വോണ്‍ – മുരളീധരന്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഗല്ലെ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 242 റണ്‍സിനുമാണ് ലങ്ക പരാജയപ്പെട്ടത്.
ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 654 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ഓസീസ് ലങ്കയെ തുടര്‍ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശേഷം 165 റണ്‍സിനാണ് ലങ്കയെ ഓസീസ് തകര്‍ത്തത്. തുടര്‍ന്ന് ഫോളോ ഓണിന് നിര്‍ബന്ധിതരായ ശ്രീലങ്കയെ 247 റണ്‍സിന് തളയ്ക്കുകയായിരുന്നു ഓസീസ്.
മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറില്‍ എത്തിയത് ഉസ്മാന്‍ ഖവാജ നേടിയ 232 റണ്‍സിന്റെ മികവിലാണ്. 352 പന്തില്‍ 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഖവാജ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. താരത്തിന് പുറമെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് 141 റണ്‍സും ജോഷ് ഇംഗ്ലിസ് 102 റണ്‍സും നേടിയിരുന്നു.
മൂവര്‍ക്കും പുറമെ ട്രാവിസ് ഹെഡ് 57 റണ്‍സ് നേടിയാണ് പുറത്തായത്. ലങ്കയ്ക്ക് വേണ്ടി പ്രഭാത് ജയസൂര്യ, ജെഫ്രി വാണ്ടര്‍സെ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ഡിക്ലയര്‍ ചെയ്ത് ലങ്കയെ ബാറ്റിങ്ങിന് അയച്ചതോടെ 165 റണ്‍സിനാണ് എതിരാളികളെ ഓസീസ് തകര്‍ത്തത്. ഓസീസിന് വേണ്ടി മാത്യു കുനേമാന്‍ നേടിയ ഫൈഫര്‍ വിക്കറ്റിലാണ് ലങ്ക തകര്‍ന്നടിഞ്ഞത്. മൂന്ന് മെയ്ഡന്‍ അടക്കം 3.44 എന്ന എക്കോണമിയിലാണ് മാത്യു ബോളെറിഞ്ഞത്.
മാത്യുവിന് പുറമെ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി മികവ് പുലര്‍ത്തി. ഇതോടെ കരിയറില്‍ 700 ടെസ്റ്റ് വിക്കറ്റും സ്റ്റാര്‍ക്ക് പൂര്‍ത്തിയാക്കി.
ശേഷം ഫോളോ ഓണിന് നിര്‍ബന്ധിതരായ ലങ്കയ്ക്ക് വളരെ നേരത്തെ ഓപ്പണര്‍മാരായ ഒഷാദാ ഫെര്‍ണാണ്ടോ (6റണ്‍സ്), ദിമുത് കരുണ രത്‌നെ (0റണ്‍സ്) എന്നിവരെ നഷ്ടമായി. ശേഷം ദിനേശ് ചണ്ഡിമല്‍ (31), ഏഞ്ചലോ മാത്യൂസ് (41), കാമിന്ദു മെന്‍ഡിസ് (32), ധനഞ്ജയ ഡി സില്‍വ (39), കുശാല്‍ മെന്‍ഡിസ് (34) എന്നിവര്‍ പരമാവധി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുതയായിരുന്നു. മറ്റാര്‍ക്കും തന്നെ മത്സരത്തിന്റെ ഗതി മാറ്റിമറിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
Australia takes the first Test. Tough one for Sri Lanka, but we’ll be back stronger in the next match. 🏏🇱🇰 #SLvsAUSpic.twitter.com/1osH0c9ICt
ഓസീസിന് വേണ്ടി മാത്യു കുനെമാന്‍, നഥാന്‍ ലിയോണ്‍ തുടങ്ങിയവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍മിച്ചല്‍ സ്റ്റാര്‍ക്ക്, ടൊഡ് മര്‍ഫി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇതോടെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ മേല്‍കൈ നേടാന്‍ ഓസീസിന് സാധിച്ചു.
Content Highlight: Australia Won First Test Match Against Sri Lanka In 2025