കൊവിഡ് പ്രതിസന്ധിയില്‍ എരിഞ്ഞുതീരുന്ന ജീവിതങ്ങള്‍; ഓട്ടോ ഡ്രൈവര്‍ അനീഷില്‍ അവസാനിക്കുമോ കൊവിഡ് കാലത്തെ ആത്മഹത്യ
details
കൊവിഡ് പ്രതിസന്ധിയില്‍ എരിഞ്ഞുതീരുന്ന ജീവിതങ്ങള്‍; ഓട്ടോ ഡ്രൈവര്‍ അനീഷില്‍ അവസാനിക്കുമോ കൊവിഡ് കാലത്തെ ആത്മഹത്യ
രോഷ്‌നി രാജന്‍.എ
Friday, 4th September 2020, 4:54 pm

കൊച്ചി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍ അനീഷിന്റെ ആത്മഹത്യ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജോലിചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീടിന്റെ വാടക കൊടുക്കാന്‍ കഴിയാതെ വരുകയും, വാടകയുടെ കാര്യം പറഞ്ഞ് വീട്ടുടമ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തതിനാലാണ് അനീഷ് ആത്മഹത്യചെയ്തതെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പരാതിപ്പെടുന്നത്.

കേരളത്തില്‍ നിരവധിപേര്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ ചെയ്യാനാവാതെയും സാമ്പത്തിക പ്രതിസന്ധി മൂലവും ബുദ്ധിമുട്ടനുഭവിക്കുന്നതിന് പരിഹാരമുണ്ടാകണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊച്ചി തോപ്പുംപടിയില്‍ താമസിച്ചു വന്നിരുന്ന അനീഷിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഓട്ടോ ഓടിക്കാനാകാതായതോടെ അനീഷിന്റെ വരുമാനം പൂര്‍ണ്ണമായും നിലച്ചിരുന്നു. വാടകക്കായിരുന്നു അനീഷ് ഓട്ടോയെടുത്തിരുന്നത്.

വാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെ ഉടമക്ക് വാഹനം തിരിച്ചുനല്‍കേണ്ടി വന്നിരുന്നു. കൂടാതെ നാല് മാസമായി വീടിന്റെ വാടക നല്‍കാനും അനീഷിന് കഴിഞ്ഞിരുന്നില്ല. വീട്ടുടമ നിരന്തരമായി വാടക ആവശ്യപ്പെട്ടുകൊണ്ട് അനീഷിനെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നതായാണ് അനീഷിന്റെ കുടുംബാംഗങ്ങള്‍ പരാതി ഉന്നയിക്കുന്നത്. തോപ്പുംപടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നതും അനീഷിന് മറ്റ് ജോലികള്‍ തേടി പോവാന്‍ തടസ്സമായി നിന്നിരുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അനീഷിന്റെ ഫോണിലേക്ക് അവസാനമായി വിളിച്ചത് വീട്ടുടമ ശങ്കരന്‍കുട്ടിയാണെന്നും അതിനാല്‍ ആത്മഹത്യക്ക് പിന്നില്‍ വീട്ടുടമയുടെ മാനസികസമ്മര്‍ദ്ദമാണെന്നും അനീഷിന്റെ ഭാര്യ സൗമ്യയുടെ സഹോദരി ധന്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘അനീഷ് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലായതിനാലാണ് ജൂണ്‍,ജൂലൈ,ആഗസ്ത് മാസങ്ങളിലെ വീട്ടുവാടക നല്‍കാന്‍ കഴിയാതെയിരുന്നത്. 9000 രൂപയായിരുന്നു വീട്ടുവാടക. അഡ്വാന്‍സായി 25000 രൂപയും നല്‍കിയിരുന്നു. കൊടുക്കാനുള്ള മൂന്നുമാസത്തെ തുക അഡ്വാന്‍സില്‍ നിന്ന് എടുക്കാനും ബാക്കി തുക എത്രയും പെട്ടെന്ന് നല്‍കാമെന്നും അനീഷ് വീട്ടുടമയോട് പറഞ്ഞിരുന്നെങ്കിലും അയാള്‍ അതിന് സമ്മതിച്ചിരുന്നില്ല. വാടക ഉടന്‍ നല്‍കി വീട്ടില്‍ നിന്നിറങ്ങാനാണ് വീട്ടുടമ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്’, ധന്യ പറയുന്നു.

ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അനീഷ്. ഓട്ടോറിക്ഷ ഉടമക്ക് മടക്കി നല്‍കേണ്ടി വന്നതിനാല്‍ കൂലിപ്പണിയെടുത്തായിരുന്നു അനീഷ് കുടുംബം നോക്കിയിരുന്നത്. ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാതായതോടെ കുടുംബം കൂടുതല്‍ പ്രതിസന്ധിയിലായി.

