ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര തുടങ്ങാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍, മത്സരത്തിനിറങ്ങും മുമ്പ് തന്നെ ഓസീസിന് വമ്പന്‍ തിരിച്ചടികളാണ് നേരിട്ടിരിക്കുന്നത്. ഒന്നല്ല, രണ്ടല്ല, അഞ്ച് പ്രധാന താരങ്ങളെയാണ് ഓസീസിന് പല കാരണങ്ങളാല്‍ ഇന്ത്യക്കെതിരെയുള്ള സ്‌ക്വാഡില്‍ നിന്ന് നഷ്ടമായത്.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മുതല്‍ തുടങ്ങിയ ഈ ലിസ്റ്റ് ഇപ്പോള്‍ ഒടുവില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിലാണ് എത്തി നില്‍ക്കുന്നത്. പരിക്കാണ് ഓസ്ട്രേലിയയ്ക്ക് വില്ലനായത്. പുറത്തായ അഞ്ച് താരങ്ങളില്‍ മൂന്ന് പേരും പരിക്ക് കാരണമാണ് പുറത്ത് ഇരിക്കുന്നത്.
കമ്മിന്‍സിനും ഗ്രീനിനും പുറമെ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ ജോഷ് ഇംഗ്ലീസ്, അലക്‌സ് കാരി, ബൗളറായ ആദം സാംപ, എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായത്. കമ്മിന്‍സും ഗ്രീനും പരമ്പരയില്‍ നിന്ന് തന്നെ പുറത്ത് പോയപ്പോള്‍ ഇംഗ്ലീസ് ആദ്യ രണ്ട് മത്സരങ്ങളിലാണ് ടീമില്‍ ഇല്ലാത്തത്. സാംപയും കാരിയും ആദ്യ ഏകദിനത്തിലാണ് കളിക്കാതിരിക്കുന്നത്.
പുറം വേദന കമ്മിന്‍സിന് വഴി മുടക്കിയപ്പോള്‍ ഗ്രീനിന് വശങ്ങളിലെ വേദനയാണ് വില്ലനായത്. ഇവര്‍ക്ക് ഒപ്പം ഇംഗ്ലീസും പരിക്കിന്റെ പിടിയിലാണ്. കാലിനേറ്റ പരിക്കാണ് താരത്തിനെ ഒന്നാം ഏകദിനത്തില്‍ നിന്ന് പുറത്തിരുത്തുന്നത്.
സാംപയും കാരിയും കുടുംബപരമായ കാരണങ്ങളാണ് ഒന്നാം മത്സരത്തിന് ഇല്ലാത്തത്. ഇരുവരും രണ്ടാം ഏകദിനം തൊട്ട് ഇന്ത്യക്കെതിരെയുള്ള ടീമിനൊപ്പം ചേരും. ഇവര്‍ക്ക് ഒപ്പം പരിക്ക് മാറി കാരിയും ടീമിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പല കാരണങ്ങളായാല്‍ പുറത്തായ താരങ്ങൾക്ക് പകരക്കാരായി ഓസ്‌ട്രേലിയ ഒട്ടും മോശമല്ലാത്ത താരങ്ങളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീനിന് പകരക്കാരനായി മാര്‍നസ് ലബുഷാനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീസിന് പകരം ജോഷ് ഫിലിപ്പും സാംപയ്ക്ക് പകരം മാത്യു കുഹ്നെമാനുമാണ് ടീമിലുള്ളത്.
വലിയ ഒരു താര നിര തന്നെ ഇന്ത്യയെ നേരിടാന്‍ കങ്കാരുക്കള്‍ക്ക് ഉണ്ടെങ്കിലും ഒരുമിച്ച് അഞ്ച് പേരെ നഷ്ടമായത് ടീമിന് വലിയ ക്ഷീണം തന്നെയായിരിക്കും. കമ്മിന്‍സ് പുറത്തായാല്‍ മിച്ചല്‍ മാര്‍ഷിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഇറങ്ങുക. പുതിയ ക്യാപ്റ്റനെ എങ്ങനെയാണ് ഈ പരിക്കുകള്‍ ബാധിക്കുകയെന്ന് കാത്തിരുന്ന കാണേണ്ടി വരും.