ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ആരോപണവിധേയനായ മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയെ പിന്തുണച്ച് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി.
ചമ്പത്ത് റായ് ആരെയും വഞ്ചിച്ചിട്ടില്ലെന്നും, മറിച്ച് അദ്ദേഹം അമിതമായി വിശ്വസിച്ചവര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നു എന്നുമാണ് ഗോവിന്ദ് ഗിരിയുടെ വാദം.
ചമ്പത്ത് റായ് അത്യന്തം കുലീനനായ വ്യക്തിത്വത്തിന് ഉടമയാണെന്നും, ട്രസ്റ്റികളാരും തന്നെ യാതൊരുവിധ വഞ്ചനയും നടത്തിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
ചമ്പത്ത് റായിയുടെ വിശ്വസ്തരായ ആളുകളാണ് അദ്ദേഹത്തെ ചതിക്കുഴിയില്‍ വീഴ്ത്തിയതെന്നും ട്രസ്റ്റ് ട്രഷറര്‍ കൂട്ടിച്ചേര്‍ത്തു. ഫണ്ട് തട്ടിപ്പ് ആരോപണങ്ങളില്‍ ചമ്പത്ത് റായിയും അനില്‍ മിശ്രയും കടുത്ത പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ട്രഷററുടെ ഭാഗത്തുനിന്നുള്ള ഈ പരസ്യ പിന്തുണ.
അതേസമയം, ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ജൂണ്‍ 27ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ചമ്പത്ത് റായും ട്രസ്റ്റി സ്ഥാനത്തുനിന്ന് അനില്‍ മിശ്രയും രാജി സമര്‍പ്പിച്ചിരുന്നു. ഈ രാജി ജൂലൈ ആറിന് തിങ്കളാഴ്ച ചേര്‍ന്ന ട്രസ്റ്റ് യോഗം ഔദ്യോഗികമായി സ്വീകരിച്ചു.
ചമ്പത്ത് റായിക്ക് പകരമായി ട്രസ്റ്റി കൃഷ്ണ മോഹനെ ട്രസ്റ്റിന്റെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
ഇവര്‍ രാജി സമര്‍പ്പിച്ച ദിവസം തന്നെ ചമ്പത്ത് റായിയുടെ സഹായിയായ രാംശങ്കര്‍ യാദവ് (ടിന്നു യാദവ്) ഉള്‍പ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘രാമ രാജ്യ പ്രശാസന്‍’ എന്ന പേരില്‍ സംഘടനയുണ്ടാക്കി രാമക്ഷേത്രത്തിന്റെ പേരില്‍ പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
എന്നാല്‍ ചമ്പത്ത് റായ് ഉള്‍പ്പെടെയുള്ള ഉന്നതരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു.
Content Highlight: Ayodhya Fund Theft; Treasurer of the Shri Ram Janmabhoomi Kshetra Trust, has extended his support to Champat Rai.