ഇന്ത്യക്കെതിരായ വൈറ്റ് ബോള്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പുറത്ത് വിട്ട് ഓസ്‌ട്രേലിയ. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള 16 അംഗ സ്‌ക്വാഡും അഞ്ച് ടി-20 മത്സരങ്ങള്‍ക്കുള്ള 14 അംഗങ്ങളുടെ സ്‌ക്വാഡുമാണ് ഓസീസ് പുറത്ത് വിട്ടത്. രണ്ട് ഫോര്‍മാറ്റിലും മിച്ചല്‍ മാര്‍ഷിനെ ക്യാപ്റ്റനാക്കിയാണ് കങ്കാരുപ്പട കളത്തിലിറങ്ങുന്നത്.
സൂപ്പര്‍ ബൗളറും ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് പരിക്കിനെ തുടര്‍ന്ന് പുറത്തായതിനാലാണ് മിച്ചല്‍ മാര്‍ഷിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. മാത്രമല്ല രണ്ട് ഫോര്‍മാറ്റില്‍ നിന്നും സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഓസീസ് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്നു താരം. കൂടാതെ മാര്‍നസ് ലബുഷാനെ ടീം സെലഷന് പരിഗണിച്ചില്ല. നഥാന്‍ എല്ലിസും ജോഷ് ഇംഗ്ലിസും ടി-20 സ്‌ക്വാഡില്‍ തിരിച്ചെത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഏകദിനത്തില്‍ മാത്രം ഇടം നേടി. ഇന്ത്യയോട് കട്ടയ്ക്ക് നില്‍ക്കുന്ന സ്‌ക്വാഡ് തന്നെയാണ് ഓസീസും ഒരുക്കിയത്.
ഒക്ടോബര്‍ 19ന് ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിന മത്സരം നടക്കുക. രണ്ടാം മത്സരം ഒക്ടോബര്‍ 23നും അവസാന മത്സരം 24നുമാണ് നടക്കുക. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ട് വരെയാണ് ടി-20 മത്സരങ്ങള്‍ നടക്കുക. അതേസമയം ഇന്ത്യ ഓസീസിനെതിരെയുള്ള രണ്ട് ഫോര്‍മാറ്റിനുള്ള സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു. രോഹിത് ശര്‍മയെ തഴഞ്ഞ് ശുഭ്മന്‍ ഗില്ലിനെയാണ് ഏകദിനത്തില്‍ ഇന്ത്യ ക്യാപ്റ്റനാക്കിയത്. ടി-20യില്‍ സൂര്യകുമാറാണ് ക്യാപ്റ്റന്‍.