നവംബര്‍ 21നാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും വലിയ തയ്യാറെടുപ്പിലാണ്. ഇതോടെ ഓസീസിനെ തേടി ഒരു ആശ്വാസ വാര്‍ത്തയും വന്നിരിക്കുകയാണ്. നേരത്തെ പരിക്ക് പറ്റി പുറത്തായ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ചു.
പെര്‍ത്തില്‍ ആരംഭിക്കുന്ന മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നും സ്‌ക്വാഡില്‍ ഉണ്ടാകുമെന്നുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നത്. എന്നാല്‍ ഹേസല്‍വുഡ്ഡിനൊപ്പം പരിക്ക് പറ്റിയ പേസര്‍ സീന്‍ എബ്ബോട്ടിന് പരിക്കില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സാധിക്കാത്തതിനാല്‍ ആഷസില്‍ നിന്ന് താരം പുറത്തായിരിക്കുകയാണ്.
‘പെര്‍ത്തില്‍ നടക്കുന്ന ആഷസ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി ഹേസല്‍വുഡ് സ്‌ക്വാഡില്‍ ഉണ്ടാകും.
പരിക്ക് കാരണം സ്‌കാനിങ്ങിന് വിധേയനായ അദ്ദേഹം പേശികളുടെ വലിവ് വിശ്രമത്തിലായിരുന്നു. എന്നാല്‍ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് അദ്ദേഹം തിരിച്ചുവരവ് നടത്തും.
ഇടത് തുട ഞരമ്പിന് പരിക്കേറ്റതില്‍ സീന്‍ എബ്ബോട്ടും കളം വിട്ടു. സ്‌കാനിങ്ങില്‍ ഞരമ്പിന് പരിക്ക് പറ്റിയെന്ന് സ്ഥിരീകരിച്ചു. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ അദ്ദേഹം ടീമില്‍ ഉണ്ടാകില്ല, വരും ആഴ്ചകളില്‍ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിവരുന്നതിനുള്ള ശ്രമത്തിലായിരിക്കും,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു.
സീനിന്റെ വിടവില്‍ ബ്രെന്‍ഡന്‍ ഡൊഗ്ഗെറ്റിന് ടീമിനായി അരങ്ങേറ്റം നടത്താനുള്ള അവസരവും മുന്നിലുണ്ട്. മാത്രമല്ല ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും പരിക്ക് മൂലം പുറത്തായതിനാല്‍ ഓസീസിനെ നയിക്കുക സ്റ്റീവ് സ്മിത്താണ്.