ന്യൂഡൽഹി: വിബി.ജി റാംജി ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി
വിബി.ജി റാംജി ബിൽ ദരിദ്രർക്കെതിരായ ആക്രമണമാണെന്നും എം.ജി.എൻ.ആർ.ഇ.ജി.എയ്ക്ക് മുകളിലൂടെ കേന്ദ്ര സർക്കാർ ബുൾഡോസർ ഓടിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ ദരിദ്രരുടെ താത്പര്യങ്ങൾ ആക്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ 11 വർഷമായി മോദി സർക്കാർ എം.ജി.എൻ.ആർ.ഇ.ജി.എയെ നിരന്തരമായി ദുർബലപ്പെടുത്തികൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
‘എം.ജി.എൻ.ആർ.ഇ.ജി.എ നിലവിൽ വരുന്നതിലും നടപ്പിലാക്കുന്നതിലും കോൺഗ്രസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ഈ പദ്ധതി ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയുടേതായിരുന്നില്ല. അത് ദേശീയ താത്പര്യത്തിന്റെയും പൊതുജനക്ഷേമത്തിന്റേയുമായിരുന്നു. ഈ നിയമം ദുർബലപ്പെടുത്തുന്നതിലൂടെ മോദി സർക്കാർ കോടികണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ഭൂരഹിതരായ ഗ്രാമീണ ദരിദ്രരുടെയും താത്പര്യങ്ങളെ ആക്രമിച്ചു,’ സോണിയ ഗാന്ധി പറഞ്ഞു.
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും താത്പര്യങ്ങൾ അവഗണിച്ചുകൊണ്ട് പദ്ധതി ദുർബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
‘എം.ജി.എൻ.ആർ.ഇ.ജി.എ കൊണ്ടുവന്നതിലും നടപ്പാക്കുന്നതിലും കോൺഗ്രസിന് വലിയ സംഭാവനയുണ്ട്. അത് രാജ്യത്തിന്റെയും ജനങ്ങളുടെയും ബന്ധപ്പെട്ട ഒരു പദ്ധതിയായിരുന്നു,’ അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു വിബി. ജി റാംജി ബിൽ ലോക്സഭയിൽ പാസാക്കിയത്. സ്പീക്കറുടെ മുഖം മറച്ച് ഗാന്ധിചിത്രം ഉയർത്തിപിടിച്ചും പ്രതിപക്ഷ നേതാക്കൾ മേശയ്ക്കുമുകളിൽ കയറിയുമായിരുന്നു പ്രതിഷേധം നടത്തിയത്.
എട്ട് മണിക്കൂർ നീണ്ട വിശദമായ ചർച്ചയ്ക്കൊടുവിൽ സഭയിൽ ബിൽ അവതരിപ്പിക്കുന്നതിടെ നടുത്തളത്തിലിറങ്ങിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
Content Highlight: Attack on the poor; Sonia Gandhi criticizes Modi over VB.G Ramji Bill