അബുദാബി: ഇറാന്റെ സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡിനെ ലക്ഷ്യംവച്ചുള്ള ആക്രമണത്തിൽ അപലപിച്ച് യു.എ.ഇ
ഖത്തറിന്റെ നോർത്ത് ഫീൽഡിലേക്ക് വ്യാപിച്ചുകിടക്കുന്ന സൗത്ത് പാഴ്സ് ഫീൽഡിന് നേരെയുള്ള ആക്രമണങ്ങൾ ആഗോള ഊർജ്ജ വിതരണത്തിനും പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഉപരോധം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘതങ്ങൾ സൃഷ്ടിക്കുമെന്നും സാധാരണക്കാർക്കും സമുദ്ര സുരക്ഷയ്ക്കും, വ്യാവസായിക മേഖലയ്ക്കും കടുത്ത ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏതൊരു സാഹചര്യത്തിലും സുപ്രധാനമായ സംവിധാനങ്ങളെ ലക്ഷ്യം വെക്കുന്നത് ഒഴിവാക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സൗത്ത് പാഴ്സ് ഫീൽഡിലുള്ള വാതക സംഭരണ ടാങ്കുകൾക്ക് നേരെ ബുധനാഴ്ച അമേരിക്ക – ഇസ്രഈൽ വ്യോമാക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പുറത്തുവന്നത്.
പ്രതിദിനം ഏകദേശം 100 ദശലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ള രണ്ട് റിഫൈനറികളുടെ പ്രവർത്തനം ഈ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ടു.
അതേസമയം ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണത്തിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രഈലിനെ വിമർശിച്ചു.
ഈ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഖത്തറിനെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ പ്രത്യാക്രമണം അവസാനിപ്പിക്കണമെന്നും പ്രകോപനം തുടർന്നാൽ ഇറാന്റെ വാതകപ്പാടങ്ങൾക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണത്തെ ഖത്തറും അപലപിച്ചിട്ടുണ്ട്. ‘ആഗോള ഊർജ സുരക്ഷയ്ക്ക് ഭീഷണിയാണ് ആക്രമണം,’ എന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
Content Highlight: Attacking Iran’s energy facilities is a dangerous intrusion: UAE