ആഷസിലെ രണ്ടാം മത്സരത്തിലും വമ്പന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 65 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു ഓസാട്രേലിയ.
സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മത്സരം സ്വന്തമാക്കിയത്. പ്ലെയര്‍ ഓഫ് ദിമാച്ച് സ്വന്തമാക്കാനും താരത്തന് സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ 75 റണ്‍സ് വഴങ്ങി ആറ് വിക്കറ്റും, 77 റണ്‍സും നേടിയ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ 64 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും താരം നേടി.
Mitchell Starc, Photo: x.com
വമ്പന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡുമില്ലാതെയാണ് സ്റ്റാര്‍ക്ക് ഓസീസിനെ മുന്നോട്ട് കൊണ്ടുപോയതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഓസീസിനോടുള്ള ആദ്യ മത്സരത്തിലും സ്റ്റാര്‍ക്ക് വെടിച്ചില്ല് പ്രകടനമാണ് നടത്തിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും താരം സ്വന്തമാക്കി പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയിരുന്നു.
അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ സൂപ്പര്‍ താരം ജോ റൂട്ടിന്റെ കരുത്തിലായിരുന്നു ത്രീ ലയണ്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്. 206 പന്തില്‍ ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടെ 138 റണ്‍സ് നേടി പുറത്താകാതെയാണ് താരം മിന്നും പ്രകടനം നടത്തിയത്. ഓപ്പണര്‍ സാക്ക് ക്രോളി 93 പന്തില്‍ 76 റണ്‍സും നേടിയിരുന്നു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ജേക്ക് വെതറാള്‍ഡ് (72), മാര്‍നസ് ലബുഷാന്‍ (65), സ്റ്റീവ് സ്മിത് (61), അലക്‌സ് ക്യാരി (63), മിച്ചല്‍ സ്റ്റാര്‍ക്ക് (77) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനംകൊണ്ട് 511 എന്ന ഉയര്‍ന്ന സ്‌കോറിലെത്തുകയായിരുന്നു. ഇംഗ്ലണ്ടിനായ ബ്രൈഡന്‍ കാഴ്‌സ് നാല് വിക്കറ്റും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മൂന്ന് വിക്കറ്റും നേടി.
എന്നാല്‍ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി സ്‌കോര്‍ ഉയര്‍ത്താന്‍ സ്റ്റോക്‌സിന് മാത്രമാണ് സാധിച്ചത്. 50 റണ്‍സായിരുന്നു താരം നേടിയത്. ഓപ്പണര്‍ ക്രോളി 44 റണ്‍സും വില്‍ ജോക്‌സ് 41 റണ്‍സും നേടിയിരുന്നു. ഓസീസിന്റെ മൈക്കള്‍ നെസെര്‍ അഞ്ച് വിക്കറ്റുകള്‍ നേടി തിളങ്ങിയിരുന്നു.
മറുപടിക്ക് ഇറങ്ങിയ ഓസീസിന് വേണ്ടി ട്രാവിസ് ഹെഡ് 22 റണ്‍സ് നേടിയപ്പോള്‍ ജേക് വെതറാള്‍ഡ് 17* റണ്‍സും സ്റ്റീവ് സ്മിത് 23 റണ്‍സും നേടി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
Content Highlight: Australia Won Second Ashes Test In 2025, Mitchell Starc In Great Performance