അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്; പ്രതികളെയും അവരെ സഹായിക്കുന്നവരെയും സാമൂഹികമായി ബഹിഷ്‌ക്കരിക്കണം: അരവിന്ദ് കെജ്‌രിവാള്‍
India
അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്; പ്രതികളെയും അവരെ സഹായിക്കുന്നവരെയും സാമൂഹികമായി ബഹിഷ്‌ക്കരിക്കണം: അരവിന്ദ് കെജ്‌രിവാള്‍
നിഷാന. വി.വി
Tuesday, 30th June 2026, 1:15 pm

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികളായവര്‍ക്കെതിരെയും അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും രാജ്യവ്യാപകമായി സാമൂഹിക ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍.

പ്രതികളെ ബഹിഷ്‌ക്കരിക്കാനും അവരുടെ കേസ് വാദിക്കാതിരിക്കാനുമുള്ള അയോധ്യ ബാര്‍ അസോസിയേഷന്റെ തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. ക്ഷേത്രത്തില്‍ സമര്‍പ്പിച്ച വഴിപാടുകളില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ ശ്രീരാമ ഭക്തര്‍ എത്രത്തോളം അസ്വസ്ഥരാണെന്നതിന്റെ തെളിവാണ് ബാര്‍ അസോസിയേഷന്റെ പ്രതികരണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇതൊരു ധര്‍മ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം അദ്ദേഹം അയോധ്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അയോധ്യയില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഉയര്‍ന്ന തലത്തിലുള്ള ഇടപെടലുകളുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികള്‍ മടിക്കുകയാണെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടിയായിരുന്ന ചമ്പത് റായ്‌ക്കെതിരെ നടപടിയെടുക്കാത്തതിലും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. എന്നാല്‍ കെജ് രിവാള്‍ രാഷ്ട്രീയ നേട്ടത്തിനായി വിശ്വാസത്തേയും മതത്തെയും ഉപയോഗിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

ക്ഷേത്രത്തിന്റെ നടത്തിപ്പ് കൃത്യമായ ഭരണഘടമാപരമായ സംവിധാനങ്ങളിലൂടെയാണ് നടക്കുന്നതെന്നും ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്നും ബി.ജെ.പി പറഞ്ഞു.

അതേസമയം കേസില്‍ ഉള്‍പ്പെട്ട എട്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പു കേസില്‍ പ്രധാന കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നതിനിടെ അയോധ്യ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ഉത്തര്‍ പ്രദേശ് പൊലീസ് ഹോട്ടല്‍ റൂമുകളില്‍ തടങ്കലിലാക്കി. ഉത്തര്‍ പ്രദേശ് പി.സി.സി പ്രസിഡന്റും എം.പിയുമായ അജയ് റായ് അടക്കമുള്ളവരെയാണ് തടങ്കലിലാക്കിയത്.

കോണ്‍ഗ്രസിന്റെ ഉന്നത പ്രതിനിധി സംഘം അയോധ്യ സന്ദര്‍ശിക്കാനിരിക്കെയാണ് യു.പി പൊലീസിന്റെ നടപടി. അജയ് റായും എം.പിമാരായ എസ്.പി. ഗൗതം, ഉജ്ജ്വല്‍ രാമന്‍ സിങ്, തനൂജ് പുനിയ എന്നിവരുമടങ്ങുന്ന കോണ്‍ഗ്രസ് പ്രതിനിധി സംഘമായിരുന്നു ഇന്ന് അയോധ്യ സന്ദര്‍ശിക്കേണ്ടിയിരുന്നത്. തന്നെയും മറ്റ് നാല് എം.പിമാരെയും യു.പി പൊലീസ് വിവിധ ഹോട്ടല്‍ റൂമുകളിലായി തടങ്കലിലാക്കിയെന്ന് അജയ് റായ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അയോധ്യയിലെ ആചാര്യ നരേന്ദ്ര ദേവ സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസിലാണ് തന്നെ തടവില്‍ വെച്ചിരിക്കുന്നതെന്നും അജയ് റായ് അറിയിച്ചു.

Content Highlight: Ayodhya fund scam case; Accused and those helping them should be socially boycotted: Arvind Kejriwal

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.