പുതുശ്ശേരി: പാലക്കാട് കരോള്‍ സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജാണ് അറസ്റ്റിലായത്. കസബ പൊലീസിന്റേതാണ് നടപടി.
പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്നലെ (ഞായര്‍) രാത്രിയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ പ്രതി ആക്രമിച്ചത്. രാത്രി 9.15നോടെയായിരുന്നു സംഭവം. പുതുശ്ശേരിയിലെ സുരഭിനഗറില്‍ എത്തിയപ്പോഴായിരുന്നു അക്രമം.
ആക്രമണത്തില്‍ കരോള്‍ സംഘത്തിന്റെ ബാന്‍ഡ് സെറ്റ് അടക്കമുള്ള ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രതി ചോദ്യം ചെയ്തതിന് പിന്നാലെ കുട്ടികള്‍ ബാന്‍ഡ് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ ഡ്രം തകര്‍ന്ന നിലയിലായിരുന്നു.
ഇതിനുപിന്നില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവത്തകരാണെന്ന് ചൂണ്ടിക്കാട്ടി കരോള്‍ സംഘം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സി.പി.ഐ.എം എന്നെഴുതിയ ബാന്‍ഡിനെ ചൊല്ലിയായിരുന്നു ആക്രമണം.