ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഗ്രെഗ് ചാപ്പല്‍. ബാറ്റര്‍മാരെ നിലയുറപ്പിക്കും മുമ്പേ പുറത്താക്കുന്ന ബുംറയുടെ കഴിവ് അപാരമാണെന്ന് പ്രശംസിച്ച മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ബുംറയെ ഇതിഹാസ താരങ്ങളായ ഡെന്നിസ് ലില്ലിയോടും ആന്‍ഡി റോബര്‍ട്‌സിനോടും ചേര്‍ത്ത് വെക്കുകയും ചെയ്തു.
സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ തന്റെ കോളത്തിലാണ് ചാപ്പല്‍ ബുംറയെ കുറിച്ച് എഴുതിയത്.
‘മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ പരിശോധിക്കുമ്പോള്‍ ജസ്പ്രീത് ബുംറ മുന്‍പന്തിയില്‍ തന്നെയാണെന്ന് കാണാം. ഇതിഹാസങ്ങളുമായി മാത്രമല്ല, സൗത്ത് ആഫ്രിക്കന്‍ ചാമ്പ്യന്‍ ബൗളറായ കഗീസോ റബാദയുമായും താരതമ്യം ചെയ്യാം.
ഞാന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച, കംപ്ലീറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ ഡെന്നിസ് ലില്ലിയും ആന്‍ഡി റോബര്‍ട്‌സുമാണെന്ന് എല്ലായ്‌പ്പോഴും പറയാറുണ്ട്. അണ്‍ ഓര്‍ത്തഡോക്‌സായ ബൗളിങ് ശൈലി കൊണ്ടും അവിശ്വസനീയമായ പന്തടക്കം കൊണ്ടും ബുംറ എങ്ങനെയാണ് ഇവര്‍ക്കൊപ്പവും ബൗളിങ്ങിലെ മറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പവുമെത്തിയത്?
ബുംറയുടെ പോരാട്ട വീര്യം ഗ്രൗണ്ടില്‍ പ്രത്യക്ഷമായി കാണാന്‍ സാധിക്കില്ലെങ്കിലും ബാറ്റര്‍മാരെ അസ്വസ്ഥമാക്കാനുള്ള അവന്റെ കഴിവ് ഡെന്നിസ് ലില്ലിയെ ഓര്‍മിപ്പിക്കുന്നതാണ്
അദ്ദേഹത്തിന്റെ മാരകമായ യോര്‍ക്കറുകളും അസ്വസ്ഥതയുളവാക്കുന്ന ബൗണ്‍സും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അസാധാരണമായ റിലീസ് പോയിന്റും ബൗളിങ് ട്രാജെക്ടറിയും ലില്ലിയുടെ കഴിവുകളെയാണ് പ്രതിഫലിപ്പിക്കുന്നത്.
ബുംറയുടെ തീവ്രതയും കൃത്യതയും അവനെ ബാറ്റര്‍മാരുടെ പേടിസ്വപ്നമാക്കി മാറ്റുന്നു, ലില്ലിയുടെ ഒരിക്കലും അടങ്ങാത്ത അഗ്രഷന്‍ പോലെ.
റോബര്‍ട്‌സിന്റെ ഇന്റലക്ച്വല്‍ സമീപനമാണ് ബുംറയ്ക്കുള്ളത്. രണ്ട് ബൗളര്‍മാരും ബാറ്റര്‍മാരെ പുറത്താക്കാന്‍ അതിസൂക്ഷ്മമായ വേരിയേഷന്‍സ് ഉപയോഗിക്കുന്നു, വേഗതയേക്കാള്‍ തന്ത്രങ്ങള്‍ക്കാണ് ഇരുവരും പ്രാധാന്യം കല്‍പിക്കുന്നത്.
2018 ബോക്‌സിങ് ഡേ ടെസ്റ്റിലെ ബുംറയുടെ പ്രകടനം, 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയത്, ഏത് കളിയും മാറ്റിമറിക്കാന്‍ പോന്ന റോബര്‍ട്‌സിന്റെ ഒരു മോഡേണ്‍ പതിപ്പായിരുന്നു,’ ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.
സീനിയര്‍ താരങ്ങളില്‍ മിക്കവരും ഓസ്‌ട്രേലിയന്‍ മണ്ണില്‍ താളം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ ബുംറയാണ് ഇന്ത്യയെ മുമ്പോട്ട് നയിക്കുന്നത്. നിലവില്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ 12 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് ബുംറ. പത്തിലധികം വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ താരവും ബുംറ തന്നെ.
രണ്ട് മത്സരത്തിലെ നാല് ഇന്നിങ്സില്‍ നിന്നുമായി 11.25 ശരാശരിയിലും 27 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ബുംറ 2.50 എന്ന കുറഞ്ഞ എക്കോണമി നിരക്കിലാണ് റണ്‍സ് വഴങ്ങുന്നത്. ഇതുവരെ ഒരു ഫൈഫറും ഒരു ഫോര്‍ഫറും താരം സ്വന്തമാക്കിയിട്ടുണ്ട്.
11 വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് പട്ടികയില്‍ രണ്ടാമന്‍. തൊട്ടുപിന്നാലെ പത്ത് വിക്കറ്റുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തും തുടരുന്നുണ്ട്.
Content Highlight: Australian legend Greg Chappel praises Jasprit Bumrah