വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. സബീന പാര്‍ക്കില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 176 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ വെറും 27 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് കങ്കാരുപ്പട വിജയക്കൊടി പാറിച്ചത്.
204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ വിന്‍ഡീസിന് കനത്ത പ്രഹരം നല്‍കിയത് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു. വിന്‍ഡീസിന്റെ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് സ്റ്റാര്‍ക്ക് ആറാടിയത്. മാത്രമല്ല ടെസ്റ്റ് കരിയറിലെ 16ാം ഫൈഫറും താരം സ്വന്തമാക്കി. ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ ഫൈഫര്‍ സ്വന്തമാക്കാനാണ് താരത്തിന് കഴിഞ്ഞു. വെറും 15 പന്തില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഈ മിന്നും നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.
സ്‌പെല്ലിലെ ആദ്യ ഓവറിലെ ഒന്നാം പന്തിലും അവസാന രണ്ട് പന്തിലും വിക്കറ്റുകള്‍ നേടി സ്റ്റാര്‍ക്ക് അമ്പരപ്പിച്ചിരുന്നു. ശേഷം രണ്ടാം ഓവര്‍ മെയ്ഡനാക്കുകയും മൂന്നാം ഓവറിലെ ഒന്നാം പന്തിലും മൂന്നാം പന്തിലും വിക്കറ്റ് സ്വന്തമാക്കിയാണ് സ്റ്റാര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 78 വര്‍ഷം മുമ്പുള്ള അപൂര്‍വ നേട്ടമാണ് സ്റ്റാര്‍ക്ക് തിരുത്തി കുറിച്ചതും.
വിന്‍ഡീസ് നിരയില്‍ 11 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സിന് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മറ്റാര്‍ക്കും ടീമിനെ നാണക്കേടില്‍ നിന്ന് കരകയറ്റാന്‍ സാധിച്ചില്ല.
അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത്തും (48 റണ്‍സ്) കാമറൂണ്‍ ഗ്രീനും (46 റണ്‍സ്) ഓസീസിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ച്ചവെച്ചു. നാല് വിക്കറ്റ് നേടിയ ഷമര്‍ ജോസഫായിരുന്നു വിന്‍ഡീസിന്റെ തുറുപ്പുചീട്ട്. സീല്‍സും ജസ്റ്റിന്‍ ഗ്രീവ്‌സും മൂന്ന് വിക്കറ്റും നേടി.
തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് 36 റണ്‍സ് നേടിയ ജോണ്‍ കാംബെല്ലായിരുന്നു. സ്‌കോട്ട് ബോളണ്ടിന്റെ മൂന്ന് വിക്കറ്റിലും ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ നേടിയ രണ്ട് വിക്കറ്റിലുമാണ് കരീബയന്‍ കരുത്തന്‍മാര്‍ തകര്‍ന്നത്. തേസമയം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി 42 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് ടോപ് സ്‌കോറര്‍.
Content Highlight: Australia VS West Indies: Mitchell Starc In Great Record Achievement In Test Cricket