സൗത്ത് ആഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും പരാജയപ്പെട്ട് ആതിഥേയര്‍ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ പ്രോട്ടിയാസ് 2-0ന് ലീഡ് നേടുകയും പരമ്പര സ്വന്തമാക്കുകയുമായിരുന്നു.
പ്രോട്ടിയാസിനുമെതിരെ പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ മൂന്ന് ഏകദിന പരമ്പരകളിലാണ് ഓസ്‌ട്രേലിയ പരാജയം രുചിച്ചിരിക്കുന്നത്. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് ഇതിന് മുമ്പ് കങ്കാരുക്കളെ ഏകദിനത്തില്‍ തകര്‍ത്തുവിട്ടത്.
2024 നംവംബറിലാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. മൂന്ന് ഏകദിനങ്ങളായിരുന്നു പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടിലും വിജയിച്ചാണ് പാകിസ്ഥാന്‍ പരമ്പര നേടിയത്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എട്ട് വിക്കറ്റിന് വിജയിച്ചു. ഗാബയില്‍ നടന്ന രണ്ടാം ഏകദിനം വിജയിച്ച് ആതിഥേയര്‍ പരമ്പരയിലൊപ്പമെത്തിയെങ്കിലും പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ കങ്കാരുക്കള്‍ക്ക് അടി തെറ്റി. ഓസീസിനെ 140ന് ഏറിഞ്ഞിട്ട പച്ചപ്പട രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ശ്രീലങ്ക ഓസീസിനെ തകര്‍ത്തത്. വോണ്‍ – മുരളീധരന്‍ ട്രോഫിയിലെ വിജയത്തിന് പിന്നാലെ ഏകദിന പരമ്പരയും വിജയിക്കാമെന്ന മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു ലങ്കന്‍ സിംഹങ്ങളുടെ ഗര്‍ജനം.
രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരവും വിജയിച്ചാണ് ആതിഥേയര്‍ കരുത്ത് കാട്ടിയത്.
കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ചരിത് അസലങ്കയുടെ സെഞ്ച്വറി കരുത്തില്‍ 214 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ 165ന് പുറത്താവുകയായിരുന്നു.
ഇതേ വേദിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ 174 റണ്‍സിനാണ് ഓസ്‌ട്രേലിയ തോറ്റത്. കുശാല്‍ മെന്‍ഡിസിന്റെ സെഞ്ച്വറിയുടെയും ചരിത് അസലങ്കയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ലങ്ക 281 റണ്‍സ് നേടി. ദുനിത് വെല്ലലാഗെ, വാനിന്ദു ഹസരങ്ക, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ബൗളിങ്ങില്‍ തിളങ്ങിയപ്പോള്‍ ഓസീസ് 24.2 ഓവറില്‍ 107ന് പുറത്തായി.
ഇപ്പോള്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും ഓസീസിന് പരമ്പര നഷ്ടപ്പെട്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വന്‍ തോല്‍വിയാണ് ടീമിന് നേരിടേണ്ടി വന്നിരിക്കുന്നത്.