ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിവസം ഓസ്‌ട്രേലിയയെ പുറത്താക്കി ഇന്ത്യ. 121.3 ഓവറില്‍ 469 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ പുറത്താക്കിയത്.
മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഓസീസ് ബാറ്റര്‍മാരെ രണ്ടാം ദിവസം ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ആദ്യ സെഷനില്‍ തന്നെ ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയും അപകടകാരിയായ കാമറൂണ്‍ ഗ്രിനിനെയും മടക്കിയാണ് ഇന്ത്യ പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചത്.
മത്സരത്തെയൊന്നാകെ ഡിഫൈന്‍ ചെയ്യാന്‍ പോന്ന പല മുഹൂര്‍ത്തങ്ങളും രണ്ടാം ദിവസം പിറന്നിരുന്നു. സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ഷര്‍ദുല്‍ താക്കൂറിന്റെ തകര്‍പ്പന്‍ ഡെലിവെറിയും, ട്രാവിസ് ഹെഡിന്റെ പുറത്താകലും സിറാജും സ്മിത്തും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുമെല്ലാം രണ്ടാം ദിവസത്തിന്റെ ഹൈലൈറ്റുകളായിരുന്നു.
ഇതിനൊപ്പം തന്നെ അക്‌സര്‍ പട്ടേലിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവും ചര്‍ച്ചകളിലേക്കുയര്‍ന്നിരുന്നു. സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറുടെ റോളിലെത്തി സഡന്‍ ഇംപാക്ട് ഉണ്ടാക്കിയാണ് അക്‌സര്‍ തരംഗമായത്.
ഓള്‍ റൗണ്ടറുടെ ഫീല്‍ഡിങ് പ്രകടനത്തിനാണ് കയ്യടികള്‍ ഉയരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കിയ ഇടംകയ്യന്‍ ഡയറക്ട് ഹിറ്റ് ത്രോയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.
