ഐ.സി.സി വനിതാ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 320 റണ്‍സിന്റെ വിജയലക്ഷ്യവുമായി സൗത്ത് ആഫ്രിക്ക. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
ലോറ വോള്‍വാര്‍ഡ് 143 പന്ത് നേരിട്ട് 169 റണ്‍സാണ് അടിച്ചെടുത്തത്. 20 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ടാസ്മിന്‍ ബ്രിറ്റ്‌സ് (65 പന്തില്‍ 45), മാരിസന്‍ കാപ്പ് (33 പന്തില്‍ 42). ക്ലോ ട്രയോണ്‍ (26 പന്തില്‍ പുറത്താകാതെ 33) എന്നിവരുടെ പ്രകടനവും ടോട്ടലില്‍ നിര്‍ണായകമായി.
ഈ മത്സരത്തില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനെ തേടി പല റെക്കോഡ് നേട്ടങ്ങളും പിറന്നിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ 5,000 റണ്‍സ് എന്ന നേട്ടമാണ് ഇതില്‍ ആദ്യം. സെമിയില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് ലോറ ചരിത്ര നേട്ടം സ്വന്തമാക്കിയത്. വനിതാ ഏകദിനത്തില്‍ ലോറയടക്കം ഇതുവരെ ആറ് താരങ്ങള്‍ മാത്രമാണ് 5,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
മിതാലി രാജ് – ഇന്ത്യ – 211 – 7,805
ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 180 – 5,992
സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 169 – 5,936
സ്റ്റെഫനി ടെയ്‌ലര്‍ – വെസ്റ്റ് ഇന്‍ഡീസ് – 163 – 5,873
സ്മൃതി മന്ഥാന – ഇന്ത്യ – 115 – 5,253
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 117 – 5,121*
ബെലിന്‍ഡ ക്ലാര്‍ക് – ഓസ്‌ട്രേലിയ – 114 – 4,844
ഇതിന് പുറമെ വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ സ്വന്തമാക്കുന്ന ഓപ്പണര്‍മാരുടെ പട്ടികയിലും ലോറ ഒന്നാമതെത്തി. ഇത് 48ാം തവണയാണ് വോള്‍വാര്‍ഡിന്റെ ബാറ്റില്‍ നിന്നും 50+ സ്‌കോര്‍ പിറക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ലോറ.
(താരം – ടീം – ഇന്നിങ്‌സ് – എത്ര തവണ എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – ഇന്ത്യ – 114 – 48
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 117 – 48*
സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 45 – 135
ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 117 – 39
ഐ.സി.സി വനിതാ ലോകകപ്പിന്റെ നോക്ക്ഔട്ടുകളില്‍ ഏറ്റവുമുയര്‍ന്ന മൂന്നാമത് സ്‌കോര്‍ എന്ന നേട്ടവും ലോറ വോള്‍വാര്‍ഡ് തന്റെ പേരിലെഴുതിച്ചേര്‍ത്തു.
(താരം – ടീം – എതിരാളികള്‍ – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – ഓസ്‌ട്രേലിയ – 171* – ഡെര്‍ബി – 2017
അലീസ ഹീലി – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – ക്രൈസ്റ്റ്ചര്‍ച്ച് – 170 – 2022
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 169 – 2025*
നാറ്റ് സിവര്‍ ബ്രണ്ട് – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 148* – ക്രൈസ്റ്റ്ചര്‍ച്ച് – 2022
ഇതിനൊപ്പം രണ്ട് തവണ വനിതാ ഏകദിനത്തില്‍ 150+ സ്‌കോര്‍ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനാകാനും ലോറയ്ക്ക് സാധിച്ചു. 2024ല്‍ പോച്ചഫ്‌സ്ട്രൂമില്‍ ശ്രീലങ്കയ്ക്ക് പുറത്താകാതെ താരം 184 റണ്‍സ് നേടിയിരുന്നു.
അതേസമയം, സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 320 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34 എന്ന നിലയിലാണ്.
Content Highlight: AUS vs ENG: ICC Women’s ODI World Cup: Laura Wolvaardt create several records