ഹീലിക്ക് വീണ്ടും സെഞ്ച്വറി, സെമിയിലെത്തി ഓസ്‌ട്രേലിയ; തുടര്‍ച്ചയായ നാലാം തോല്‍വിയുമായി ബംഗ്ലാദേശ്
WOMEN'S ODI WORLD CUP 2025
ഹീലിക്ക് വീണ്ടും സെഞ്ച്വറി, സെമിയിലെത്തി ഓസ്‌ട്രേലിയ; തുടര്‍ച്ചയായ നാലാം തോല്‍വിയുമായി ബംഗ്ലാദേശ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th October 2025, 9:43 pm

ഐ.സി.സി വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്ട്രേലിയന്‍ വനിതകള്‍. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ഓസീസ് നേടിയത്. ഇതോടെ ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 24.5 ഓവറില്‍ ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ അലീസ ഹീലിയുടെ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്. മറ്റൊരു തോല്‍വി ഏറ്റുവാങ്ങിയതോടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ബംഗ്ലാദേശ് വനിതകള്‍ നേരിട്ടത്.

നേരത്തെ, ബാറ്റിങ്ങില്‍ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഓസ്ട്രേലിക്കാര്‍ വിക്കറ്റ് വീഴ്ത്തി ടീമിനെ സമ്മര്‍ദത്തിലാക്കി. ഇതോടെ സ്‌കോറിങ്ങിന്റെ വേഗത കുറയുകയും ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താനുമായില്ല.

ടീമിനായി ശോഭന മോസ്റ്ററി, റൂബിയ ഹൈദര്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തി. മോസ്റ്ററി 80 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ ഹൈദര്‍ 59 പന്തില്‍ 44 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇവര്‍ക്ക് പുറമെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

ഓസ്ട്രേലിയ്ക്കായി അലന കിങ്, ജോര്‍ജിയ വെയര്‍ഹാം, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒപ്പം മേഗന്‍ ഷട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയന്‍ നിരയില്‍ അലീസ ഹീലി 77 പന്തില്‍ പുറത്താവാതെ 113 നേടി. 20 ഫോറുകളായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ നിന്ന് പിറന്നത്. ഇതോടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ സെഞ്ച്വറി നേടാനും ഓസീസ് ക്യാപ്റ്റനായി.

ക്യാപ്റ്റന് പുറമെ, ഫോബ് ലിച്ച്ഫീല്‍ഡും മികച്ച പ്രകടനം നടത്തി. താരം 72 പന്തില്‍ പുറത്താവാതെ 84 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒരു സിക്സും 12 ഫോറുമാണ് താരം അടിച്ചത്. ഇരുവരും ബംഗ്ലാദേശിന് അവസരം നല്‍കാതെ ക്രീസില്‍ ഉറച്ച് നിന്നതോടെ ഓസീസ് 151 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. ഇതോടെ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

Content Highlight: Australia defeated Bangladesh in ICC Women’s ODI World Cup with Alyssa Healy’s century