ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസ്‌ട്രേലിയ. ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ 126 റേറ്റിങ്ങോടെയാണ് കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തൊട്ടുമുമ്പുള്ള റാങ്കിങ്ങില്‍ എതിരാളികളായ സൗത്ത് ആഫ്രിക്കയേക്കാള്‍ 16 റേറ്റിങ് പോയിന്റ് അധികം നേടിയാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഇംഗ്ലണ്ടാണ് രണ്ടാമത്. 113 റേറ്റിങ്ങോടെയാണ് ബെന്‍ സ്‌റ്റോക്‌സും സംഘവും രണ്ടാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
സൗത്ത് ആഫ്രിക്ക, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്, 111, 105, 95 എന്നിങ്ങനെയാണ് മൂന്ന് ടീമുകളുടെയും റേറ്റിങ്.
ശ്രീലങ്ക (87), പാകിസ്ഥാന്‍ (78), വെസ്റ്റ് ഇന്‍ഡീസ് (73), ബംഗ്ലാദേശ് (62), അയര്‍ലന്‍ഡ് (30) എന്നിവരാണ് ആദ്യ പത്തിലെ മറ്റ് ടീമുകള്‍.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ പുറത്തുവന്ന ടെസ്റ്റ് റാങ്കിങ്ങിലെ പ്രകടനം ഓരോ ഓസ്‌ട്രേലിയന്‍ ആരാധകരെയും ആവേശത്തിലാഴ്ത്തുന്നുണ്ട്. ഓസ്‌ട്രേലിയ തന്നെ കിരീടം നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേര്‍സെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.
ബാവുമയ്ക്കൊപ്പം റിയാന്‍ റിക്കല്‍ടണ്‍, മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്ക്കൊപ്പമുള്ളത്. അതേസമയം ഓസ്ട്രേലിയയാകട്ടെ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ രാജപദവി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്.