ചരിത്രത്തിലെ രണ്ടാമന്മാര്‍ മാത്രം; പ്രോട്ടിയാസിന് ഒപ്പമെത്തി കങ്കാരുക്കള്‍
Cricket
ചരിത്രത്തിലെ രണ്ടാമന്മാര്‍ മാത്രം; പ്രോട്ടിയാസിന് ഒപ്പമെത്തി കങ്കാരുക്കള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th August 2025, 4:13 pm

ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഓസ്‌ട്രേലിയന്‍ ടോപ് ഓര്‍ഡര്‍. സൗത്ത് ആഫ്രിക്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലാണ് കങ്കാരുക്കള്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെടുത്തിരുന്നു.

പ്രോട്ടിയാസിനെതിരെ ബാറ്റിങ്ങിനെത്തിയ ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ ആദ്യ മൂന്ന് പേരും സെഞ്ച്വറി നേടിയതോടെയാണ് വമ്പന്‍ സ്‌കോര്‍ പിറന്നത്. ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് മത്സരത്തില്‍ മൂന്നക്കം കണ്ടത്. ഹെഡ് 103 പന്തില്‍ അഞ്ച് സിക്സും 17 ഫോറും അടക്കം 142 റണ്‍സാണ് എടുത്തത്.

മൂന്നാമനായി ഇറങ്ങിയ ഗ്രീന്‍ 55 പന്തില്‍ പുറത്താവാതെ 118 റണ്‍സും നേടി. എട്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ മാര്‍ഷ് 106 പന്ത് നേരിട്ട് 100 റണ്‍സും സ്‌കോര്‍ ചെയ്തു. ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നത് അഞ്ച് സിക്സറും ആറ് ഫോറുമാണ്.

ഇതോടെ, ഒരു സൂപ്പര്‍ നേട്ടമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഒരേ ഇന്നിങ്‌സില്‍ ടോപ് ഓര്‍ഡറിലെ മൂന്ന് ബാറ്റര്‍മാരും സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം ടീമായി മാറാനാണ് കങ്കാരുക്കള്‍ക്ക് സാധിച്ചത്. ഇതിന് മുമ്പ് സൗത്ത് ആഫ്രിക്ക മാത്രമാണ് ഇത്തരമൊരു നേട്ടത്തിലെത്തിയത്.

2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു സൗത്ത് ആഫ്രിക്കന്‍ ടോപ് ഓര്‍ഡറിലെ മൂന്ന് പേര്‍ സെഞ്ച്വറി നേടിയത്. ഹാഷിം അംല (153*), റിലേ റൂസ്സോ (128), എ.ബി.ഡി വില്ലിയേഴ്സ് (149) എന്നിവരായിരുന്നു അന്ന് മൂന്നക്കം കടന്നത്.

എന്നാല്‍, ഇതിന് മുമ്പും ഏകദിനത്തില്‍ ഒരേ ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറി നേടിയിട്ടിട്ടുണ്ട്. പക്ഷേ, അവയൊന്നും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മാത്രമല്ല സ്‌കോര്‍ ചെയ്തത്. ഏകദിന ചരിത്രത്തില്‍ അഞ്ച് തവണയാണ് ഒരേ ഇന്നിങ്‌സില്‍ മൂന്ന് താരങ്ങള്‍ സെഞ്ച്വറി നേട്ടം കൈവരിച്ചത്.

ഏകദിനത്തിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി

(എണ്ണം – ടീം – താരങ്ങള്‍ – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

3 – സൗത്ത് ആഫ്രിക്ക – ഹാഷിം അംല/റിലേ റൂസോ/ എ.ബി. ഡി വില്ലിയേഴ്സ് – വെസ്റ്റ് ഇന്‍ഡീസ് – 2015

3 സൗത്ത് ആഫ്രിക്ക -ക്വിന്റണ്‍ ഡി കോക്ക്/ ഫാഫ് ഡു പ്ലെസിസ്/ എ.ബി ഡിവില്ലിയേഴ്സ് -ഇന്ത്യ -2015

3 ഇംഗ്ലണ്ട് – ഫില്‍ സാള്‍ട്ട്/ ഡേവിഡ് മലന്‍/ ജോസ് ബട്‌ലര്‍ – നെതര്‍ലാന്‍ഡ്സ് – 2022

3 സൗത്ത് ആഫ്രിക്ക – ക്വിന്റണ്‍ ഡി കോക്ക്/ റാസി വാന്‍ ഡെര്‍ ഡസന്‍ / ഏയ്ഡന്‍ മാര്‍ക്രം – ശ്രീലങ്ക -2023

3 ഓസ്‌ട്രേലിയ – ട്രാവിസ് ഹെഡ്/ എം. മാര്‍ഷ്/ സി. ഗ്രീന്‍ – സൗത്ത് ആഫ്രിക്ക – 2025*

Content Highlight: Australia became only second team to register 3 top orders to score century in ODI after South Africa