സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘പൂര്‍ത്തിയായി’; മഞ്ഞപ്പടയുടെ നായകന്‍ ജിങ്കനെ റാഞ്ചാനൊരുങ്ങി കൊല്‍ക്കത്ത
സ്പോര്‍ട്സ് ഡെസ്‌ക്
Monday 9th April 2018 9:31am

കൊച്ചി: ഐ.സ്.എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ കേരളാ ബ്ലാസ്റ്റേഴ്‌സിനു സൂപ്പര്‍ കപ്പിലും നിരാശ മാത്രമായിരുന്നു ഫലം. നോക്കൗട്ട് റൗണ്ടില്‍ ഐ ലീഗ് റണ്ണേഴ്‌സ് അപ്പായ നെറോക്ക എഫ്.സിയോട് 3- 2 നു പരാജയയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ മാത്രമായിരുന്നു നല്‍കിയത്. എന്നാല്‍ ഐ.എസ്.എല്‍ ക്ലബ്ബുകളില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മഞ്ഞപ്പടയുടെ ആരാധകരെ ഒന്നാകെ നിരാശരാക്കുന്നതാണ്.

ഐ.എസ്.എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരളത്തിനായി കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാനു വേണ്ടി എ.ടി.കെ കൊല്‍ക്കത്ത രംഗത്തെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ സ്‌പോര്‍ട്‌സ് കീഡയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത സീസണിലേക്ക് തങ്ങളുടെ പ്രതിരോധ നിരയെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൊല്‍ക്കത്ത ജിങ്കാനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

ഈ സീസണില്‍ 18 മത്സരങ്ങളില്‍ നിന്നായി 30 ഗോളുകളാണ് കൊല്‍ക്കത്ത വഴങ്ങിയിരിക്കുന്നത്. ഡല്‍ഹി ഡൈനാമോസിന്റെ 37 കഴിഞ്ഞാല്‍ കൊല്‍ക്കത്തയാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെയാണ് മികച്ച പ്രതിരോധ ഭടനെ തേടി കൊല്‍ക്കത്തന്‍ മാനേജ്‌മെന്റ് കേരള നായകനിലേക്ക് എത്തിയിരിക്കുന്നത്.

കേരളത്തിന്റെ പ്രതിരോധ നിരയെ ഒറ്റയ്ക്ക് നയിക്കുന്ന ജിങ്കനെ ടീമിന് നഷ്ടമായാല്‍ വരുന്ന സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനത് കനത്ത തിരിച്ചടിയാകും. മലയാളിത്താരവും ജംഷദ്പൂര്‍ എഫ്.സിയുടെ പ്രതിരോധ ഭടനുമായിരുന്ന അനസ് എടത്തൊടികയെ ടീമിലെത്തിച്ച ബ്ലാസ്‌റ്റേഴ്‌സ് ജിങ്കനും അനസും ചേര്‍ന്ന് അടുത്ത സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കവേയാണ് ജിങ്കനെ നഷ്ടപ്പെടുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Advertisement