വന്നവനും നിന്നവനും ഒന്നായ സ്ഥിതിക്ക് ഒരു കാര്യം ഉറപ്പ്, വില്ലന്‍ വേറെ ലെവലാകും
World Cinema
വന്നവനും നിന്നവനും ഒന്നായ സ്ഥിതിക്ക് ഒരു കാര്യം ഉറപ്പ്, വില്ലന്‍ വേറെ ലെവലാകും
അമര്‍നാഥ് എം.
Wednesday, 14th January 2026, 8:18 am

ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കിക്കൊണ്ട് ഡൂംസ്‌ഡേയുടെ നാലാമത്തെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ലീക്കായ ടീസര്‍ തന്നെയാണ് പുറത്തുവിട്ടത്. വക്കാണ്ടന്‍സും ഫന്റാസ്റ്റിക് ഫോറുമാണ് പുതിയ ടീസറിലെ പ്രധാന കഥാപാത്രങ്ങള്‍.

വക്കാണ്ടന്‍ ജനത വലിയൊരു പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്നതും അവര്‍ക്കൊപ്പം ഫന്റാസ്റ്റിക് ഫോര്‍ ചേരുന്നതുമാണ് കഥയെന്ന് പറഞ്ഞുകൊണ്ട് ചില ഫാന്‍ തിയറികള്‍ വരുന്നുണ്ട്. ഇരുകൂട്ടര്‍ക്കും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന വലിയൊരു വില്ലനെതിരെ കൈകോര്‍ക്കുന്നതാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത്.

ഫസ്റ്റ് അവഞ്ചറായ ക്യാപ്റ്റന്‍ അമേരിക്ക മുതല്‍ ഏറ്റവുമൊടുവിലെത്തിയ ഫന്റാസ്റ്റിക് ഫോറിന് വരെ വെല്ലുവിളിയാകുന്ന വില്ലനാണ് ഡോക്ടര്‍ ഡൂമെന്ന് ഇതുവര പുറത്തിറങ്ങിയ ഓരോ ടീസറും അടിവരയിടുന്നുണ്ട്. നാല് ടീസറില്‍ ഒരിടത്തുപോലും ഡൂമിനെ കാണിക്കുന്നില്ലെങ്കിലും അയാള്‍ എത്രമാത്രംം അപകടകാരിയാണെന്ന് പറയാതെ പറയുന്നുണ്ട്.

റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡോക്ടര്‍ ഡൂമായി വേഷമിടുന്നത്. ഒരുപാട് കാലം മാര്‍വലില്‍ നായകനായി വേഷമിട്ട ആര്‍.ഡി.ജെ ഇത്തവണ വില്ലനായി അവതരിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ഇതുവരെ വന്നതില്‍ മാര്‍വലിന്റെ ഏറ്റവും ഹൈപ്പുള്ള പ്രൊജക്ടെന്ന് ഡൂംസ്‌ഡേയെ വിശേഷിപ്പിക്കാം.

എക്‌സ് മെന്‍, തോര്‍, ഫന്റാസ്റ്റിക് ഫോര്‍, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ വമ്പന്മാര്‍ക്കൊപ്പം ചില സര്‍പ്രൈസ് കാസ്റ്റും ഡൂംസ്‌ഡേയില്‍ ഉണ്ടെന്നാണ് റൂമറുകള്‍. എന്‍ഡ് ഗെയിമിന് ശേഷം വലിയ ഹിറ്റുകളില്ലാതെ പോകുന്ന മാര്‍വലിന്റ തുറുപ്പുചീട്ടാണ് ഡൂംസ്‌ഡേ. റൂസോ ബ്രദേഴ്‌സാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

2026 മേയ് 25ന് റിലീസാകുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീട് ഡിസംബറിലേക്ക് റിലീസ് മാറ്റുകയയായിരുന്നു. റിലീസിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് ആദ്യ ടീസര്‍ മാര്‍വല്‍ പുറത്തുവിട്ടത്. ഇനിയുള്ള 11 മാസം ഡൂംസ്‌ഡേയെ ലൈവാക്കി നിര്‍ത്താനുള്ള പ്രൊമോഷന്‍ പരിപാടികള്‍ എന്തൊക്കെയാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Avengers Doomsday fourth teaser out now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം