടാലും കരയും. ഭയങ്കര ഇമോഷണലാണ്. അങ്ങനെ മമ്മി വന്ന് അസീസിക്കയെ കെട്ടിപ്പിടിച്ച് കുറേ നേരം ഇരുന്ന് കരഞ്ഞു,’ എന്ന് സിജു സണ്ണി പറഞ്ഞപ്പോള്‍ അതില്‍പരം ഒരു അവാര്‍ഡ് തനിക്ക് ഇനി കിട്ടാനില്ലെന്നായിരുന്നു അസീസിന്റെ മറുപടി.
സത്യസന്ധമായി പറയുകയാണ്. എനിക്കത് ഭയങ്കരമായി ഫീല്‍ ചെയ്തു. അമ്മ എന്നെ വന്ന് കെട്ടിപ്പിടിച്ച് കുറേ നേരം കരഞ്ഞു. എനിക്കത് ഭയങ്കര സങ്കടമായി.
ആ സീന്‍ ഓക്കെ ആണെന്ന് എനിക്ക് തോന്നിയത്. അവിടെ നമ്മുടെ കൂടെ അഭിനയിച്ച ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് ഇത് ഷൂട്ട് ചെയ്യുന്നത് കണ്ട് അവിടെ ഇരുന്ന് കരയുന്നത് കണ്ടപ്പോഴാണ്.
അതിന് ശേഷം അവള്‍ എന്റെ അടുത്ത് വന്ന കൈ പിടിച്ചിട്ട് ചേട്ടാ അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. ഇത് സൂപ്പര്‍ ആയിരിക്കും നോക്കിക്കോ എന്ന് പറഞ്ഞു. മ്യൂസിക്കോ ഒന്നും ഇല്ലാതെ നമ്മള്‍ ലൈവായി ചെയ്തത് കണ്ടാണ് ആ കുട്ടി അത് പറഞ്ഞത്,’ അസീസ് നെടുമങ്ങാട് പറഞ്ഞു.
തിയേറ്റില്‍ താനും ആ സീനില്‍ കരഞ്ഞെന്നായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടനുമായ ജാസിം പറഞ്ഞത്. ‘എന്റേയും വാപ്പ മരിച്ചുപോയതാണ്.
ഈ സീന്‍ കണ്ട് ഞാന്‍ വല്ലാതെ കരയുകയാണ്. ആ സീനും അപ്പോഴത്തെ മ്യൂസിക്കും പാട്ടുമൊക്കെ നമുക്ക് വല്ലാത്ത ഫീല്‍ തരും. തിയേറ്ററില്‍ എന്റെ അടുത്ത് ഇരിക്കുന്നത് കുറേ ജെന്‍സി പിള്ളേര്‍ ആണ്. ഞാന്‍ ഇങ്ങനെ മോശമായോ എന്ന രീതിയില്‍ കണ്ണ് തുടച്ച് അവരെ നോക്കിയപ്പോള്‍ കൊച്ചുപിള്ളേരായ അവരും ഇരുന്ന് കരയുന്നു,’ ജാസിം പറഞ്ഞു.
Content Highlight: Azees Nedumangad about an emotional scene in Vazha and Siju Sunny’s Mother