ചുരത്തില്‍ മണ്ണിടിഞ്ഞു, അട്ടപ്പാടി ഒറ്റപ്പെട്ടു; മണ്ണാര്‍ക്കാട് -കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാനപാത താല്‍ക്കാലികമായി അടച്ചു
Kerala News
ചുരത്തില്‍ മണ്ണിടിഞ്ഞു, അട്ടപ്പാടി ഒറ്റപ്പെട്ടു; മണ്ണാര്‍ക്കാട് -കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാനപാത താല്‍ക്കാലികമായി അടച്ചു
രാജേഷ് വി അമല
Wednesday, 11th July 2018, 1:46 pm

 

പാലക്കാട്: അട്ടപ്പാടി ചുരത്തിലെ പത്താം വളവില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – കോയമ്പത്തൂര്‍ പാത താല്‍ക്കാലികമായി അടച്ചു. കാലത്ത് പത്തു മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിയാനുള്ള സാധ്യത തുടരുന്നു.

അഗളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേ സമയം ചുരത്തില്‍ മറ്റൊരിടത്ത് മരം വീണതിനെ തുടര്‍ന്ന് ഫയര്‍ ഫോര്‍സിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


Related News: മഴയെത്തുമ്പോള്‍ അട്ടപ്പാടി ചുരത്തില്‍ പതിയിരിക്കുന്നത് വലിയ ദുരന്തം; കണ്ടില്ലെന്ന് നടിച്ച് അധികാരികള്‍


അട്ടപ്പാടി ചുരത്തിലെ റോഡുകളുടെ അവസ്ഥ ഡൂള്‍ന്യൂസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

വലിയൊരു മഴക്കാലം വരാന്‍ കിടക്കുമ്പോള്‍ അട്ടപ്പാടി ചുരത്തില്‍ ഒരു മുന്‍കരുതലും അധികാരികള്‍ എടുത്തിട്ടില്ലെന്ന് നേരത്തെ പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. കൂറ്റന്‍ മരങ്ങളും പാറക്കെട്ടുകളും ദുരന്തം വിതയ്കാന്‍ പാകത്തില്‍ ചുരത്തിനിരുവശവും റോഡിലേയ്ക്ക് തൂങ്ങിനിന്ന നിലയിലായിരുന്നു. റോഡിന്റെ നാല്‍പ്പത് ശതമാനത്തോളം പലയിടങ്ങളിലും ഇടിഞ്ഞുവീണിരുന്നു. കഴിഞ്ഞ മണ്ണിടിച്ചിലില്‍ പാതിയടര്‍ന്ന പാറകളും മരങ്ങളും വേറെയും. സുരക്ഷാ വേലി പലതും ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. പലയിടത്തും പാര്‍ശ്വങ്ങളില്‍ നേരിയ വിള്ളലുകളും കണ്ടുതുടങ്ങിയിരുന്നു.


Also Read:സ്വവര്‍ഗ്ഗാനുരാഗ വിധിയിൽ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം കോടതിക്ക് വിട്ടു


ഏറെ കാലമായുള്ള അട്ടപ്പാടി നിവാസികളുടെ ആവശ്യമാണ് ചുരം വഴിയല്ലാതെയുള്ള ബദല്‍റോഡ്. അട്ടപ്പാടിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് അട്ടപ്പാടി ജനത മുക്കാലിയില്‍ റോഡുപരോധിച്ചിരുന്നു.

രാജേഷ് വി അമല
മലപ്പുറം കോട്ടക്കലില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായും മലബാര്‍ ടൈംസ് ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായും ജോലിചെയ്യുന്നു.