ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഓസ്‌ട്രേലിയ. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയെ 132 റണ്‍സിന് പുറത്താക്കാന്‍ ഇംഗ്ലണ്ടിനും സാധിച്ചു. ഇനി മത്സരത്തില്‍ ബാക്കിയുള്ള മൂന്ന് ദിനത്തിനുള്ളില്‍ 205 റണ്‍സാണ് ഓസീസിന് വിജയിക്കാന്‍ വേണ്ടത്.
സ്‌കോട്ട് ബോളണ്ടിന്റെ ബൗളിങ് കരുത്തിലാണ് ഇംഗ്ലണ്ടിനെ ഓസീസ് എളുപ്പം തകര്‍ത്തത്. നാല് വിക്കറ്റാണ് താരം നേടിയത്. ഗസ് ആറ്റ്കിങ്‌സണ്‍ (32 പന്തില്‍ 37), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 28), ഒല്ലി പോപ്പ് (57 പന്തില്‍ 33), ഹാരി ബ്രൂക്ക് (മൂന്ന് പന്തില്‍ 0) എന്നീ വമ്പന്‍മാരെയാണ് സ്‌കോട്ട് പുറത്താക്കിയത്. സ്‌കോട്ടിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ബ്രെണ്ടണ്‍ ഡൊഗ്ഗെറ്റും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.
ഓസീസിനായി രണ്ടാം ഇന്നിങ്‌സിലും പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ട തുടരുകയാണ്. ഇന്നിങ്‌സിലെ ഓപ്പണിങ് ഓവറില്‍ സാക്ക് ക്രോളിയെ രണ്ടാം തവണയും പൂജ്യം റണ്‍സിനാണ് സ്റ്റാര്‍ക്ക് പുറത്താക്കിയത്. ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയായിരുന്നു താരം ക്രോളിയെ പറഞ്ഞയച്ചത്. പിന്നീട് സൂപ്പര്‍ താരം ജോ റൂട്ടിനെ എട്ട് റണ്‍സിന് ബൗള്‍ഡാക്കി സ്റ്റാര്‍ക്ക് തിളങ്ങി. അവസാനമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ രണ്ട് റണ്‍സിലും സ്റ്റാര്‍ക്ക് തളച്ചു.
നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ കങ്കാരുക്കള്‍ 172 റണ്‍സിന് പുറത്താക്കിയിരുന്നു. ത്രീലയണ്‍സിനായി ഹാരി ബ്രൂക്ക് 61 പന്തില്‍ 52 റണ്‍സ് എടുത്തപ്പോള്‍ ഒല്ലി പോപ്പ് 58 പന്തില്‍ 46 റണ്‍സും സ്വന്തമാക്കി. കൂടാതെ, ജെയ്മി സ്മിത് 22 പന്തില്‍ 33 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും ടീമിനെ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.
അതേസമയം ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകളാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്.
Content Highlight: Australia Need 205 Runs To Win In First Test In 2025-26 Ashes