ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനെ ഞെട്ടിച്ച് ഓഗ്‌സ്‌ബെര്‍ഗ്. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണ്‍ പരാജയപ്പെട്ടത്.
ഈ സീസണില്‍ ബുണ്ടസ് ലീഗയില്‍ ബയേണിന്റെ ആദ്യ പരാജയമാണിത്. പരാജയപ്പെട്ടതാകട്ടെ പോയിന്റ് പട്ടികയിലെ 13ാം സ്ഥാനക്കാരോടും.
മത്സരത്തില്‍ ലീഡ് നേടുകയും 75ാം മിനിട്ട് വരെ എതിരാളികളെ കൊണ്ട് ഗോളടിപ്പിക്കാതെ തടഞ്ഞുനിര്‍ത്തിയതിനും ശേഷമായിരുന്നു ബയേണിന്റെ പരാജയം. ബവാരിയന്‍സിനായി ഹിരോകി ഇറ്റോ ഗോള്‍ നേടിയപ്പോള്‍ ആര്‍തര്‍ ഷാവേസും ഹാന്‍-നോഹ് മസെന്‍ഗോയുമാണ് ഓഗ്‌സ്‌ബെര്‍ഗിനായി വലകുലുക്കിയത്.
ഹാരി കെയ്‌നിനെ ആക്രമണത്തിന്റെ ചുമതലയേല്‍പ്പിച്ച് 4-2-3-1 എന്ന ഫോര്‍മേഷനിലാണ് വിന്‍സെന്റ് കോംപാനി തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് 3-4-2-1 എന്ന ശൈലിയാണ് ഓഗ്‌സ്‌ബെര്‍ഗ് അവലംബിച്ചത്.
മത്സരത്തിന്റെ 23ാം മിനിട്ടില്‍ ഇറ്റോ ബയേണിനെ മുമ്പിലെത്തിച്ചു. മൈക്കല്‍ ഒലിസെയുടെ അസിസ്റ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്.
ഈ ഗോളിന്റെ ബലത്തില്‍ ടീം ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയില്‍ ജമാല്‍ മുസിയാല, ജോഷ്വാ കിമ്മിച്ച് എന്നിവരെയടക്കം കളത്തിലിറക്കി ബയേണ്‍ കളത്തില്‍ കരുത്ത് വര്‍ധിപ്പിച്ചു. മറുവശത്ത് ഓഗ്‌സ്‌ബെര്‍ഗും നിര്‍ണായക മാറ്റങ്ങള്‍ വരുത്തി.
75ാം മിനിട്ടിലാണ് ഷാവേസ് ഓഗ്‌സ്‌ബെര്‍ഗിനായി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തുന്നത്. 81ാം മിനിട്ടില്‍ മസെന്‍ഗോ ഓഗ്‌സ്‌ബെര്‍ഗിനെ മുമ്പിലെത്തിക്കുകയും ചെയ്തു.
തുടര്‍ന്ന് നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ബയേണിനെ ഗോളടിക്കാന്‍ അനുവദിക്കാതെ പൂട്ടിയതോടെ ഓഗ്‌സ്‌ബെര്‍ഗ് സീസണിലെ ഏറ്റവും വലിയ അട്ടിമറി വിജയം സ്വന്തമാക്കി.
View this post on Instagram
ബുണ്ടസ് ലീഗയില്‍ കളിച്ച 19 മത്സരത്തില്‍ 16 വിജയവും രണ്ട് സമനിലയും നേടിയ ബയേണ്‍ ആദ്യ തോല്‍വിയും ഏറ്റുവാങ്ങി. പരാജയം നേരിട്ടെങ്കിലും എട്ട് പോയിന്റ് വ്യത്യാസത്തില്‍ ടീം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഈ വിജയത്തോടെ ഓഗ്‌സ്‌ബെര്‍ഗ് 13ാം സ്ഥാനത്തേക്ക് കയറി. 19 മത്സരത്തില്‍ നിന്നും അഞ്ച് വിജയവും നാല് സമനിലയും പത്ത് തോല്‍വിയുമായി 19 പോയിന്റാണ് ഓഗ്‌സ്‌ബെര്‍ഗിനുള്ളത്.
സീസണില്‍ ബയേണിന്റെ രണ്ടാമത് മാത്രം തോല്‍വിയാണിത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിനോടുള്ള തോല്‍വിയൊഴിച്ചാല്‍ അപരാജിതരായി കുതിക്കവെയാണ് ഓഗ്‌സ്‌ബെര്‍ഗിന് മുമ്പില്‍ തടഞ്ഞുവീണത്.
ജനുവരി 29നാണ് ബയേണ്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഐന്തോവാനിലെ ഫിലിപ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ പി.എസ്.വിയാണ് എതിരാളികള്‍.
Content Highlight: Augsburg FC defeated Bayern Munich