വീട്ടുവാടകയും കൊടുക്കാന്‍ കഴിയാതായതോടെ സൗമ്യയുടെ അനുജത്തി ധന്യയുടെ കോട്ടയത്തുള്ള വീട്ടിലേക്ക് പോവാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു അനീഷും കുടുംബവും. 27ാം തിയ്യതി വൈകീട്ട് വീട്ടുടമയുടെ ഫോണ്‍ വന്നതിന് ശേഷം അനീഷ് അസ്വസ്ഥനായിരുന്നു. 27ാം തിയ്യതി നാലിനും നാലരക്കും ഇടയിലാണ് അനീഷ് ആത്മഹത്യ ചെയ്തത്. 3.50ന് അനീഷിന്റെ ഫോണിലേക്ക് വീട്ടുടമസ്ഥന്‍ വിളിച്ചിട്ടുണ്ട്.

വീട്ടുടമ ശങ്കരന്‍കുട്ടിക്കെതിരെ ആത്മഹത്യാ പ്രേരണയുടെ പേരില്‍ തോപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അനീഷിന്റെ ഭാര്യ സൗമ്യ. എന്നാല്‍ വാടക നല്‍കാനായി അനീഷിനെ നിര്‍ബന്ധിച്ചിരുന്നില്ലെന്നാണ് വീട്ടുടമ ശങ്കരന്‍കുട്ടി പറയുന്നത്.

‘മൂന്ന് മാസത്തെ വാടകവരെ അനീഷ് നല്‍കാനുണ്ട്. അനീഷിനെ ഞാന്‍ മാനസികമായി ബുദ്ധിമുട്ടിച്ചുവെന്ന വാദം തെറ്റാണ്. അനീഷ് തന്നെയാണ് വീടൊഴിഞ്ഞ് പൊയ്‌ക്കോളാം എന്ന് ഇങ്ങോട്ട് പറഞ്ഞത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഞാന്‍ വിളിച്ചിരുന്നുവെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല, അഡ്വാന്‍സ് തുകയില്‍ നിന്ന് വാടക പിടിച്ചാലും അനീഷിന് കുറച്ച് തുകകൂടി എനിക്ക് നല്‍കേണ്ടതായി വരും. പുറത്ത് നിന്ന് അനീഷ് മറ്റു പലരോടും കടം ചോദിച്ചിരുന്നുവെന്നും അത് ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ്
ഞാന്‍ കരുതുന്നത്’, ശങ്കരന്‍കുട്ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൊവിഡും ലോക്ക്ഡൗണും കാരണം കേരളത്തില്‍ വിവിധ തൊഴില്‍മേഖലകളില്‍ നിന്നുള്ളവരാണ് സാമ്പത്തികമായ തകര്‍ച്ചയിലേക്ക് പോയത്. ലോക്ക്ഡൗണ്‍കാലം ഓട്ടോ തൊഴിലാളികളെ സംബന്ധിച്ചും കടുത്ത വെല്ലുവിളിയായി മാറുകയായിരുന്നു. കൊവിഡിന്റെ സാഹചര്യത്തില്‍ വളരെ ദയനീയമായ രീതിയിലാണ് ഓട്ടോതൊഴിലാളികള്‍ മുന്നോട്ട് പോവുന്നതെന്ന് കോഴിക്കോട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഹസ്‌റത്ത് അലി ഹസന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ദിവസം 200 രൂപപോലും കിട്ടാത്ത സാഹചര്യത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക ഓട്ടോത്തൊഴിലാളികളുമുള്ളത്. ‘കടം വീട്ടാനും, കുടുംബത്തെ പോറ്റാനും ബുദ്ധിമുട്ടുകയാണ് പലരും. ദിവസം തള്ളിനീക്കാന്‍ കഴിയാതെ മാനസികമായി തകര്‍ന്ന പലരെയും എനിക്കറിയാം. സാമ്പത്തികമായി പ്രതിസന്ധിയിലായ ഓട്ടോത്തൊഴിലാളികള്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണ്’, ഹസ്‌റത്ത് അലി ഹസന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഡ്രൈവര്‍മാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കണമെന്നാണ് അലി ഹസന്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ഡീസലും പെട്രോളിനും അടിക്കടി വിലവര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഡ്രൈവര്‍മാര്‍ പരാതി ഉന്നയിക്കുന്നുണ്ട്.

‘ദിവസം ഇരുന്നൂറോ മുന്നൂറോ കൂലിയായി ലഭിക്കുന്നതില്‍ നിന്നാണ് നൂറു രൂപക്ക് പെട്രോള്‍ ഡീസല്‍ അടിക്കേണ്ടി വരുന്നത്. വാഹനം വാടകക്കെടുത്തവരാണെങ്കില്‍ 150 രൂപ വാടകയായും പോവും. തുച്ഛം വെക്കാന്‍ പിന്നെ എന്താണ് കയ്യിലുണ്ടാവുക, കൊവിഡ് എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഒരു സാഹചര്യം കൂടിയാവുമ്പോള്‍ എത്ര നാള്‍ ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതില്‍ തന്നെ ഉറപ്പില്ല’, ഹസ്‌റത്ത് അലി ഹസന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.