ചിലരെപ്പോലെ തിരിച്ചുവരവാണെന്ന് സ്വയം പറഞ്ഞ് നടന്നില്ല, കണ്ടവര്‍ പറയുന്നു, നിവിന്‍ തിരിച്ചുവന്നു
Malayalam Cinema
ചിലരെപ്പോലെ തിരിച്ചുവരവാണെന്ന് സ്വയം പറഞ്ഞ് നടന്നില്ല, കണ്ടവര്‍ പറയുന്നു, നിവിന്‍ തിരിച്ചുവന്നു
അമര്‍നാഥ് എം.
Thursday, 25th December 2025, 6:35 pm

മോളിവുഡിലെ യുവനടന്മാരില്‍ ഏറ്റവും വലിയ ഫാന്‍ബേസുള്ള താരമാണ് നിവിന്‍ പോളി. മലര്‍വാടിയിലൂടെ കരിയര്‍ ആരംഭിച്ച നിവിന്‍ ഒരുകാലത്ത് യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ട ചോയിസായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ക്ലാഷ് വെച്ച് ഹിറ്റ് നേടിയ നിവിന്‍ പോളി ഇടക്ക് തന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്റെ ട്രാക്ക് ചെറുതായി മാറ്റിയിരുന്നു.

എന്റര്‍ടൈന്മെന്റ് വിട്ട് പരീക്ഷണ സിനിമകള്‍ക്ക് പ്രാധാന്യം കൊടുത്ത നിവിന്റെ തീരുമാനം പാളുകയായിരുന്നു. പിന്നീട് പഴയ നിവിന്‍ പോളിയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വം മായ അതിനുള്ള ഉത്തരമാണ്. ഒരുപാട് കാലമായി മിസ്സായ ആ പഴയ ചാമിങ് നിവിന്റെ കംബാക്ക്.

അടുത്തവീട്ടിലെ പയ്യനെന്ന് തോന്നിക്കുന്ന, നമ്മളില്‍ പലരുടെയും ജീവിതാവസ്ഥ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിവിന്‍ മുന്‍പന്തിയിലാണ്. യുവനടന്മാരില്‍ നിവിനെപ്പോലെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന നടന്‍ വേറെയില്ലെന്ന് തന്നെ പറയാം. സര്‍വം മായയിലെ പ്രഭേന്ദു നിവിന്‍ പോളിക്ക് മാത്രം ചെയ്യാനാകുന്ന കഥാപാത്രങ്ങളിലൊന്നാണ്.

ചില സീനുകളില്‍ നിവിന്‍ നല്കുന്ന പ്രത്യേക എക്‌സ്പ്രഷനുകള്‍ക്ക് പോലും തിയേറ്ററില്‍ കൈയടിയായിരുന്നു. അച്ഛന്റെ വേഷം ചെയ്ത രഘുനാഥ് പലേരിയുമായി രണ്ട് കോമ്പിനേഷന്‍ സീനുകളാണ് നിവിനുള്ളത്. എന്നാല്‍ ആ രണ്ട് സീനുകളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. രണ്ട് സീനുകളിലെയും നിവിന്റെ പെര്‍ഫോമന്‍സ് എടുത്തുപറയേണ്ടതാണ്.

ഇമോഷണലായ ട്രാക്കിലൂടെ പോകുമ്പോഴും ചില ഡയലോഗുകള്‍ കൊണ്ട് നിവിന്‍ ചിരിപ്പിക്കുന്നുണ്ട്. അയാളിലെ പെര്‍ഫോമര്‍ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ കളക്ഷനില്‍ നിവിന്‍ ഫാക്ടര്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. ഒ.ടി.ടി റിലീസിന് ശേഷം ആ സിനിമയിലെ പല കാര്യങ്ങളും ട്രോള്‍ മെറ്റീരിയലായപ്പോഴും നിവിന്റെ കഥാപാത്രം വേറിട്ടുനിന്നു.

സര്‍വം മായ നിവിനിലെ എന്റര്‍ടൈനറെയും നടനെയും ഒരുപോലെ അടയാളപ്പെടുത്തിയ സിനിമയാണ്. ഏറെക്കാലമായി ആരാധകര്‍ കാത്തിരുന്നത് ഇതുപോലുള്ള നിവിന്റെ കഥാപാത്രത്തിന് വേണ്ടിയായിരുന്നു. സിനിമ അവസാനിക്കുമ്പോള്‍ ലഭിക്കുന്ന കൈയടികള്‍ നിവിന്റെ തിരിച്ചുവരവ് അടിവരയിടുന്നതാണെന്ന് സംശയമില്ലാതെ പറയാനാകും.

പ്രേക്ഷകരുടെ ഇത്തരം സ്വാഭാവികമായ സ്വീകാര്യത കാണുമ്പോഴാണ് ജനങ്ങളുടെ പ്രിയം നഷ്ടമായ ഒരു മുന്‍നിര നടന്‍ അടുത്തിടെ തന്റെ സിനിമയില്‍ ‘ഞാനിതാ തിരിച്ചുവരികയാണേ’ എന്ന് പറഞ്ഞുനടന്നതിനെ പുച്ഛിച്ച് തള്ളാന്‍ തോന്നിയത്. സ്വാഭാവികമായി ഉണ്ടാകേണ്ട കംബാക്കിനെ ആര്‍ക്കും ഫോഴ്‌സ് ചെയ്ത് സൃഷ്ടിക്കാനാകില്ലെന്ന് ഇത്തരം നടന്മാര്‍ തിരിച്ചറിയുന്നത് നല്ലതായിരിക്കും.

Content Highlight: Audience saying Sarvam Maya movie is comeback for Nivin Pauly

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം