കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ക്കുനേരെ തീവെപ്പമടക്കമുളള അക്രമ സംഭവങ്ങള്‍ നടന്നതായി പരാതി.
നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലെ ടോളിഗഞ്ച്, കസ്ബ കൂടാതെ ബരുയിപൂര്‍, കമര്‍ഹാട്ടി, ബാരാനഗര്‍, ഹൗറ, ബഹരംപൂര്‍ എന്നിവിടങ്ങളിലെ തങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തതായി ടി.എം.സി ആരോപിച്ചു.
അധികാരത്തില്‍ വന്നയുടന്‍ തന്നെ ബി.ജെ.പി യഥാര്‍ത്ഥ നിറം കാണിച്ചുവെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് ടി.എം.സി പറഞ്ഞു.
‘ അവരുടെ ഗുണ്ടകള്‍ മുര്‍ഷിദാബാദിലെ ഞങ്ങളുടെ പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണങ്ങള്‍ നടത്തി. ഇതാണ് ബി.ജെ.പിയുടെ യാഥാര്‍ത്ഥ മുഖം. ഇതവരുടെ വൃത്തിക്കെട്ട രാഷ്ട്രീയ അധപതനത്തെ അടയാളപ്പെടുത്തുന്നു,’ ടി.എം.സി പ്രതികരിച്ചു.
തൃണമൂല്‍ സ്ഥാനാര്‍ത്ഥി സമീര്‍ പഞ്ചയ്‌ക്കെതിരെയും ആക്രമണം നടന്നതായി പാര്‍ട്ടി ആരോപിച്ചു.
‘ഞങ്ങളുടെ സ്ഥാനാര്‍ത്ഥി സമീര്‍ പഞ്ചയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണം അവരുടെ അക്രമാസക്തമായ മനോഭാവത്തിന്റെ തെളിവാണ്. ഇത് ജനാധിപത്യമല്ല, ഇത് തികഞ്ഞ കൊള്ളയടിയാണ്,’ പാര്‍ട്ടി ഫറഞ്ഞു.
എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്നാണ് ബി.ജെ.പിയുടെ വാദം. ടി.എം.സിക്കുള്ളിലെ ആളുകള്‍ തന്നെയാവാം ആക്രമണത്തിന് പിന്നിലെന്നും ബി.ജെ.പിക്ക് മേല്‍ ആരോപണം ഉന്നയിക്കുകയാണെന്നും ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു.
അക്രമസംഭവങ്ങളില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയതായി ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു. കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്ത് കേന്ദ്ര സേനയെ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
Content Highlight: Attack on TMC offices; TMC says BJP showed its true colors; BJP says they had no role
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.