ജമാഅത്തിന്റെ നിലപാടുകളോട് വിയോജിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരിധികള്‍ ലംഘിച്ചു: വി. വസീഫ്
Kerala
ജമാഅത്തിന്റെ നിലപാടുകളോട് വിയോജിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരിധികള്‍ ലംഘിച്ചു: വി. വസീഫ്
രാഗേന്ദു. പി.ആര്‍
Tuesday, 20th January 2026, 7:08 pm

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകളോട് വിയോജിക്കുന്ന മുസ്‌ലിം പണ്ഡിതരെയും രാഷ്ട്രീയ നിരീക്ഷകരെയും എഴുത്തുകാരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.

ഇസ്‌ലാമിക പണ്ഡിതനും ഗവേഷകനുമായ ജവാദ് മുസ്തഫവിക്കെതിരെ സൈബര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് വസീഫിന്റെ പ്രതികരണം.

ജമാഅത്തിന്റെ ആശയ അസംബന്ധങ്ങളെയും ഇരട്ടത്താപ്പുകളെയും തുറന്നുകാട്ടുമ്പോള്‍, അതിനോട് സംവാദാത്മകമായി പ്രതികരിക്കുന്നതിന് പകരം ഇക്കൂട്ടര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ആക്രമണം നടത്തുകയാണെന്നും വി. വസീഫ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വസീഫ് പ്രതികരിച്ചത്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് നില്‍ക്കാത്ത വിശ്വാസികളെയും പണ്ഡിതന്മാരെയും സൈബര്‍ ആക്രമണത്തിലൂടെ നാവടപ്പിക്കാമെന്നാണ് കോണ്‍ഗ്രസ്- ലീഗ്-ജമാഅത്ത് കൂട്ടുകെട്ട് കരുതുന്നതെന്നും വസീഫ് പറഞ്ഞു.

മുസ്‌ലിം പണ്ഡിതരെ ഇല്ലാതാക്കാന്‍ മുസ്‌ലിം ലീഗ് തന്നെ കായികമായി ശ്രമിച്ചിട്ടും വിജയിക്കാത്ത നാടാണിതെന്ന് യു.ഡി.എഫ് നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും വസീഫ് എഴുതി.

കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിലെ പ്രൈംടൈം ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സംസാരിച്ചതിന് പിന്നാലെയാണ് ജവാദ് മുസ്തഫവിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.

സൈബര്‍ ആക്രമണത്തിന് പിന്നാലെ മുസ്തഫവി ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണവും വലിയ വാര്‍ത്തയായിരുന്നു.

‘വെള്ളാപ്പള്ളി കാന്തപുരം ഉസ്താദിനെ ആക്ഷേപിച്ചില്ലേ എന്നൊക്കെ വിലപിക്കുന്നവരോടാണ്. മുസ്‌ലിം ലീഗുകാര്‍, ജമാഅത്തെ ഇസ്‌ലാമിക്കാര്‍, മുജാഹിദുകള്‍ തുടങ്ങിയവര്‍ ആക്ഷേപിച്ചതിന്റെ ഒരു ശതമാനം അധിക്ഷേപം പോലും വെള്ളാപ്പള്ളിയില്‍ നിന്നുണ്ടായിട്ടുണ്ടാവില്ല. അതുകൊണ്ട്, ആദ്യം മുസ്‌ലിം ലീഗുകാര്‍, ജമാഅത്തെ ഇസ്‌ലാമിക്കാര്‍, മുജാഹിദുകള്‍ തുടങ്ങിയവര്‍ നടത്തിയ അധിക്ഷേപങ്ങളൊക്കെ തിരുത്തി വരിവരിയായി വരൂ,’ എന്നായിരുന്നു ജവാദ് മുസ്തഫവിയുടെ പോസ്റ്റ്.

‘വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകള്‍ വരുന്നതും കാത്തിരിക്കുന്നവര്‍ക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം. എന്നാല്‍ സുന്നികള്‍ക്ക് അതല്ല കേരളം. കനഗോലു-ഐപാക് ടീം ഓടിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ആ കാറില്‍ കയറണോ വേണ്ടയോ എന്നത് സുന്നികള്‍ക്ക് ഒരു സാങ്കേതിക കാര്യമല്ല. ധാര്‍മികമായ ഉത്കണ്ഠയാണ്,’ എന്നും മുസ്തഫവി മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.

Content Highlight: Attempts to defame those who disagree with Jamaat’s stance have crossed the line: V. Vaseef

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.