ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അഞ്ചാം ടി-20 മത്സരവും സ്വന്തമാക്കി സന്ദര്‍ശകര്‍. നബ്രാസ്‌കയിലെ വെല്‍ണര്‍ പാര്‍ക്കില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 5-0ന് ക്ലീന്‍ സ്വീപ് ചെയ്യാനും ഓസീസിന് സാധിച്ചു.
ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഓസീസ് സ്വന്തമാക്കി. ടി-20 ചരിത്രത്തിലാദ്യമായി അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സമ്പൂര്‍ണ വിജയം നേടുന്ന ആദ്യ ടീം എന്ന നേട്ടമാണ് കങ്കാരുക്കള്‍ സ്വന്തമാക്കിയത്.
An historic 5-0 victory sealed by Australia in Adam Zampa’s 100th! #WIvAUS
ഇതിന് മുമ്പ് വിന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 3-0ന് പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങുന്നത്.
ഈ പര്യടനത്തില്‍ നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയും കങ്കാരുക്കള്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് ടെസ്റ്റുകളുടെ പരമ്പര 3-0നാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. അതായത് ഈ പര്യടനത്തില്‍ എട്ടില്‍ എട്ട് മത്സരവും സന്ദര്‍ശകര്‍ വിജയിച്ചിരിക്കുകയാണ്!
വെര്‍ണര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 19.4 ഓവറില്‍ 170 റണ്‍സിന് പുറത്തായി. ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ അര്‍ധ സെഞ്ച്വറിയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ ഇന്നിങ്‌സുമാണ് വിന്‍ഡീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
31 പന്ത് നേരിട്ട് 52 റണ്‍സടിച്ചാണ് ഹെറ്റ്‌മെയര്‍ പുറത്തായത്. മൂന്ന് വീതം സിക്‌സറും ഫോറും താരം അടിച്ചെടുത്തു. റൂഥര്‍ഫോര്‍ഡ് 17 പന്തില്‍ 35 റണ്‍സും ഹോള്‍ഡര്‍ 15 പന്തില്‍ 20 റണ്‍സും നേടി.
ഓസ്‌ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷിയസ് മൂന്ന് വിക്കറ്റുമായി തിളങ്ങി. നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ, ഷോണ്‍ അബോട്ട്, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മൂന്ന് വിക്കറ്റുമായി വിന്‍ഡീസിനെ പിടിച്ചുകെട്ടിയ ബെന്‍ ഡ്വാര്‍ഷിയസാണ് കളിയിലെ താരം. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കാമറൂണ്‍ ഗ്രീന്‍ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
Content Highlight: Australia becomes the 1st team to secure 5-0 win against West Indies in a 5 match T20I series