| Thursday, 27th February 2025, 11:51 am

ഗില്ലി റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്, തൃഷയുടെ വേഷത്തില്‍ മമിത ബൈജുവിനെയും വിജയ് സാറിന് പകരം ആ നടനെയും കാസ്റ്റ് ചെയ്യും: അശ്വത് മാരിമുത്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ ചിത്രം ഇതിനോടകം 50 കോടിക്കുമുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു. നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രത്തിലൂടെ 100 കോടി എന്ന മാജിക്കല്‍ ഫിഗര്‍ പ്രദീപ് കടക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ഓ മൈ കടവുളേ എന്ന ചിത്രം ഒരുക്കിയ അശ്വത് മാരിമുത്തുവാണ് ഡ്രാഗണ്‍ സംവിധാനം ചെയ്തത്.

സൂപ്പര്‍ താരങ്ങളുടെ പഴയ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഏതൊക്കെ സിനിമ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അശ്വത് മാരിമുത്തു. വിജയ്‌യുടെ സിനിമകളില്‍ ഗില്ലി റീമേക്ക് ചെയ്യാനാണ് ആഗ്രഹമെന്ന് അശ്വത് പറഞ്ഞു. വിജയ് ചെയ്ത വേഷത്തിലേക്ക് താന്‍ പ്രദീപ് രംഗനാഥനെ കാസ്റ്റ് ചെയ്യുമെന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരിക്കും തന്റെ റീമേക്കെന്നും അശ്വത് കൂട്ടിച്ചേര്‍ത്തു.

ആക്ഷന്‍ സീനുകള്‍ തനിക്ക് വഴങ്ങുമെന്ന് ഡ്രാഗണിലൂടെ പ്രദീപ് തെളിയിച്ചെന്നും ഗില്ലി റീമേക്ക് ചെയ്യാന്‍ അതൊരു ധൈര്യം തന്നെന്നും അശ്വത് മാരിമുത്തു കൂട്ടിച്ചേര്‍ത്തു. തൃഷ ചെയ്ത നായികാവേഷത്തിലേക്ക് മമിത ബൈജുവിനെ കാസ്റ്റ് ചെയ്യാന്‍ താത്പര്യമുണ്ടെന്നും അശ്വത് പറഞ്ഞു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വത് ഇക്കാര്യം പറഞ്ഞത്.

‘വിജയ് സാറിന്റെ ഏതെങ്കിലും സിനിമ റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ഗില്ലി തെരഞ്ഞെടുക്കും. അദ്ദേഹം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് അത്. വിജയ് സാറിന്റെ റോളിലേക്ക് ഞാന്‍ പ്രദീപ് രംഗനാഥനെ കാസ്റ്റ് ചെയ്യും. ആക്ഷന്‍ സീനുകള്‍ പ്രദീപിന് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമെന്ന് ഡ്രാഗണിലൂടെ എല്ലാവരും കണ്ടതാണല്ലോ.

തൃഷ മാം ചെയ്ത വേഷം മമിത ബൈജു ചെയ്താല്‍ നല്ലാതിയിരിക്കുമെന്നാണ് എന്റെ അഭിപ്രായം. പഴയ ഗില്ലിയില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു ട്രീറ്റ്‌മെന്റില്‍ കഥ പറയുന്ന റീമേക്കായിരിക്കും ചെയ്യുക. പക്ഷേ, ഒറിജിനലിലെ എല്ലാ ഇമോഷനും അതുപോലെ കൊണ്ടുപോകുന്ന ചിത്രം തന്നെയായിരിക്കും എന്റേത്,’ അശ്വത് മാരിമുത്തു പറഞ്ഞു.

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 35 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. അനുപമ പരമേശ്വരനും കയേദു ലോഹറുമാണ് ചിത്രത്തിലെ നായികമാര്‍. സംവിധായകരായ മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, കെ.എസ്. രവികുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലിയോണ്‍ ജെയിംസാണ് ചിത്രത്തിന്റെ സംഗീതം. എ.ജി.എസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Aswath Marimuthu saying he wish to remake Ghilli with Pradeep Ranganathan and Mamitha Baiju

We use cookies to give you the best possible experience. Learn more