കൊടുങ്കാറ്റായി ടിം ഡേവിഡ്; തിരുത്തിയത് കങ്കാരുക്കളുടെ തന്നെ ചരിത്രം!
Cricket
കൊടുങ്കാറ്റായി ടിം ഡേവിഡ്; തിരുത്തിയത് കങ്കാരുക്കളുടെ തന്നെ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th July 2025, 12:55 pm

ഓസ്ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വെടിക്കെട്ട് പ്രകടനവുമായി ടിം ഡേവിഡ്. പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് താരം സെഞ്ച്വറിയുമായി മിന്നും പ്രകടനം നടത്തിയത്. താരത്തിന്റെ കരുത്തില്‍ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു. ആതിഥേയര്‍ ഉയര്‍ത്തിയ 214 റണ്‍സ് 23 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നാണ് കങ്കാരുക്കള്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ചത്.

മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍മാരെ നാല് പാടും അടിച്ചാണ് ടിം ഡേവിഡ് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വെറും 37 പന്തിലാണ് താരം മത്സരത്തില്‍ സെഞ്ച്വറി നേടിയത്. 11 സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 275. 68 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് താരം വിന്‍ഡീസ് ബൗളര്‍മാരെ അടിച്ചൊതുക്കിയത്.


ഈ പ്രകടനത്തോടെ ഒരു നേട്ടവും സ്വന്തമാക്കാനായി. ടി – 20യില്‍ കങ്കാരുക്കള്‍ക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് ഡേവിഡിന് സാധിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലീസ് സ്വന്തമാക്കിയ നേട്ടമാണ് താരം മറികടന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീസ് സ്‌കോട്ട്‌ലാന്‍ഡിനെതിരെ 43 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു.

നാലാം ഓവറില്‍ ബാറ്റിങ്ങിനെത്തിയാണ് ഡേവിഡ് വിന്‍ഡീസിനെ പഞ്ഞിക്കിട്ടത്. ക്രീസിലെത്തി ആദ്യ ബോളില്‍ തന്നെ ബൗണ്ടറി നേടി താരം താരം തന്റെ നയം വ്യക്തമാക്കി. പിന്നീട് അങ്ങോട്ട് സികസറുകളും ഫോറുകളുമായി ബൗളര്‍മാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ഓസ്ട്രേലിയന്‍ താരം അടിച്ചൊതുക്കി.

നേരിട്ട പന്തില്‍ 16ാം തന്നെ ഡേവിഡ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. അതോടെ മറ്റൊരു റെക്കോഡും താരത്തിന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞു. ഓസ്ട്രേലിയയ്ക്കായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം എന്ന നേട്ടമാണ് 29കാരന് മുന്നില്‍ വീണത്. നേരത്തെ ഈ റെക്കോഡ് മാര്‍ക്കസ് സ്റ്റോയ്നിസും ട്രാവിസ് ഹെഡിന്റെയും പേരിലായിരുന്നു. ഇരുവരും 17 പന്തില്‍ 50 റണ്‍സ് കടന്നത്.

ഡേവിഡിന് അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷം മൂന്നക്കം കടക്കാന്‍ വേണ്ടിവന്നത് 21 പന്തുകളാണ്. റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 17ാം ഓവറിലെ ആദ്യ പന്തില്‍ ഫോര്‍ നേടിയാണ് താരം തന്റെ സെഞ്ച്വറിയും ടീമിന്റെ വിജയവും പൂര്‍ത്തീകരിച്ചത്.

സെഞ്ച്വറിക്ക് പുറമെ താരം യുവതാരം മിച്ചല്‍ ഓവനൊപ്പം 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. ഇരുവരുടെയും കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 17ാം ഓവറില്‍ തന്നെ വിജയത്തിലേക്ക് നയിച്ചത്.

വിജയത്തോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 3 – 0 മുന്നിലെത്തി. ആദ്യ രണ്ട് മത്സരത്തിലും കങ്കാരുക്കള്‍ വിന്‍ഡീസിനെതിരെ ആധികാരിക വിജയം നേടിയിരുന്നു. ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് പരമ്പരയില്‍ ബാക്കിയുള്ളത്.

Content Highlight: Aus vs Wi: Tim David registered fastest century for Australia in T20I