അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്; എട്ട് പ്രതികളുടെയും വീട്ടില്‍ പൊലീസ് റെയ്ഡ്: സംഭവിച്ച കാര്യങ്ങളില്‍ ദുഖിതരെന്ന് ക്ഷേത്ര ട്രസ്റ്റ്
India
അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്; എട്ട് പ്രതികളുടെയും വീട്ടില്‍ പൊലീസ് റെയ്ഡ്: സംഭവിച്ച കാര്യങ്ങളില്‍ ദുഖിതരെന്ന് ക്ഷേത്ര ട്രസ്റ്റ്
നിഷാന. വി.വി
Sunday, 28th June 2026, 11:45 am

 

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എട്ട് പേരുടെ വീടുകളിലും പൊലീസ് റെയ്ഡ്. തെളിവുകള്‍ ശേഖരിക്കുന്നതിന്റെയും അന്വേഷണത്തിന്റെയും ഭാഗമായി ആറ് സംഘങ്ങളായാണ് വിവിധയിടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. പ്രതികളുടെ കുടുംബാംഗങ്ങളെയും അയല്‍വാസികളെയും പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്.

ജൂണ്‍ ഏഴിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് തേജ് നാരായണ്‍ പവന്‍ പാണ്ഡെ വാര്‍ത്താസമ്മേളനം നടത്തിയാണ് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവനകളില്‍ 5 കോടി മുതല്‍ 7.5 കോടി രൂപ വരെയുള്ള വന്‍ ക്രമക്കേട് നടന്നതായി ആരോപിച്ചത്. സംഭാവനയായി ലഭിച്ച തുക ചില വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. എസ്.ഐ.ടി നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എട്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രാം ശങ്കര്‍ യാദവ്, അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലാവ്കുഷ് മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമാശങ്കര്‍ മിശ്ര, മനീഷ് യാദവ്, കരുണേഷ് പാണ്ഡെ എന്നിവരാണ് നിലവില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. അറസ്റ്റിലായവരില്‍ അനുകല്‍പ് മിശ്രയും ലാവ്കുഷ് മിശ്രയും തമ്മില്‍ അടുത്ത ബന്ധമുള്ളവരാണ്. കൂടാതെ ഇവര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്രയുമായും ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന്, ശനിയാഴ്ച രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. രാജി വാര്‍ത്ത ട്രസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവിച്ച കാര്യങ്ങളില്‍ തങ്ങള്‍ അതീവ ദുഃഖിതരാണെന്നും, ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ തട്ടിപ്പ് നടത്തിയ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്വേഷണവുമായി ട്രസ്റ്റ് പൂര്‍ണമായി സഹകരിക്കുമെന്നും, ഭക്തര്‍ ഇത്തരം വ്യാജ വാര്‍ത്തകളിലും പ്രചാരണങ്ങളിലും വീഴരുതെന്നും ട്രസ്റ്റ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.

Content Highlight: Ayodhya fund fraud case; Police raid the homes of eight accused: Temple Trust says saddened by what happened

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.