68/4 നിന്ന് 248/4 ലേക്ക്; ക്യാപ്റ്റന്‍ ഇല്ലാതിരുന്നിട്ടും കൂറ്റന്‍ വിജയം നേടി ഓസീസ്
Sports News
68/4 നിന്ന് 248/4 ലേക്ക്; ക്യാപ്റ്റന്‍ ഇല്ലാതിരുന്നിട്ടും കൂറ്റന്‍ വിജയം നേടി ഓസീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd October 2025, 7:26 am

ഐ.സി.സി വനിതാ ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ഓസ്‌ട്രേലിയ. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ പതറിയ ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ആഷ്ലി ഗാര്‍ഡ്‌നറിന്റെയും അന്നബെല്‍ സതര്‍ലാന്‍ഡിന്റെയും കരുത്തിലാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 244 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന ഓസീസ് വനിതകള്‍ 57 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ ശേഷം തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തിയാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങില്‍ ഒന്നാം ഓവറില്‍ തന്നെ ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഫോബ് ലിച്ച്ഫീല്‍ഡ് പുറത്തായി. ഇതിൽ നിന്ന് കരകയറും മുമ്പ് അടുത്ത രണ്ട് വിക്കറ്റുകളും ടീമിന് നഷ്ടമായി. ജോര്‍ജിയ വോളും എലീസ് പെറിയുമാണ് തിരികെ നടന്നത്.

പിന്നാലെ എത്തിയ ബെത് മൂണിയും അന്നബെല്‍ സതര്‍ലാന്‍ഡും ഓസീസിനെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തി. എന്നാല്‍, ഈ കൂട്ടുകെട്ടിന് വലിയ ആയുസുണ്ടായിരുന്നില്ല. മൂണി 30 പന്തില്‍ 20 റണ്‍സ് ചേര്‍ത്ത് മടങ്ങി. താരം തിരികെ നടക്കുമ്പോള്‍ ഓസീസ് നാലിന് 68 എന്ന നിലയിലായിരുന്നു.

ഈ വിക്കറ്റ് വീണതിന് ശേഷം ഒരുമിച്ച സതര്‍ലാന്‍ഡ് – ഗാര്‍ഡ്‌നര്‍ സഖ്യം എന്നാല്‍, ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. ഇരുവരും ചേര്‍ന്ന് 180 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഓസീസിന് അഞ്ചാം വിജയം സമ്മാനിച്ചു. ഗാര്‍ഡ്‌നര്‍ സെഞ്ച്വറി നേടി കരുത്ത് തെളിയിച്ചപ്പോള്‍ സതര്‍ലാന്‍ഡ് സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

ഗാര്‍ഡ്‌നര്‍ 73 റണ്‍സില്‍ 104 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മറുവശത്ത് സതര്‍ലാന്‍ഡ് 112 പന്തില്‍ 98 റണ്‍സാണ് എടുത്തു. താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് ഒരു സിക്സും ഒമ്പത് ഫോറുമാണ് പിറന്നത്. ഇരുവരും ചേര്‍ന്ന് 40.3 ഓവറില്‍ തന്നെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ലിന്‍സി സ്മിത്ത് രണ്ട് വിക്കറ്റുമായി തിളങ്ങി. ഒപ്പം ലോറന്‍ ബെല്ലും സോഫി എക്കല്‍സ്റ്റോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തത് ടാംസിന്‍ ബ്യൂമൗണ്ടാണ്. താരം 105 പന്തില്‍ 78 റണ്‍സ് സ്‌കോര്‍ ചെയ്തു. കൂടാതെ, ആലിസ് കാപ്‌സിയും ചാര്‍ലി ഡീനും ഭേദപ്പെട്ട പ്രകടനം നടത്തി. കാപ്‌സി 32 പന്തില്‍ 38 റണ്‍സ് എടുത്തപ്പോള്‍ ഡീന്‍ 27 പന്തില്‍ 26 റണ്‍സും നേടി.

ഓസീസിനായി സതര്‍ലാന്‍ഡ് ബൗളിങ്ങിലും മികവ് പുലര്‍ത്തി. താരം പത്ത് ഓവറില്‍ നാല് വിക്കറ്റ് സ്വന്തമാക്കി. ഒപ്പം സോഫി മോളിനക്‌സ്, ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അലാന കിങ് ഒരു ഇംഗ്ലണ്ട് താരത്തെയും മടക്കി.

Content Highlight: Australia Women defeated England Women in ICC Women ODI World Cup with Ashleigh Gardner and Annabel Sutherland’s partnership