ദൃശ്യത്തിന്റെ ഓളത്തില്‍ മുങ്ങിപ്പോയ അതിരടി; കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിത് ഇത്രമാത്രം
Malayalam Cinema
ദൃശ്യത്തിന്റെ ഓളത്തില്‍ മുങ്ങിപ്പോയ അതിരടി; കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിത് ഇത്രമാത്രം
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 7th June 2026, 4:45 pm

മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മികച്ച അവധിക്കാലമായിരുന്നു കഴിഞ്ഞുപോയത്. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ സമാനതകളില്ലാത്ത ആസ്വാദന അനുഭവമായിരുന്നു സിനിമാ പ്രേമികള്‍ക്ക് ലഭിച്ചത്. സവിന്‍ സാ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ വാഴ 2 മുതല്‍, മോഹിനിയാട്ടവും, പേട്രിയറ്റും, അതിരടിയും ദൃശ്യം 3യും എല്ലാം ചേര്‍ന്നപ്പോള്‍ വലിയ ബിസിനസായിരുന്നു മോളിവുഡില്‍ നടന്നത്.

കൂട്ടത്തില്‍ ഫണ്‍ ആക്ഷന്‍ എന്റര്‍ടെയിനറായി മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത അതിരടി. ബേസില്‍ ജോസഫ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയില്‍ തിയേറ്ററുകളിലെത്തിയ അതിരടിയില്‍ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍, റിയ ഷിബു, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയും അണിനിരന്നിരുന്നു.

അതിരടി. Photo: X.com

മെയ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനങ്ങളില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ഡീഗ്രഡിങ്ങിന് ചിത്രം ഇരയായിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ മറ്റ് ചിത്രങ്ങളുടെ എതിര്‍പ്പുകളൊന്നുമില്ലാതെ മികച്ച മുന്നേറ്റം നടത്തിയതോടെ മികച്ച കളക്ഷന്‍ നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഈ സ്ഥിതിയ്ക്ക ഒരാഴ്ച്ച മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. വമ്പന്‍ ഹൈപ്പില്‍ ദൃശ്യം 3യുമായി മോഹന്‍ലാല്‍ എത്തിയതോടെ അതിരടിയുടെ ഷോ ഗണ്യമായി കുറയുന്ന കാഴ്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.

43 കോടിയോളം ആദ്യ ദിനം കളക്ഷന്‍ നേടുകയും പോസിറ്റീവ് റിപ്പോര്‍ട്ട് സ്വന്തമാക്കുകയും ചെയ്തതോടെ ദൃശ്യം 3 ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീട് അതിരടിയ്ക്ക് തിരിച്ചുവരവിനുള്ള യാതൊരു സാധ്യതയും ബോക്‌സ് ഓഫീസില്‍ ഉണ്ടായിരുന്നില്ല. ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും ആകെ നേടിയതാകട്ടെ 36 കോടിയോളമായിരുന്നു. ഒരാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ദൃശ്യം 3 ഇതിനോടകം 83 കോടി സ്വന്തമാക്കിയിട്ടുണ്ട്.

അതിരടി. Photo: X.com

അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ അതിരടി 69 കോടിയിലധികം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ അര്‍ഹിച്ചിട്ടുണ്ടെന്നായിരുന്നു പ്രേക്ഷകരുടെ വാദം. ഒരുപക്ഷേ ദൃശ്യം 3യുടെ ഭീഷണി ചിത്രത്തിനില്ലായിരുന്നെങ്കില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി ചിത്രത്തിന് 50 കോടി സ്വന്തമാക്കാന്‍ സാധിക്കുമെന്നായിരുന്നു പലരുടെയും വിലയിരുത്തല്‍.

Content Highlight: Athiradi gets low collection in Drishyam 3’s domination in box office

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.