ഗസയിൽ ആക്രമണം തുടരുന്നു; വെടിനിർത്തൽ പദ്ധതി ഇസ്രഈൽ നൂറുശതമാനം പാലിച്ചെന്ന് ട്രംപ്
വാഷിങ്ടൺ: ഗസയിൽ ഇസ്രഈൽ സൈന്യം തുടർച്ചയായ ആക്രമണം നടത്തിയിട്ടും ഇസ്രഈൽ വെടിനിർത്തൽ പദ്ധതി നൂറുശതമാനം പാലിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഗസ സമാധാനപദ്ധതിയുടെ രണ്ടാം ഘട്ടം വളരെ വേഗത്തിൽ കൈവരിക്കുമെന്നും ഗസയുടെ പുനർനിർമാണം ഉടൻ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.
സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇസ്രഈലും ഹമാസും എത്രയും പെട്ടെന്ന് കടക്കണമെന്നും നിരായുധീകരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫ്ലോറിഡയിൽ നടന്ന കൂടികാഴ്ചക്കിടെയായിരുന്നു ട്രംപിന്റെ പരാമർശം.
ഹമാസ് നിരായുധീകരണം നടത്തിയില്ലെങ്കിൽ നരകയാതന നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിൽ, ഫലസ്തീനിൽ ഒരു സാങ്കേതിക സർക്കാർ സ്ഥാപിക്കപ്പെടും. ഹമാസിന്റെ നിരായുധീകരണം, ഇസ്രഈൽ സൈന്യം മേഖലയിൽ നിന്നും പിൻവാങ്ങൽ തുടർന്ന് ഗസയുടെ പുനർനിർമാണം ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവായുധ പദ്ധതികളുടെ നിർമാണം പുനരാരംഭിച്ചാൽ അവർക്കെതിരായും യു.എസ് ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ ഏതൊരു ആക്രമണത്തിനും രാജ്യം കടുത്ത പ്രതികരണം നടത്തുമെന്ന് ഇറാന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അലി ഷാംഖാനി ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി പറഞ്ഞു.
Content Highlight: Attacks continue in Gaza; Trump says Israel is 100 percent compliant with ceasefire plan
VIDEO