ഇന്റര്‍വ്യൂവില്‍ എന്തൊക്കെയോ പറയുന്നു, അവര് തന്നെ ചിരിക്കുന്നു... അതിരടിയുടെ പ്രൊമോഷനെയും ബേസിലിനെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
ഇന്റര്‍വ്യൂവില്‍ എന്തൊക്കെയോ പറയുന്നു, അവര് തന്നെ ചിരിക്കുന്നു... അതിരടിയുടെ പ്രൊമോഷനെയും ബേസിലിനെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Saturday, 9th May 2026, 11:59 am

അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപേജുകളില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അതിരടി. ബേസിലും ടൊവിനോയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ അനിരുദ്ധനാണ്. മിന്നല്‍ മുരളിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന അരുണ്‍ തന്റെ ഗുരുവിനെ നായകനാക്കി സിനിമ ഒരുക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്.

കോമഡി ആക്ഷന്‍ എന്റര്‍ടൈനറായൊരുങ്ങുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ട്രെയ്‌ലര്‍ പുറത്തുവന്നില്ലെങ്കിലും ചിത്രത്തിലെ പാട്ടുകള്‍ വളരെ വേഗത്തില്‍ ശ്രദ്ധ നേടി. പ്രധാന താരങ്ങളെല്ലാം ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടൊവിനോ, ബേസില്‍, ഷാന്‍ റഹ്‌മാന്‍, വിനീത് ശ്രീനിവാസന്‍, റിയ ഷിബു എന്നിവരാണ് കൂടുതലായും അഭിമുഖങ്ങള്‍ നല്‍കുന്നത്.

അതിരടി പ്രൊമോഷന്‍ Photo: Screen grab/ VibeFM

സിനിമയുടെ മൂഡിനനുസരിച്ച് ഫണ്‍ നിറഞ്ഞ ഇന്റര്‍വ്യൂകളാണ് പലതും. ടൊവിനോയും ബേസിലും തമ്മിലുള്ള ബോണ്ടും വിനീത് ശ്രീനിവാസനും ബേസിലും തമ്മിലുള്ള കൗണ്ടറുകളും നിറഞ്ഞ അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ തുറന്നാല്‍ കാണാനാവുക. എന്നാല്‍ അതിരടിയുടെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകള്‍ക്കെതിരെ വിമര്‍ശനവുമായി ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാ ഇന്റര്‍വ്യൂയിലും ബേസിലിന്റെ സ്ഥിരം ശൈലിയിലുള്ള ചിരി അരോചകമായി തുടങ്ങിയിട്ടുണ്ടെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. പരസ്പരം കളിയാക്കിയ ശേഷം ബേസില്‍ തന്നെ അതിന് ചിരിക്കുമെന്നും അത് കാണുമ്പോള്‍ മറ്റാര്‍ക്കും ചിരി വരുന്നില്ലെന്നും പോസ്റ്റുകളുണ്ട്. സ്വയം തമാശ പറഞ്ഞ് അതിന് സ്വയം ചിരിക്കുന്നത് ബോറടിയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.

ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ ഇതുതന്നെയാണ് കാണുന്നതെന്നും മുഴുവന്‍ കണ്ടുകഴിഞ്ഞാലും ഒരിടത്തുപോലും ചിരി വരാറില്ലെന്നും കമന്റുകളുണ്ട്. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്റര്‍വ്യൂവില്‍ 13 മിനിറ്റും ബേസിലിന്റെ ചിരി മാത്രമാണെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്.

താത്പര്യമില്ലെങ്കില്‍ സ്‌കിപ് ചെയ്താല്‍ പോരെയെന്നും ആരും നിര്‍ബന്ധിച്ച് കാണിക്കുന്നില്ലെന്നുമാണ് പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍. ചിരി വരാത്തത് ബേസിലിന്റെയോ ടൊവിനോയുടെയോ കുഴപ്പമല്ലെന്നും ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കുന്നവരുടെ കുഴപ്പമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വന്‍ താരനിര അണിനിരക്കുന്ന അതിരടി മെയ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Athiradi Promotions and Interviews getting criticisms in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം