ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആഷസ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ്. നവംബര്‍ 20 മുതല്‍ 25 വരെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം. ഇതോടെ ആദ്യ മത്സരത്തിനുള്ള തങ്ങളുടെ പ്ലെയിങ് ഇലവന്‍ പുറത്തുവിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയ.
സ്റ്റീവ് സ്മിത്തിനെ നായകനാക്കിയാണ് ഓസീസ് ആദ്യ ടെസ്റ്റിനുള്ള കരു നീക്കുന്നത്. പരിക്കിന്റെ പിടിയിലായ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് പകരമായാണ് സ്മിത് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്.
അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ രണ്ട് ടീമുകളും. 10 വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിക്കാനാണ് ഇംഗ്ലണ്ട് കങ്കാരുക്കളുടെ മണ്ണില്‍ കാലുകുത്തുന്നത്.
എന്ത് വില കൊടുത്തും കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ഓസീസിന് മുന്നിലുള്ളത്. സൂപ്പര്‍ താരം പാറ്റ് കമ്മിന്‍സിന്റെ വിടവ് ഓസീസിന് ക്ഷീണമുണ്ടാക്കുമെങ്കിലും തങ്ങളുടെ കരുത്തുറ്റ സ്‌ക്വാഡിലാണ് ക്യാപ്റ്റനും സംഘവും വിശ്വാസമര്‍പ്പിക്കുന്നത്.
അതേസമയം കങ്കാരുപ്പടയ്‌ക്കെതിരെ പോരടിക്കാന്‍ തക്ക സ്‌ക്വാഡാണ് ഇംഗ്ലണ്ടിന്റേതും. ബെന്‍ സ്‌റ്റോക്‌സിന്റെ നേതൃത്വത്തിലാണ് ത്രീ ലയണ്‍സ് കച്ചമുറുക്കുന്നത്. ജോ റൂട്ട് ഉള്‍പ്പെടെയുള്ള തകര്‍പ്പന്‍ ബാറ്റിങ് നിരയും സ്റ്റോക്‌സിന്റെ ബൗളിങ് യൂണിറ്റും അത്ര ചെറുതല്ല.