വന്‍ ഹൈപ്പില്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ തെലുങ്ക് ചിത്രമാണ് അഖണ്ഡ 2. നന്ദമൂരി ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ ആദ്യദിനം തന്നെ മോശം അഭിപ്രായങ്ങള്‍ കാരണം അഖണ്ഡ 2 ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി. എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ബാലകൃഷ്ണയുടെ മകളുടെ കഥാപാത്രമാണ് ട്രോളന്മാരുടെ പുതിയ ഇര. മുരളി കൃഷ്ണ എന്ന കഥാപാത്രത്തിന്റെ മകള്‍ ഈ ചിത്രത്തില്‍ DRDOയിലെ സയന്റിസ്റ്റാണ്. 17 വയസുള്ള പെണ്‍കുട്ടി എങ്ങനെയാണ് ഇത്ര വലിയ പൊസിഷനിലെത്തിയത് എന്ന് മന്ത്രിയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ഷംന കാസിമിന്റെ കഥാപാത്രം പറയുന്ന മറുപടി ട്രോള്‍ മെറ്റീരിയലായി മാറി.
‘ആ കുട്ടിയുടെ ഐ.ക്യൂ 226 ആണ്. ഇന്ത്യയിലെ ടോപ്പറാണ് ആ കുട്ടി. സയന്‍സ് ടെസ്റ്റില്‍ ഈ നാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ആ കുട്ടിയാണ്’ എന്ന ഡയലോഗ് പല ട്രോള്‍ പേജുകളും ഇതിനോടകം ഏറ്റെടുത്തു. സംവിധായകന്റെ ലോജിക്കില്ലായ്മ ഈ സീനില്‍ അതിരുവിട്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടന്റെ ഐ.ക്യൂ പോലും 160 മാത്രമായിരുന്നു.
‘സിനിമയില്‍ പല തരത്തിലുള്ള തള്ള് കണ്ടിട്ടുണ്ട്. ഇത്രക്ക് ഭീകരമായ ഒന്ന് ഇതാദ്യമായിട്ടാണ്’, ‘എന്റെ പൊന്ന് ശ്രീനുവേ, കുറച്ച് ഐ.ക്യൂ തനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനൊരു ഡയലോഗ് എഴുതുമോ?’, ‘ഒന്നുകൂടെ ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ നാസയിലെ സയന്റിസ്റ്റായേനെ’ എന്നിങ്ങനെയാണ് പല കമന്റുകളും. എന്നാല്‍ സംവിധായകന്‍ ആദ്യമായല്ല ഇങ്ങനെ ബുദ്ധിയുള്ള കഥാപാത്രങ്ങളെ കാണിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മുന്‍ ചിത്രമായ സ്‌കന്ദയില്‍ നായകനായ റാം പൊത്തിനേനിയെ ഇന്റര്‍നാഷണല്‍ ഹാക്കറായാണ് അവതരിപ്പിച്ചതെന്ന് ചിലര്‍ ഓര്‍മപ്പെടുത്തി. അതിനും മുമ്പ് സംവിധാനം ചെയ്ത സരൈനോടു (മലയാളത്തില്‍ യോദ്ധാവ്) എന്ന സിനിമയില്‍ അല്ലു അര്‍ജുനെയും ടോപ് ലെവല്‍ കഥാപാത്രമായാണ് അവതരിപ്പിച്ചത്. ഇന്ത്യന്‍ മിലിട്ടറിയിലെ പല മെഡലുകളും ചെറിയ പ്രായത്തില്‍ സ്വന്തമാക്കിയ പട്ടാളക്കാരനെന്ന് പറഞ്ഞ് അല്ലു അര്‍ജുനെ പരിചയപ്പെടുത്തുന്ന രംഗവും വൈറലായി.
ഡയലോഗുകള്‍ മാത്രമല്ല, ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ട്രോള്‍ മെറ്റീരിയലാണ്. ഹെലികോപ്റ്ററിന്റെ ഫാന്‍ ശൂലം കൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന രംഗവും റോബോട്ടുകളെ അടിച്ചിടുന്ന രംഗവും ട്രോളന്മാരുടെ ഇരയായി മാറി. ഒറ്റനോട്ടത്തില്‍ തന്നെ ഗ്രീന്‍ മാറ്റാണെന്ന് മനസിലാകുന്ന തരത്തില്‍ അവതരിപ്പിച്ച വി.എഫ്.എക്‌സിനെയും സോഷ്യല്‍ മീഡിയ വെറുതെ വിടുന്നില്ല.
Content Highlight: Audience trolling Akhanda 2 director for logic less dialogue