ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രമാണ് കളങ്കാവൽ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരുന്നത്. മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തുന്നുവെന്നതായിരുന്നു ചിത്രത്തിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിച്ച പ്രധാന ഘടകം.
തിയേറ്റർ റിലീസിന് ശേഷം തന്നെ വലിയ ചർച്ചകളും മികച്ച വിജയവും നേടിയ കളങ്കാവൽ, ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തിയത് തുടക്കത്തിൽ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം വ്യാപകമായി പ്രശംസിക്കപ്പെട്ടു.
സ്ത്രീകളെ പ്രണയിച്ച് വശീകരിക്കുകയും, ലൈംഗികബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സൈക്കോയായ സ്റ്റാൻലി ദാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അദ്ദേഹത്തിന്റെ വില്ലൻ പരിവേഷവും സൂക്ഷ്മമായ ഭാവാഭിനയങ്ങളും പ്രേക്ഷകർ പ്രത്യേകം എടുത്തുപറഞ്ഞ ഒന്നായിരുന്നു.
ഇപ്പോഴിതാ, സിനിമയിലെ ഓരോ കഥാപാത്രത്തിന്റെ അഭിനയമികവും ഡയറക്ടർ ബ്രില്യൻസും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്. ഇതിൽ പ്രത്യേകിച്ച് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്ന ഡയറക്ടർ ബ്രില്യൻസ് എന്ന് തോന്നിക്കുന്ന ഒരു സീൻ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
കളങ്കാവൽ, Photo: SonyLIV
കളങ്കാവൽ ആദ്യമായി കാണുമ്പോൾ പലർക്കും തോന്നിയ സംശയമായിരുന്നു ഇത്രയും ആരോഗ്യവാനായ പോലീസുകാരനായ മണിയെ സ്റ്റാൻലി ദാസ് എങ്ങനെ അത്ര നിഷ്പ്രയാസം കീഴടക്കി എന്നത്. എന്നാൽ സിനിമ രണ്ടാം തവണ ശ്രദ്ധിച്ചു കണ്ടപ്പോഴാണ് ഇതിന്റെ ഉത്തരം ചിത്രത്തിൽ തന്നെ ഒളിപ്പിച്ചിരിക്കുന്നതെന്ന് പലരും കണ്ടെത്തിയത്.
സ്റ്റാൻലി ദാസിന്റെ വീട്ടിൽ പഴയ ഫോട്ടോകൾ കാണിക്കുന്ന ഒരു രംഗം സിനിമയിൽ ഉണ്ട്. അതിൽ, ചെറുപ്പത്തിൽ തന്നെ തന്റെ ആശാനെപ്പോലും കീഴടക്കുന്ന രീതിയിലുള്ള ഒരു ചിത്രം കാണാം. ആ ഒറ്റ ചിത്രത്തിലൂടെ തന്നെ സ്റ്റാൻലി ഒരു കളരി അഭ്യാസിയായിരുന്നുവെന്നും, മർമവിദ്യയിൽ അയാൾ എത്രത്തോളം അറിവുള്ളവനാണെന്നും സംവിധായകൻ സൂക്ഷ്മമായി വ്യക്തമാക്കുന്നു. കഴുത്തിന് പിടിക്കുന്ന സ്റ്റാൻലിയുടെ ഐക്കോണിക് മർമപ്രയോഗം ഇതിന്റെ തെളിവാണ്.
കളങ്കാവൽ, Photo: IMDb
ക്ലൈമാക്സിൽ വിനായകന്റെ കഥാപാത്രമായ നത്തിനെയും സ്റ്റാൻലി ഇതേ രീതിയിൽ പിടിക്കുന്നുണ്ടെങ്കിലും, ഭാഗ്യംകൊണ്ടാണ് നത്ത് രക്ഷപ്പെടുന്നത്. ഇതിലൂടെ സ്റ്റാൻലിക്ക് ശക്തമായ ഒരു ബാക്ക് സ്റ്റോറി ഉണ്ടെന്ന് പ്രേക്ഷകന് ബോധ്യപ്പെടുന്നു. തന്റെ ഗുരുവിനെപോലും കീഴ്പ്പെടുത്താൻ കഴിവുള്ള ഒരു ശിഷ്യനാണ് സ്റ്റാൻലി ദാസ് എന്ന സൂചനയാണ് സംവിധായകൻ നൽകുന്നത്.
ഒരു ചെറിയ ദൃശ്യത്തിലൂടെ തന്നെ പറയാതെ പലതും പറയുന്ന ജിതിൻ കെ. ജോസിന്റെ സംവിധാന മികവാണ് ഇവിടെ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. മണിയെ എങ്ങനെ ഇത്ര എളുപ്പത്തിൽ സ്റ്റാൻലി കീഴടക്കിയെന്ന ചോദ്യത്തിന് ഉത്തരം സിനിമ ശ്രദ്ധിച്ചു കാണുന്നവർക്ക് തന്നെ കണ്ടെത്താനാവുമെന്നും, അത്തരം നിരവധി സൂഷ്മമായ ബ്രില്യൻസ് ഒളിപ്പിച്ച ഒരു സിനിമയാണ് കളങ്കാവൽ എന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Content Highlight: Audience discovers directorial brilliance in Kalamkaval movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.