ഗസയ്‌ക്കെതിരായ ആക്രമണം; ഇസ്രഈലിനെതിരെ ആയുധോപരോധമേര്‍പ്പെടുത്തണം: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
World
ഗസയ്‌ക്കെതിരായ ആക്രമണം; ഇസ്രഈലിനെതിരെ ആയുധോപരോധമേര്‍പ്പെടുത്തണം: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
നിഷാന. വി.വി
Thursday, 1st January 2026, 11:21 am

ടെല്‍അവീവ്: ഗസയ്‌ക്കെതിരായ അക്രമത്തില്‍ ഇസ്രഈലിനെതിരെ ആയുധ ഉപരോധമടക്കം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്(ഡബ്‌ള്യു.സി.സി)  ഗസയിലെ വംശഹത്യയ്ക്കും ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രഈലിന്റെ അക്രമങ്ങള്‍ക്കും എതിരെയാണ് ആവശ്യം.

കൗണ്‍സിലിന്റെ നിലപാട് മനുഷ്യാവകാശങ്ങളിലും അന്താരാഷ്ട്ര നിയമങ്ങളിലും അധിഷ്ടിതമാണെന്ന് ഡബ്‌ള്യു.സി.സിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫലസ്തീനിലേയും ഇസ്ഈല്‍ അധിനിവേശ പ്രദേശങ്ങളിലേയും എക്യുമെനിക്കല്‍ അക്കോംപാനിമെന്റ് പ്രോഗ്രാമിന്റെ പ്രാദേശിക കോര്‍ഡിനേറ്റര്‍ ഇസ്‌ക്കന്ദര്‍ മജല്‍ട്ടന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മേഖലയിലെ അക്രമണങ്ങളും അതിശക്തമായ കഷ്ടപ്പാടുകളും കൗണ്‍സിലിനെ വളരെ അധികം ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ അഭൂതപൂര്‍വ്വമായ മാനുഷിക ദുരന്തത്തെയാണ് ഗസ അഭിമുഖീകരിക്കുന്നത്. അക്രമത്തിന്റെ ദുരന്ത ചക്രം 2023 ഒക്‌ടോബറില്‍ ആരംഭിച്ചതല്ല, മറിച്ച് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അധിനിവേശത്തിന്റെയും ഗസയില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെയും വ്യവസ്ഥാപിത അസമത്വത്തിന്റെയും ഫലമാണ്’ അദ്ദേഹം പറഞ്ഞു.

ജനുവരി മുതല്‍ ഗസയിലെ അന്താരാഷ്ട്ര മാനുഷിക സഹായ ഗ്രൂപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന ഇസ്രഈലിന്റെ പ്രഖ്യപനത്തിന് പിന്നാലെയാണ് ഡബ്‌ള്യു.സി.സിയുടെ പ്രസ്താവന.

സഹായ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന നടപടി ജീവന്‍ രക്ഷാ സഹായം ജനങ്ങളിലേക്ക് എത്തുന്നത് തടസ്സപ്പെടുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് മേധാവി ഹഡ്ക ലഹ്ബീബ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇസ്രഈലിന്റെ ഈ പ്രഖ്യാപനം സംഘടനകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് നിരവധി എന്‍.ജി.ഒകളും പറഞ്ഞു. ഗസയിലേക്കെത്തുന്ന സഹായത്തിന്റെ അളവ് ഇതിനകം തന്നെ അപര്യാപ്തമാണന്നും സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.

ഗസയിലെ സാഹചര്യം ദുരന്തകരമായ തലങ്ങളില്‍ എത്തിയിട്ടുണ്ടെന്നും കഠിനമായ ശൈത്യകാല സാഹചര്യങ്ങള്‍ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്നും സ്വിസ് ഫെഡറല്‍ വിദേശകാര്യ വകുപ്പ് ബുധനാഴ്ച്ച പറഞ്ഞു.

ഗസയിലേക്ക് മാനുഷിക സഹായം ലഭ്യമാക്കുന്നതിനായി കൂടുതല്‍ ക്രോസിംഗുകള്‍ തുറക്കാനും സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ് ഇസ്രഈല്‍ അധികൃതരോട് ആവശ്യപ്പെട്ടു.

യുണൈറ്റഡ് കിംഗ്ഡം, കാനഡ,ഡെന്‍മാര്‍ക്ക്,ഫിന്‍ലാന്‍ഡ്, ഫാര്‍സ്, ഐസ് ലാന്‍ഡ്, ജപ്പാന്‍, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി സമാനമായ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രസ്താവന.

ഒക്ടോബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഒരു ദിവസം 600 സഹായ ട്രക്കുകളെ കടത്തിവിടാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ നൂറുമുതല്‍ 300 വരെ ട്രക്കുകള്‍ കടത്തിവിടാന്‍ മാത്രമേ ഇസ്രഈല്‍ അനുവദിക്കുന്നുള്ളു.

എന്നാല്‍ അധിനിവേശ ശക്തിയെന്ന നിലയില്‍ ഫലസ്തീനികളുടെ അതിജീവനത്തിനാവശ്യമായ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നുവെന്ന് ഉറുപ്പാക്കേണ്ടത് ഇസ്രാഈലിന്റെ നിയമപരമായ ബാധ്യതയാണെന്ന് ഒക്ടോബര്‍ 22ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഇസ്രഈലിനോട് ഐ.സി.ജെ ഉത്തരവിട്ടിരുന്നു.

Content Highlight:Attack on Gaza; Arms embargo should be imposed on Israel: World Council of Churches

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.