ആദ്യ അഞ്ചില്‍ വെറും മൂന്ന് പോയിന്റ്, അവസാന പത്തില്‍ തോല്‍വിയറിഞ്ഞത് ഒരൊറ്റ മത്സരത്തില്‍; കുതിപ്പുമായി വില്ലന്‍സ്
Football
ആദ്യ അഞ്ചില്‍ വെറും മൂന്ന് പോയിന്റ്, അവസാന പത്തില്‍ തോല്‍വിയറിഞ്ഞത് ഒരൊറ്റ മത്സരത്തില്‍; കുതിപ്പുമായി വില്ലന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th December 2025, 3:39 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ ആസ്റ്റണ്‍ വില്ല തകര്‍ത്തെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു വില്ലന്‍സിന്റെ വിജയം. അവസാന മിനിട്ടിലെ ഗോളിലൂടെയാണ് ടീം സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വിജയിച്ചത്.

പരാജയമറിയാതെ മാസങ്ങളായുള്ള ആഴ്‌സണലിന്റെ കുതിപ്പിന് വിരാമമിട്ടാണ് ടീം വിജയം സ്വന്തമാക്കിയത്. വിജയത്തോടെ വില്ലന്‍സ് നേടിയെടുത്തത് മൂന്ന് പോയിന്റ് മാത്രമല്ല പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനം കൂടിയാണ്. അതിനൊപ്പം അവര്‍ക്ക് തങ്ങളുടെ വിജയത്തിന്റെ സ്ട്രീക്ക് നീട്ടാനും സാധിച്ചു.

ആഴ്‌സണൽ – ആസ്റ്റൺ വില്ല മത്സരത്തിൽ നിന്നും Photo: Premier League/x.com

നിലവില്‍ വില്ലന്‍സിന് അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും വിജയിക്കാനായി. അവസാനത്തെ പത്ത് മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒന്നില്‍ മാത്രമാണ് ടീം തോറ്റത്. ബാക്കിയെല്ലാ മത്സരങ്ങളിലും ടീം വിജയിച്ച് മൂന്ന് പോയിന്റും സ്വന്തം അക്കൗണ്ടിലെത്തിച്ചു.

സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളോടെ തുടങ്ങിയതിന് ശേഷമാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഈ കുതിപ്പ്. ലീഗിലെ തങ്ങളുടെ ആദ്യ അഞ്ച് മത്സരത്തില്‍ ഒന്ന് പോലും ആസ്റ്റണ്‍ വില്ലയ്ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഈ മത്സരങ്ങളില്‍ നിന്ന് ടീമിന് നേടിയെടുക്കാന്‍ സാധിച്ചത് വെറും മൂന്ന് പോയിന്റാണ്.

ഈ മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ്, എവര്‍ട്ടണ്‍, സണ്ടര്‍ലാന്‍ഡ് എന്നിവരോട് സമനില വഴങ്ങി. രണ്ടെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. ബ്രെന്റ്‌ഫോര്‍ഡിനോടും ക്രിസ്റ്റല്‍ പാലസിനോടുമായിരുന്നു വില്ലന്‍സ് തോല്‍വി ഏറ്റുവാങ്ങിയത്. അതിന് ശേഷമാണ് ടീം ഈ തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തിയതും പോയിന്റ് ടേബിളിലും മുന്നേറിയതും.

ആഴ്‌സണൽ – ആസ്റ്റൺ വില്ല മത്സരത്തിൽ നിന്നും Photo: Arsenal News Channel/x.com

അതേസമയം, മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ വില്ലന്‍സ് മുന്നിലെത്തിയിരുന്നു. 36ാം മിനിട്ടില്‍ മാറ്റി കാശാണ് ടീമിനായി പന്ത് വലയിലെത്തിച്ചത്. ഒന്നാം പകുതി ഇതേ സ്‌കോറില്‍ അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഗണ്ണേഴ്സ് തിരിച്ചടിച്ചു.

ലിയാന്‍ഡ്രോ ട്രോസാഡായിരുന്നു ലീഗിലെ ടേബിള്‍ ടോപ്പേഴ്സിനായി പന്ത് വലയിലെത്തിച്ചത്. 52ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഈ സമനില ഗോള്‍. അതിന് ശേഷം ഇരുടീമിലെയും താരങ്ങള്‍ ഗോളെന്ന് ലക്ഷ്യത്തില്‍ കുതിച്ചു. എന്നാല്‍, അവയൊന്നും ഫലം കണ്ടില്ല.

എന്നാല്‍, കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഴ്‌സണലിനെ ഞെട്ടിച്ച് വില്ലന്‍സ് വലയിലെത്തിച്ചു. എമി ബുവെന്‍ഡിയയാണ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിട്ടിലായിരുന്നു ഈ ഗോള്‍. അതോടെ ടീം വിജയിച്ച് മൂന്ന് പോയിന്റും സ്വന്തമാക്കി.

Content Highlight: Aston Villa are now on a 5 -game winning streak after starting season with just 3 points from their first 5 matches in English Premier League